ഹജ്ജിന് സംസ്ഥാനത്തുനിന്ന് 21,758 അപേക്ഷകർ

തിരുവനന്തപുരം: സംസ്ഥാനത്തുനിന്ന് ഈ വർഷം ഹജ്ജ് കർമത്തിനായി 21,758 അപേക്ഷകർ. 1224 അപേക്ഷകൾ 70 പ്ലസ് റിസർവ് കാറ്റഗറിയിലും 3101 അപേക്ഷകൾ ലേഡീസ് വിത്തൗട്ട് മെഹറം (പുരുഷ സഹായമില്ലാത്ത സ്ത്രീ യാത്രക്കാർ) വിഭാഗത്തിലും 17,433 അപേക്ഷകൾ ജനറൽ വിഭാഗത്തിലുമാണ്. ഈ മാസം 15 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി. ഇതുവരെ 5200 കവർ നമ്പറുകൾ അനുവദിച്ചിട്ടുണ്ട്. ഈ വർഷത്തെ തീർഥാടനത്തിന്‍റെ മുന്നൊരുക്കം ചർച്ച ചെയ്യാൻ തൈക്കാട് ഗെസ്റ്റ് ഹൗസിൽ മന്ത്രി വി. അബ്ദുറഹ്മാന്‍റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് അപേക്ഷകരുടെ കണക്കുകൾ റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ വർഷം സംസ്ഥാനത്തുനിന്ന് 19,524 അപേക്ഷകളാണ് ലഭിച്ചത്. ഇതിൽ 11,252 പേർക്ക് ഹജ്ജിനുള്ള അവസരം ലഭിച്ചു.

ഹജ്ജ് അപേക്ഷകരുടെ സൗകര്യാർഥം സംസ്ഥാനത്ത് ഹജ്ജ് ട്രെയിനർമാരുടെ നേതൃത്വത്തിൽ 200ഓളം സേവന കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ട്. ഇവ കൂടാതെ, അക്ഷയ സെന്ററുകൾക്ക് പ്രത്യേക പരിശീലനം നൽകിയതായും മന്ത്രി അറിയിച്ചു. കഴിഞ്ഞ വർഷത്തെപോലെ മൂന്ന് എംബാർക്കേഷൻ പോയന്റുകളാണ് ഈ വർഷവും ഉള്ളത്. ഓരോ എംബാർക്കേഷൻ പോയന്റുകളിലും ആവശ്യമായ ക്രമീകരണങ്ങൾ നടത്തുന്നതിന് ബന്ധപ്പെട്ട കലക്ടർമാർക്ക് മന്ത്രി നിർദേശം നൽകി.

പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി ഓരോ എംബാർക്കേഷൻ പോയന്‍റും കേന്ദ്രീകരിച്ച് പ്രത്യേകം നോഡൽ ഓഫിസർമാരെ നിയമിക്കും. മക്കയിലും മദീനയിലും ഹാജിമാർക്ക് കുറ്റമറ്റ സൗകര്യമൊരുക്കുന്നതിന് കഴിഞ്ഞ വർഷം ചെയ്തതുപോലെ ഒരു നോഡൽ ഓഫിസറെ നിയമിക്കും. യോഗത്തിൽ ഹജ്ജ് കമ്മിറ്റി ചെയർമാൻ സി. മുഹമ്മദ് ഫൈസി, വഖഫ് ബോർഡ് ചെയർമാൻ എം.കെ. സക്കീർ, ന്യൂനപക്ഷ ക്ഷേമ വകുപ്പ് സെക്രട്ടറി മിനി ആന്റണി തുടങ്ങിയവർ പങ്കെടുത്തു.

Tags:    
News Summary - 21,758 applicants from the state for Hajj

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.