ആറുവയസ്സുകാരനെ പിതാവ് കൊലപ്പെടുത്തി പൊട്ടക്കിണറ്റില്‍ തള്ളി

പെരുമ്പാവൂര്‍: ആറുവയസ്സുകാരനെ കൊലപ്പെടുത്തി പിതാവ് മൃതദേഹം ചാക്കില്‍ കെട്ടി പൊട്ടക്കിണറ്റില്‍ തള്ളി. പെരുമ്പാവൂര്‍ കോടനാട് മീമ്പാറയിലാണ് മന$സാക്ഷിയെ നടുക്കിയ സംഭവം. മീമ്പാറ ചൂരമുടി വെള്ളപ്ളാവില്‍ വീട്ടില്‍ ബാബുവാണ് (37) ഏകമകന്‍ വസുദേവിനെ കൊന്ന് ചാക്കില്‍ കെട്ടി വീടിന് സമീപത്തെ പൊട്ടക്കിണറ്റില്‍ തള്ളിയത്. നാല് ദിവസത്തിന് ശേഷം പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി ഇയാള്‍ തന്നെയാണ് കൊലപാതക വിവരം വെളിപ്പെടുത്തിയത്. വാണിയപ്പിള്ളി ഗവ. യു.പി സ്കൂള്‍ യു.കെ.ജി വിദ്യാര്‍ഥിയായിരുന്നു വസുദേവ്. സോമില്‍ തൊഴിലാളിയായ ബാബുവിന്‍െറ അറസ്റ്റ് രേഖപ്പെടുത്തി.

നാലു വര്‍ഷമായി ഓണഫണ്ട് എന്ന പേരില്‍ സമ്പാദ്യ പദ്ധതി നടത്തി വന്ന ബാബു ഇടപാടുകാര്‍ക്ക് കൊടുക്കേണ്ട പണം കണ്ടത്തൊനാവാതെ വന്നതോടെ ഏകമകനെ കൊലപ്പെടുത്തി ആത്മഹത്യക്ക് തീരുമാനിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. 80,000 രൂപയോളം ഇയാള്‍ക്ക് ബാധ്യതയുണ്ടായിരുന്നു. ചുണങ്ങംവേലിയിലെ സ്വകാര്യ ആശുപത്രിയില്‍ ജീവനക്കാരിയായ ഭാര്യ രാജിമോളുടെ മേതലയിലുള്ള സഹോദരിയുടെ വീട്ടില്‍ പോയിരുന്ന വസുദേവിനെ വെള്ളിയാഴ്ച രാത്രിയാണ് ബാബു വിളിച്ചുകൊണ്ടുവന്നത്. ഭാര്യ രാത്രി ഡ്യൂട്ടിക്ക് പോയിരുന്നതിനാല്‍ വീട്ടില്‍ മറ്റാരുമുണ്ടായിരുന്നില്ല. വെളുപ്പിന് 1.30ന് ഉറങ്ങിക്കിടന്ന വസുദേവിനെ ശ്വാസം മുട്ടിച്ച് കൊന്നശേഷം അരിച്ചാക്കില്‍ കെട്ടി സമീപത്തെ പറമ്പിലെ പൊട്ടക്കിണറ്റില്‍ തള്ളുകയായിരുന്നെന്നാണ് പൊലീസ് പറയുന്നത്.

മൃതദേഹം തള്ളിയ ശേഷമാണ് കിണറ്റില്‍ വെള്ളമില്ളെന്ന വിവരം മനസ്സിലായത്. തുടര്‍ന്ന് ദുര്‍ഗന്ധം പുറത്ത് വരാതിരിക്കാന്‍ മുകളില്‍ മണ്ണിട്ട് മൂടി. തുടര്‍ന്ന് പുലര്‍ച്ചെ ചോറ്റാനിക്കരയിലേക്കും ഞായറാഴ്ച പളനിയിലേക്കും പോയതായാണ് ഇയാള്‍ നല്‍കിയ മൊഴി. ഞായറാഴ്ച രാത്രി തന്നെ തിരിച്ചുപോന്നു. ചൊവ്വാഴ്ച രാവിലെ 6.30ന് കോടനാട് സ്റ്റേഷനില്‍ കീഴടങ്ങുകയായിരുന്നു. ഞായറാഴ്ച രാവിലെ മകനെയും ഭര്‍ത്താവിനെയും കാണാനില്ളെന്ന് കാണിച്ച് ഭാര്യ രാജിമോള്‍ സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. എസ്.പി. പി.എന്‍. ഉണ്ണിരാജന്‍െറ നേതൃത്വത്തില്‍ ഡി.വൈ.എസ്.പി സുദര്‍ശനന്‍, സി.ഐ. ബൈജു പൗലോസ് എന്നിവരാണ് കേസ് അന്വേഷിച്ചത്. മൃതദേഹം ആലപ്പുഴ മെഡിക്കല്‍ കോളജില്‍ പൊലീസ് സര്‍ജന്‍െറ നേതൃത്വത്തില്‍ പോസ്റ്റ്മോര്‍ട്ടം നടത്തി ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.