തിരുവനന്തപുരം: കാർഷിക മേഖല നേരിടുന്ന പ്രധാന പ്രശ്നമായ കാലാവസ്ഥ വ്യതിയാനം നേരിടുന്നതിനും അനുസൃതമായ കൃഷിരീതി അവലംബിച്ചു കർഷക വരുമാനം വർധിപ്പിക്കുന്നതിനുമായി കൃഷിവകുപ്പ് സമർപ്പിച്ച ‘കേര’ (കേരള ക്ലൈമറ്റ് റെസിലന്റ് അഗ്രി- വാല്യൂ ചെയിൻ ) പദ്ധതിക്ക് ലോകബാങ്ക് അംഗീകാരം. ലോകബാങ്ക് എക്സിക്യൂട്ടിവ് ഡയറക്ടർമാരുടെ യോഗം 2365.5 കോടി രൂപയുടെ പദ്ധതിക്ക് അംഗീകരിച്ച് 200 ദശലക്ഷം ഡോളറിന്റെ (1655.85 കോടി രൂപ) ധനസഹായം അനുവദിച്ചു.
ഇതിൽ ആനുപാതിക സംസ്ഥാന വിഹിതം 709.65 കോടി രൂപയാണ്. 23 വർഷം കാലപരിധി വെച്ചാണ് വായ്പ അനുവദിക്കുക. കേരളത്തിലെ കാർഷികമേഖലയിൽ അടുത്ത അഞ്ചുവർഷം ഇതു പ്രകാരമുള്ള പദ്ധതികൾ നടപ്പാക്കുമെന്ന് കൃഷിമന്ത്രി പി. പ്രസാദ് വാർത്തസമ്മേളനത്തിൽ അറിയിച്ചു. കാലാവസ്ഥ വ്യതിയാനത്തിനെതിരായ പ്രതിരോധം ശക്തിപ്പെടുത്താൻ പദ്ധതി കാർഷികമേഖലയെ സഹായിക്കും. കാലാവസ്ഥാനുപൂരകമായ കൃഷിരീതികൾ അനുവർത്തിക്കുന്നതിലൂടെ ഏകദേശം നാലുലക്ഷം കർഷകർക്ക് പ്രത്യക്ഷമായും 10 ലക്ഷം പേർക്ക് പരോക്ഷമായും പ്രയോജനം ലഭിക്കും. സ്ത്രീകൾ നടത്തുന്ന ചെറുകിട ഇടത്തരം കാർഷിക സംരംഭങ്ങൾക്കുള്ള വാണിജ്യ സഹായമായി ഒമ്പത് ദശലക്ഷം ഡോളറിന്റെ (76 കോടി രൂപ) പ്രത്യേക ധനസഹായവും ഇതിൽ ഉൾപ്പെടും.
കാപ്പി, ഏലം, റബർ തുടങ്ങിയ വിളകളുടെ പുനർനടീലിനും ശാസ്ത്രീയ കൃഷി രീതി അവലംബിക്കുന്നതിനും തുക പ്രയോജനപ്പെടുത്തും. കൃഷിക്കൂട്ടവും ഉൽപാദന സംഘടനകളും വഴി കാർഷിക സംരംഭകരെ വാർത്തെടുത്ത് മൂല്യവർധിത ഉൽപന്നങ്ങൾ വിപണിയിലെത്തിക്കുന്നതിനും അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനും പദ്ധതി തുക പ്രയോജനപ്പെടുത്തും. പദ്ധതി തുകയിൽനിന്ന് 500 കോടി രൂപ മുടക്കി നെൽകൃഷി പ്രോത്സാഹിപ്പിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.