പാലക്കാട്: പറമ്പിക്കുളം-ആളിയാര്‍ കരാര്‍ പ്രകാരം കേരളത്തിനുള്ള വെള്ളം നിഷേധിച്ച് തമിഴ്നാട് സര്‍ക്കാര്‍. ആളിയാര്‍ ഡാമിലേക്ക് ജലമൊഴുക്കുന്നത് നിര്‍ത്തിവെച്ചാണ് പറമ്പിക്കുളത്തുനിന്ന് വൈദ്യുതോല്‍പാദനത്തിന് 900 ക്യൂസെക്സ് വെള്ളം തിരിച്ചുവിടുന്നത്. തൂണക്കടവില്‍നിന്ന് ടണല്‍ വഴി തമിഴ്നാട് ഇലക്ട്രിസിറ്റി ബോര്‍ഡിന്‍െറ പവര്‍ ഹൗസില്‍ വെള്ളമത്തെിച്ചാണ് വൈദ്യുതി ഉല്‍പാദനം.
ഇവിടെനിന്ന് ഈ വെള്ളം കോണ്ടൂര്‍ കനാലിലൂടെ തിരുമൂര്‍ത്തി ഡാമിലേക്ക് തുറന്നുവിടുകയാണ് ചെയ്യുന്നത്. ആളിയാറിലേക്ക് വെള്ളം നല്‍കുന്നത് നിര്‍ത്തിവെച്ചാണ് മൂന്നുദിവസം മുമ്പ് പവര്‍ഹൗസിലേക്ക് വെള്ളം നല്‍കിത്തുടങ്ങിയത്. സെപ്റ്റംബര്‍ ഒന്നും രണ്ടും പാദങ്ങളിലായി തമിഴ്നാട് കേരളത്തിന് 700 ദശലക്ഷം ഘനയടി വെള്ളം നല്‍കണമെന്നാണ് വ്യവസ്ഥ.
ആളിയാറില്‍ ജലനിരപ്പ് കുറവായതിനാല്‍ 350 ദശലക്ഷം ഘനയടി മാത്രമേ നല്‍കാന്‍ കഴിയൂവെന്ന് തമിഴ്നാട് വ്യക്തമാക്കിയിരുന്നെങ്കിലും ഇതുപോലും പാലിച്ചില്ല. സെപ്റ്റംബര്‍ 26 വരെ 272 ദശലക്ഷം ഘനയടി വെള്ളം മാത്രമേ ആളിയാറില്‍നിന്ന് ചിറ്റൂര്‍ പുഴയിലേക്ക് തുറന്നുവിട്ടിട്ടുള്ളൂ. മൂന്ന് ദിവസംമുമ്പ് വെള്ളം നല്‍കുന്നത് പൂര്‍ണമായി നിര്‍ത്തി. ഇക്കാര്യത്തില്‍ അടിയന്തരമായി സര്‍ക്കാര്‍ ഇടപെടണമെന്ന് ജലവിഭവ വകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്.
നിലവിലുള്ള സാഹചര്യത്തില്‍ പറമ്പിക്കുളത്തുനിന്ന് വെള്ളം കിട്ടാതെ ചിറ്റൂര്‍ പുഴയിലേക്ക് വെള്ളം നല്‍കാനാവില്ല. ചിറ്റൂര്‍ താലൂക്കില്‍ 9,000 ഹെക്ടറിലുള്ള നെല്‍കൃഷി കെയ്തെടുക്കാന്‍ ഒരു നനകൂടി വേണം. രണ്ടാംവിളയ്ക്കും വെള്ളം ആവശ്യമാണ്. തിരുമൂര്‍ത്തിയിലേക്ക് പരമാവധി വെള്ളം തിരിച്ചുവിട്ട് പറമ്പിക്കുളത്ത് വെള്ളമില്ളെന്ന് വരുത്താനാണ് തമിഴ്നാട് ശ്രമം.
മന്ത്രിതല ഇടപെടല്‍ ഇന്നുണ്ടാവും
ആളിയാര്‍ ഡാമില്‍നിന്ന് പാലക്കാട് ചിറ്റൂരിലെ നെല്‍കൃഷിക്ക് പി.എ.പി കരാര്‍ പ്രകാരമുള്ള വെള്ളം ലഭ്യമാക്കാന്‍ ഇടപെടണമെന്നാവശ്യപ്പെട്ട് എം.എല്‍.എമാര്‍ മുഖ്യമന്ത്രി പിണറായി വിജയനെയും ജലസേചന മന്ത്രി മാത്യൂ ടി. തോമസിനെയും സന്ദര്‍ശിച്ചു.
ചിറ്റൂര്‍ എം.എല്‍.എ കെ. കൃഷ്ണന്‍കുട്ടി, നെന്മാറ എം.എല്‍.എ കെ. ബാബു എന്നിവരാണ് തിരുവനന്തപുരത്ത് മുഖ്യമന്ത്രിയെയും വകുപ്പു മന്ത്രിയെയും കണ്ടത്. തമിഴ്നാട് കരാര്‍ലംഘനം തുടരുകയാണെന്നും ഉടനടി സര്‍ക്കാര്‍തല ചര്‍ച്ച ആവശ്യമാണെന്നും നിവേദനത്തില്‍ ചൂണ്ടിക്കാട്ടി. പ്രശ്നത്തിന്‍െറ ഗൗരവമുണര്‍ത്തി സംയുക്ത ജലക്രമീകരണ ബോര്‍ഡും സര്‍ക്കാറിന് കത്ത് നല്‍കി.
ഇതിന്‍െറ വെളിച്ചത്തില്‍ വ്യാഴാഴ്ച വകുപ്പു മന്ത്രിയോ ചീഫ് സെക്രട്ടറി തലത്തിലോ തമിഴ്നാടിന് കത്ത് നല്‍കുമെന്നാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.