നിലമ്പൂർ: എടവണ്ണ ചെമ്പക്കുത്ത് ജാമിഅ കോളജിന് സമീപം പുലിക്കുന്ന് മലയിൽ അറയിലകത്ത് മുഹമ്മദ് റാഷിദിന്റെ മകൻ റിദാന്‍ ബാസിലിനെ (24) വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കി. ജില്ല പൊലീസ് മേധാവിക്ക് കീഴിൽ പെരിന്തൽമണ്ണ, തിരൂർ, നിലമ്പൂർ ഡിവൈ.എസ്.പിമാരുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം രൂപവത്കരിച്ചാണ് അന്വേഷണം. നിലമ്പൂർ ഇൻസ്പെക്ടർ പി. വിഷ്ണുവിനാണ് അന്വേഷണ ചുമതല.
കേസിൽ ശനിയാഴ്ച രണ്ടുപേരെ കസ്റ്റഡിയിലെടുത്തിരുന്നു. ചോദ്യം ചെയ്യലിന് ശേഷം ഇവരിൽ ഒരാളെ ശനിയാഴ്ച വൈകുന്നേരവും ഒരാളെ ഞായറാഴ്ചയും വിട്ടയച്ചു. ലഹരി-സ്വർണ കടത്തുമായി ബന്ധമുള്ള, റിദാന്റെ പരിചയക്കാരും സുഹൃത്തുക്കളുമായ 25ഓളം പേരെ ചോദ്യം ചെയ്തു. ഇവരെയും പിന്നീട് വിട്ടയച്ചു. റിദാന്റെ ഭാര്യ ഉൾെപ്പടെയുള്ള ബന്ധുകളുടെ മൊഴിയെടുത്തു. സംഭവസ്ഥലത്ത് ഞായറാഴ്ച ബാലിസ്റ്റിക്ക് വിഭാഗം പരിശോധന നടത്തി. രക്തസാമ്പിൾ പരിശോധനക്കെടുത്തു. പിസ്റ്റൾ ഉപയോഗിച്ചാണ് വെടിവെച്ചതെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
ശനിയാഴ്ച രാവിലെ 9.30ഓടെയാണ് റിദാന്റെ മൃതദേഹം മലയിലെ സ്വകാര്യവ്യക്തിയുടെ പറമ്പിൽ കണ്ടെത്തിയത്. രാത്രി വീട്ടിലെത്താത്തതിനെ തുടർന്ന് സഹോദരന്റെ നേതൃത്വത്തിൽ അന്വേഷണം നടത്തുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. നിലമ്പൂർ ഡിവൈ.എസ്.പി സാജു കെ. എബ്രഹാമിന്റെ നേതൃത്വത്തിൽ സ്ഥലത്തെത്തിയ പൊലീസ് നടത്തിയ പരിശോധനയിൽ ചെവിയുടെ പിൻഭാഗത്തും നെഞ്ചിലുമായി മൂന്നിടങ്ങളിൽ ആഴത്തിലുള്ള മുറിവ് കണ്ടെത്തി. ജില്ല പൊലീസ് മേധാവി, ഡോഗ് സ്ക്വാഡ്, ഫോറൻസിക് ഉദ്യോഗസ്ഥർ എന്നിവരും സ്ഥലത്തെത്തി. മഞ്ചേരി മെഡിക്കൽ കോളജിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിൽ മരണം വെടിയേറ്റാണെന്ന് സ്ഥിരീകരിച്ചു. ശരീരത്തിൽനിന്ന് ഒരു ബുള്ളറ്റ് കണ്ടെടുത്തു. ചെറിയ പെല്ലറ്റാണ് ശരീരത്തിനുള്ളില്‍നിന്ന് ലഭിച്ചത്. എയര്‍ ഗണ്‍ ആകാം വെടിവെക്കാന്‍ ഉപയോഗിച്ചതെന്നായിരുന്നു നേരത്തെയുള്ള നിഗമനം.
രാസലഹരികടത്ത് കേസിൽ റിദാൻ ബാസിലിന് ജയിൽ ശിക്ഷ ലഭിച്ചിരുന്നു. മൂന്നാഴ്ച മുമ്പാണ് ഹൈകോടതിയിൽനിന്ന് ജാമ്യത്തിലിറങ്ങി നാട്ടിലെത്തിയെത്. വീടിന് സമീപത്തെ പുലിക്കുന്ന് മലയിൽ വൈകുന്നേരങ്ങളിൽ റിദാൻ പോവാറുണ്ടെന്ന് പ്രദേശവാസികൾ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.