മുംബൈ: മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പിൽ വിമതരെയും സൗഹൃദമത്സരവും ഒഴിവാക്കാനാകാതെ ഇരുമുന്നണികളും. വിമതനെ ചൊല്ലി കോലാപ്പൂർ നോർത്തിലെ കോൺഗ്രസ് സ്ഥാനാർഥി മധുരിമ രാജെ പിന്മാറിയത് മഹാവികാസ് അഘാഡിക്ക് (എം.വി.എ) കനത്ത തിരിച്ചടിയുമായി. അവസാന നിമിഷം പത്രിക പിൻവലിക്കുകയായിരുന്നു. കോൺഗ്രസ് വിമതൻ രാജേഷ് ലട്കർ മത്സരത്തിൽനിന്ന് പിൻവാങ്ങാത്തതിനെ തുടർന്നാണിത്.
സിറ്റിങ് എം.എൽ.എ ജയശ്രീ ജാദവിനെ മാറ്റി രാജേഷ് ലട്കറെയാണ് കോൺഗ്രസ് ആദ്യം സ്ഥാനാർഥിയായി പ്രഖ്യാപിച്ചത്. എന്നാൽ, പ്രാദേശിക നേതൃത്വത്തിന്റെ സമ്മർദത്തെതുടർന്ന് പിന്നീട് മധുരിമ രാജെയെ സ്ഥാനാർഥിയാക്കിയതാണ്. സിറ്റിങ് എം.എൽ.എ ഷിൻഡെ പക്ഷ ശിവസേനയിൽ ചേരുകയും ചെയ്തു. ചെറുസഖ്യ കക്ഷികളുമായുള്ള സൗഹൃദമത്സരവും എം.വി.എയെ വിഷമത്തിലാക്കുന്നു. നാസിക് വെസ്റ്റിൽനിന്ന് സ്ഥാനാർഥിയെ സി.പി.എം പിൻവലിച്ചെങ്കിലും സോലാപൂർ സിറ്റി സെൻട്രലിൽനിന്ന് പിന്മാറിയില്ല.
കോൺഗ്രസിന്റെ സീറ്റാണിത്. സിറ്റിങ് സീറ്റായ ദഹാനു, രണ്ടാം സ്ഥാനത്തുള്ള കൽവാൻ എന്നിവയാണ് എം.വി.എ സി.പി.എമ്മിന് നൽകിയത്. അനുവദിച്ച രണ്ട് സിറ്റിങ് സീറ്റുകൾക്ക് പുറമെ സമാജ് വാദി പാർട്ടി ആറ് സീറ്റുകളിൽകൂടി മത്സരിക്കുന്നു. ശരദ് പവാർ പക്ഷവും ഉദ്ധവ് പക്ഷവും പത്രിക സമർപ്പിച്ച പരണ്ടയിൽ ഉദ്ധവ്പക്ഷം പിന്മാറി. മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ മത്സരിക്കുന്ന കൊപ്രി-പച്ച്പഖ്ഡിയിൽ കോൺഗ്രസ് വിമതൻ മത്സരിക്കുന്നുണ്ട്. ഉദ്ധവ് പക്ഷത്തിന്റേതാണ് ഔദ്യോഗിക സ്ഥാനാർഥി. എം.എൻ.എസ് അധ്യക്ഷൻ രാജ് താക്കറെയുടെ മകൻ അമിത് താക്കറെ മത്സരിക്കുന്ന വർളിയിൽനിന്ന് പിന്മാറണമെന്ന ബി.ജെ.പിയുടെ ആവശ്യം ഷിൻഡെ പക്ഷം തള്ളി. മുൻ എം.പി ഗോപാൽ ഷെട്ടിയാണ് പിന്മാറിയ ബി.ജെ.പി വിമതരിൽ പ്രമുഖൻ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.