തൃശൂര്‍: സംവരണ സംരക്ഷണ സമിതി നേതൃത്വത്തില്‍ സാമൂഹികനീതി സംഗമം സംഘടിപ്പിച്ചു. തൃശൂര്‍ തേക്കിന്‍കാട് മൈതാനിയില്‍ നടന്ന സംഗമം കേരള പുലയന് മഹാസഭ ജനറല്‍ സെക്രട്ടറി കെ.എ. തങ്കപ്പന് ഉദ്ഘാടനം ചെയ്തു. രാഷ്ട്രീയശക്തി തെളിയിക്കുമെന്നും സംസ്ഥാന രാഷ്ട്രീയത്തില്‍ മാറ്റങ്ങള്‍ വരുത്താന്‍ സംവരണ സമുദായങ്ങള്‍ക്ക് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഒരു മണ്ഡലത്തില്‍ രണ്ടുലക്ഷം വോട്ടുകള്‍ വരെ സംവരണ സമുദായങ്ങള്‍ക്ക് ഉണ്ടെന്നും ഈ ശക്തി ഇതുവരെ മറ്റുള്ളവര്‍ മനസ്സിലാക്കിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പട്ടികജാതി-വര്‍ഗ സംവരണത്തിന് വരുമാന പരിധിയും ഉപസംവരണവും നടപ്പാക്കരുത്, സംവരണം ഒമ്പതാം പട്ടികയില്‍ ഉള്‍പ്പെടുത്തി സംരക്ഷിക്കുക, സംവരണത്തില്‍ മാറ്റം വരുത്താതിരിക്കാന്‍ പാര്‍ലമെന്റ് നിയമം പാസാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സംഗമം സംഘടിപ്പിച്ചത്. കേരള വേലന്‍ ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് രാജീവ് നെല്ലിക്കുന്നേല്‍ അധ്യക്ഷത വഹിച്ചു. ദേശീയ ലോ അക്കാദമി മുന്‍ ഡയറക്ടര്‍ ഡോ. മോഹന്‍ ഗോപാല്‍ വിശിഷ്ടാതിഥിയായി. സംഗമത്തിന്റെ ഭാഗമായി നടന്ന റാലിയില്‍ 51 സംഘടനകളില്‍നിന്ന് 50,000ത്തിലധികം പേര് അണിനിരന്നു.
സംവരണ സംരക്ഷണ സമിതി ചെയര്മാന് സണ്ണി എം. കപിക്കാട്, ജനറല്‍ കണ്‍വീനര്‍ ടി.ആര്. ഇന്ദ്രജിത്ത്, ദലിത് സമുദായ മുന്നണി ജനറല്‍ സെക്രട്ടറി പി.എ. പ്രസാദ്, കേരള വേലന്‍ മഹാസഭ ജനറല്‍ സെക്രട്ടറി എ. ബാഹുലേയന്, കെ.വി.എസ്.എസ് സംസ്ഥാന പ്രസിഡന്റ് വി.സി. വിജയന്, അയ്യനവര്‍ മഹാജന സംഘം പ്രസിഡന്റ് ഡോ. എസ്. ശശിധരന്, കെ.ഡി.പി പ്രസീഡിയം അംഗം കെ. അംബുജാക്ഷന്, ആദിവാസി ഏകോപന സമിതി പ്രസിഡന്റ് എം.ഐ. ശശീന്ദ്രന്, ദലിത് വിമന്‍ കലക്ടിവ് സംസ്ഥാന സെക്രട്ടറി തങ്കമ്മ ഫിലിപ്, പി.ആര്.ഡി.എസ് ഹൈ കൗണ്‍സില്‍ അംഗം കെ. ദേവകുമാര്‍, കേരള പടന്ന മഹാസഭ പ്രസിഡന്റ് സി.വി. മണി, ഐ.ഡി.എഫ് സംസ്ഥാന പ്രസിഡന്റ് വി.കെ. വിമലന് തുടങ്ങിയവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.