2014 മോഡല്‍ സമരഭീഷണിയില്‍ സ്കൂള്‍ കായികമേള

മലപ്പുറം: അശാസ്ത്രീയ അധ്യാപക പുനര്‍വിന്യാസത്തിനെതിരെ കായികാധ്യാപകരും കായികപഠന വിദ്യാര്‍ഥികളും രംഗത്തത്തെിയത് നവംബര്‍, ഡിസംബര്‍ മാസങ്ങളിലായി നടക്കേണ്ട സ്കൂള്‍ കായികമേളകളുടെ നടത്തിപ്പിന് ഭീഷണിയാവുന്നു. 2014ലെപ്പോലെ സമരത്തിനൊരുങ്ങുകയാണ് ഇവര്‍. അന്ന് കായിക വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും സമരം മൂലം ചരിത്രത്തിലാദ്യമായി സംസ്ഥാന സ്കൂള്‍ മീറ്റ് മാറ്റിവെച്ചിരുന്നു. തസ്തിക നഷ്ടപ്പെട്ട സ്പെഷലിസ്റ്റ് അധ്യാപകരെ രണ്ടോ, മൂന്നോ വിദ്യാലയങ്ങളില്‍ വിന്യസിച്ച് സംരക്ഷിക്കാനാണ് പുതിയ തീരുമാനം. ഒരു കായികാധ്യാപകന്‍ മൂന്ന് സ്കൂളില്‍ വരെ ജോലിയെടുക്കേണ്ടി വരുമ്പോള്‍ ഒരിടത്തും ഫലപ്രദമായ പരിശീലനം കുട്ടികള്‍ക്ക് ലഭിക്കാത്ത സ്ഥിതിയുണ്ടാകുമെന്ന് സംയുക്ത കായികാധ്യാപക സംഘടന ചൂണ്ടിക്കാട്ടുന്നു.
കായികാധ്യാപകരെ ദോഷകരമായി ബാധിക്കുന്ന ഉത്തരവ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് 2014 നവംബറില്‍ നടന്ന സമരത്തെ തുടര്‍ന്ന് മലപ്പുറം, കോഴിക്കോട്, തിരുവനന്തപുരം, പാലക്കാട്, ആലപ്പുഴ, ഇടുക്കി, കോട്ടയം, തൃശൂര്‍ ജില്ലാ കായികമേളകള്‍ തടസ്സപ്പെട്ടിരുന്നു. മലപ്പുറം എം.എസ്.പി മൈതാനത്ത് കായികവിദ്യാര്‍ഥികള്‍ മേള തടസ്സപ്പെടുത്തിയത് സംഘര്‍ഷത്തിലും ലാത്തിച്ചാര്‍ജിലുമാണ് കലാശിച്ചത്. അധ്യാപകരും ഇവര്‍ക്കൊപ്പം ഉറച്ചുനിന്നപ്പോള്‍ ഉത്തരവ് സര്‍ക്കാര്‍ പിന്‍വലിച്ചു.
കോഴിക്കോട് ഈസ്റ്റ്ഹില്‍ ഗവ. കോളജ് ഓഫ് ഫിസിക്കല്‍ എജുക്കേഷനിലെയും കാലിക്കറ്റ് സര്‍വകലാശാല കായിക പഠന വകുപ്പിലെയും വിദ്യാര്‍ഥികളായിരുന്നു മലപ്പുറത്ത് ലാത്തിയടിയേറ്റ സമരക്കാരില്‍ അധികവും.
 പ്രക്ഷോഭവുമായി ഇറങ്ങുന്ന പക്ഷം എല്ലാ പിന്തുണയും കായികാധ്യാപകര്‍ ഇവര്‍ക്ക് വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇക്കുറി സംസ്ഥാന കായികമേള നിശ്ചയിച്ചിരിക്കുന്നത് സര്‍വകലാശാല സിന്തറ്റിക് ട്രാക്കിലാണ്.
വളന്‍റിയര്‍ ഡ്യൂട്ടി ചെയ്യാറുള്ള കായിക വിദ്യാര്‍ഥികള്‍ പരസ്യ പ്രക്ഷോഭത്തിനിറങ്ങുകയും ഒഫിഷ്യല്‍സാവേണ്ട അധ്യാപകര്‍ നിസ്സഹകരിക്കുകയും ചെയ്താല്‍ കാര്യങ്ങള്‍ അവതാളത്തിലാവും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.