മഞ്ചേരി: സെപ്റ്റംബര്‍ ഒമ്പതിനുശേഷവും 30ന് മുമ്പായും വാര്‍ഷിക പദ്ധതികള്‍ സമര്‍പ്പിക്കുന്ന തദ്ദേശസ്ഥാപനങ്ങള്‍ക്ക് പദ്ധതി വിഹിതത്തില്‍ അഞ്ച് ശതമാനവും സെപ്റ്റംബര്‍ 30ന് ശേഷം സമര്‍പ്പിക്കുന്ന സ്ഥാപനങ്ങള്‍ക്ക് 10 ശതമാനവും വാര്‍ഷിക വിഹിതത്തില്‍ കുറവ് വരുത്താന്‍ തീരുമാനം. സമയത്തിന് പദ്ധതികള്‍ തയാറാക്കി നല്‍കുന്നതില്‍ വീഴ്ച വരുത്തിയതിനുള്ള പിഴയാണിത്. കുറവ് വരുത്തുന്ന തുക പ്രവര്‍ത്തനമികവ് തെളിയിക്കുന്ന തദ്ദേശസ്ഥാപനങ്ങള്‍ക്ക് നല്‍കാനും സര്‍ക്കാര്‍ തീരുമാനിച്ചു.
പഞ്ചായത്തുകള്‍ക്ക് പതിവായി വാര്‍ഷികപദ്ധതി നിര്‍വഹണത്തിന് ഒരു വര്‍ഷമുണ്ടാവാറുണ്ടെങ്കിലും അംഗീകാരം വാങ്ങാന്‍ തന്നെ നവംബര്‍, ഡിസംബര്‍ വരെ കാത്തിരിക്കലാണ് രീതി. പിന്നീട് വ്യക്തിഗത ആനുകൂല്യ വിതരണം ആദ്യം പൂര്‍ത്തിയാക്കുകയും ടെന്‍ഡര്‍ പൂര്‍ത്തിയാക്കി നിര്‍മാണം നടത്തേണ്ടവ വര്‍ഷാവസാനത്തേക്ക് മാറ്റിവെക്കുകയും ചെയ്യുന്നതിനാല്‍ സ്പില്‍ ഓവറാവുകയും പൂര്‍ത്തിയാക്കാതെ പണം അനുവദിച്ച് നല്‍കേണ്ടി വരികയും ചെയ്യാറുണ്ട്. ഇത്തരം ക്രമക്കേടുകള്‍ തടയാന്‍ കൂടിയാണ് അംഗീകാരത്തിന് സമര്‍പ്പിക്കുന്നതില്‍ വീഴ്ച വന്നാല്‍ വികസനഫണ്ടില്‍ കുറവ് വരുത്താന്‍ തീരുമാനിച്ചത്.
വികേന്ദ്രീകരണാസൂത്രണ സംസ്ഥാനതല കോഓഡിനേഷന്‍ കമ്മിറ്റിയാണ് തീരുമാനം കൈക്കൊണ്ടത്. മൂന്ന് തീയതികള്‍ മാറ്റി നല്‍കിയിട്ടും വലിയൊരു വിഭാഗം തദ്ദേശസ്ഥാപനങ്ങളും പദ്ധതികള്‍ തയാറാക്കി നല്‍കിയിട്ടില്ല. തുറസായ സ്ഥലത്തെ മലമൂത്രവിസര്‍ജനം തടയല്‍ (ഒ.ഡി.എസ്) പദ്ധതി പ്രകാരം ഇരുനൂറ്റമ്പതോ അതില്‍ കൂടുതലോ കക്കൂസ് നിര്‍മിക്കുന്ന പഞ്ചായത്തുകളില്‍ ലഭിക്കുന്ന കേന്ദ്രവിഹിതത്തിന് തുല്യമായ തുക അതേ പഞ്ചായത്തുകളുടെ വികസനഫണ്ടില്‍ വര്‍ധിപ്പിക്കും. പഞ്ചായത്തുകളുടെ പട്ടിക ശുചിത്വാരോഗ്യമിഷന്‍ നല്‍കും. റോഡിതര അറ്റകുറ്റപ്പണിക്കുള്ള ഫണ്ട് വിനിയോഗിച്ച് അങ്കണവാടികള്‍ക്ക് കെട്ടിടം നിര്‍മിക്കാനും സര്‍ക്കാര്‍ അനുമതി നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.