കെ. ബാബുവിനെതിരെ വിജിലന്‍സില്‍ വി.എം. രാധാകൃഷ്ണന്‍െറ മൊഴി

കൊച്ചി: ബാര്‍ കോഴ കേസില്‍ മുന്‍ മന്ത്രി കെ. ബാബുവിനെതിരെ ബാര്‍ ഹോട്ടലുടമ വി.എം. രാധാകൃഷ്ണന്‍ വിജിലന്‍സ് മുമ്പാകെ ഹാജരായി തെളിവു നല്‍കി. മുന്‍ മന്ത്രിയടക്കമുള്ളവര്‍ക്ക് നല്‍കാന്‍ ലീഗല്‍ ഫണ്ട് എന്ന പേരില്‍ ബാര്‍ ഹോട്ടല്‍ അസോസിയേഷന്‍ കോഴിക്കോട് ജില്ലാ കമ്മിറ്റി പിരിച്ച പണത്തിന്‍െറ കണക്കാണ് രാധാകൃഷ്ണന്‍ അന്വേഷണ ഉദ്യോഗസ്ഥനായ വിജിലന്‍സ് റേഞ്ച് ഡിവൈ.എസ്.പി ഫിറോസ് എം. ഷെഫീക് മുമ്പാകെ ഹാജരാക്കിയത്. 

സംസ്ഥാന നേതൃത്വത്തിന്‍െറ നിര്‍ദേശ പ്രകാരം ലീഗല്‍ ഫണ്ടിലേക്ക് സംസ്ഥാനത്തെ 14 ജില്ലകളിലെ ബാറുടമകളില്‍നിന്ന് അതത് ജില്ലാ ഘടകങ്ങള്‍ വഴി പണപ്പിരിവ് നടത്തിയതായി രാധാകൃഷ്ണന്‍ മൊഴി നല്‍കി. അസോസിയേഷന്‍ കോഴിക്കോട് ജില്ലാ കമ്മിറ്റി 20 ബാറുടമകളില്‍നിന്ന് 40 ലക്ഷം പിരിച്ചതായാണ് രേഖ. ജില്ലാ കമ്മിറ്റിയുടെ അക്കൗണ്ട്സ് സ്റ്റേറ്റ്മെന്‍റിന്‍െറ പകര്‍പ്പിലെ കണക്കാണ് ഹാജരാക്കിയത്. നേരത്തേ 500 രൂപയാണ് ലീഗല്‍ ഫണ്ടിലേക്ക് പിരിച്ചിരുന്നതെങ്കില്‍ 2012 മുതല്‍ ഈ തുക ലക്ഷമാക്കി. 2014ല്‍ രണ്ടുലക്ഷം രൂപ വീതമാണ് ഓരോ ബാറുടമയില്‍നിന്ന് ലീഗല്‍ ഫണ്ടിലേക്ക് പിരിച്ചത്.

സംസ്ഥാനത്തെ 700 ബാറുകളില്‍നിന്ന് 14 കോടി രൂപ ഇത്തരത്തില്‍ പിരിച്ചെന്നും ഇത് എക്സൈസ് മന്ത്രിയായിരുന്ന കെ. ബാബുവിനും അദ്ദേഹം നിര്‍ദേശിച്ചവര്‍ക്കുമാണ് നല്‍കിയതെന്നും രാധാകൃഷ്ണന്‍ മൊഴി നല്‍കി. വരുംദിവസങ്ങളില്‍ കൂടുതല്‍ തെളിവുകള്‍ ഹാജരാക്കാന്‍ തയാറാണെന്നും അദ്ദേഹം വിജിലന്‍സിനെ അറിയിച്ചു.

ലീഗല്‍ ഫണ്ട് എന്ന പേരില്‍ ബാറുടമകളില്‍നിന്ന് പിരിച്ച കണക്ക് ഹാജരാക്കുന്നതുമായി ബന്ധപ്പെട്ട് ബാര്‍ ഹോട്ടല്‍ അസോസിയേഷന്‍ പിളരുകയും വി.എം. രാധാകൃഷ്ണന്‍െറ നേതൃത്വത്തില്‍ കേരള ഹോട്ടല്‍ ഇന്‍ഡസ്ട്രിയലിസ്റ്റ്സ് അസോസിയേഷന്‍ എന്ന പേരില്‍ സംഘടന രൂപംകൊള്ളുകയും ചെയ്തിരുന്നു. തുടര്‍ന്ന് രാധാകൃഷ്ണന്‍ വിജിലന്‍സ് ഡയറക്ടര്‍ക്ക് നല്‍കിയ പരാതിയിലാണ് ഇപ്പോള്‍ അന്വേഷണം നടക്കുന്നത്. ബാര്‍ ഹോട്ടല്‍ അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റിയുടെ അക്കൗണ്ട് വിവരങ്ങളും കഴിഞ്ഞ ദിവസം അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്.

രാധാകൃഷ്ണന്‍ നല്‍കിയ മൊഴിയുടെ ചുവടുപിടിച്ച് എല്ലാ ജില്ലകളിലെയും ബാര്‍ ഹോട്ടല്‍ അസോസിയേഷന്‍ ഭാരവാഹികളോടും അക്കൗണ്ട് വിവരങ്ങള്‍ ഹാജരാക്കാന്‍ വിജിലന്‍സ് ആവശ്യപ്പെട്ടേക്കും. അഞ്ചുവര്‍ഷത്തെ കണക്കാണ് സംസ്ഥാന കമ്മിറ്റിയുടേതായി ലഭിച്ചിരിക്കുന്നത്. സംസ്ഥാന, ജില്ലാ കമ്മിറ്റികളുടെ കണക്കുകളും രേഖകളും പരിശോധിച്ച ശേഷം ബാര്‍ ഹോട്ടല്‍ അസോസിയേഷന്‍ ഭാരവാഹികളില്‍നിന്ന് മൊഴിയെടുക്കാനും വിജിലന്‍സ് തീരുമാനിച്ചിട്ടുണ്ട്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.