തൊടുപുഴ: ദേവികുളം താലൂക്കിലെ വിവാദ രവീന്ദ്രൻ പട്ടയങ്ങളിൽ ഇതുവരെ റദ്ദാക്കിയത് 230 എണ്ണം. ഒമ്പത് വില്ലേജിലായി നൽകിയ 530 പട്ടയത്തിൽനിന്നാണ് 230 എണ്ണം റദ്ദാക്കിയത്.സെപ്റ്റംബർ പകുതിയോടെ പുതിയ പട്ടയങ്ങൾ നൽകുന്നതിനുള്ള നടപടി വേഗത്തിലാക്കിയതായി റവന്യൂ വകുപ്പ് അധികൃതർ പറഞ്ഞു. 1999ൽ ഇ.കെ. നായനാർ മുഖ്യമന്ത്രിയായിരിക്കെ ദേവികുളം അഡീഷനൽ തഹസിൽദാറുടെ ചുമതല വഹിച്ച ഡെപ്യൂട്ടി തഹസിൽദാർ എം.ഐ. രവീന്ദ്രൻ താലൂക്കിലെ ഒമ്പത് വില്ലേജിലെ 4251 ഹെക്ടർ സ്ഥലത്തിന് നൽകിയ 530 പട്ടയം റദ്ദാക്കാൻ കഴിഞ്ഞ ജനുവരി 18നാണ് റവന്യൂ വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി ഉത്തരവിട്ടത്.
തുടർന്ന്, ഇതിന്‍റെ നടപടിക്രമങ്ങൾക്കായി 40ലധികം റവന്യൂ ഉദ്യോഗസ്ഥരെ പ്രത്യേകം ഇടുക്കിയിലേക്ക് നിയോഗിക്കുകയായിരുന്നു.45 ദിവസത്തിനകം നടപടി പൂർത്തിയാക്കണമെന്നായിരുന്നു നിർദേശം. എന്നാൽ, ഇത് സാധ്യമല്ലെന്ന് വന്നതോടെ മൂന്നുമാസം കൂടി അനുവദിച്ചു. രവീന്ദ്രൻ പട്ടയവുമായി ബന്ധപ്പെട്ട 353 ഫയൽ ഇതുവരെ പരിശോധിച്ചു. ഹിയറിങ്ങിന് ഹാജരാകാൻ ആവശ്യപ്പെട്ട് 486 പേർക്കാണ് നോട്ടീസ് അയച്ചത്. ഇതിൽ 368 പേർ ഹാജരായി.
കെ.ഡി.എച്ച് വില്ലേജുകളിലാണ് ഹിയറിങ് നടപടി അവശേഷിക്കുന്നത്. കഴിഞ്ഞ ദിവസം ഹിയറിങ് വിളിച്ചിരുന്നെങ്കിലും കാലവർഷം ശക്തമായ സാഹചര്യത്തിൽ മാറ്റിവെക്കുകയായിരുന്നു. 140 പേർ ഇതുവരെ പുതിയ പട്ടയത്തിന് അപേക്ഷിച്ചിട്ടുണ്ട്. ഇതിന്‍റെ നടപടി വില്ലേജ് തലത്തിൽ പുരോഗമിക്കുകയാണ്.
ആഗസ്റ്റിനുള്ളിൽ കെ.ഡി.എച്ച് വില്ലേജിലെയടക്കം ഹിയറിങ്ങുകൾ എല്ലാം പൂർത്തിയാക്കുന്ന തരത്തിലാണ് നടപടികൾ. ഒക്ടോബർ പകുതിയോടെ പട്ടയം നൽകിത്തുടങ്ങാനാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. റദ്ദാക്കിയവക്ക് പകരം പട്ടയം നൽകാൻ ഫീൽഡ് സർവേ അടക്കം നടപടികൾക്കായി പ്രത്യേകം സർവേയർമാരെ നിയോഗിച്ചിട്ടുണ്ട്. പട്ടയത്തിന്‍റെ മറവിൽ ഇടനിലക്കാരുടെ ചൂഷണം തടയാനും നടപടി എടുത്തിട്ടുണ്ട്.
പട്ടയങ്ങൾ പരിശോധിച്ച് റദ്ദാക്കാനുള്ള സർക്കാർ ഉത്തരവ് പ്രകാരമുള്ള നടപടികൾ പുരോഗമിക്കുമ്പോൾ ഇടനിലക്കാരുടെ തട്ടിപ്പിൽ വീഴരുതെന്നാണ് അധികൃതർ മുന്നറിയിപ്പ് നൽകുന്നത്. ഇടനിലക്കാർ മുഖേനയുള്ള ഒരു നടപടിയും അനുവദിക്കില്ലെന്നും അധികൃതർ വ്യക്തമാക്കുന്നു. പട്ടയം ആവശ്യമുള്ളവർ നേരിട്ട് താലൂക്ക് ഓഫിസുകളിൽ എത്തി തിരിച്ചറിയൽ രേഖകൾ ഹാജരാക്കി അപേക്ഷ സമർപ്പിക്കണമെന്നാണ് നിർദേശം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.