തിരുവനന്തപുരം: ഡിസംബര്‍ എട്ടു മുതല്‍ 15 വരെ നടക്കുന്ന 28 -ാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ 12000 ഡെലിഗേറ്റുകള്‍ പങ്കെടുക്കും. 15 തിയേറ്ററുകളിലായി 81 രാജ്യങ്ങളില്‍ നിന്നുള്ള 175 സിനിമകള്‍ പ്രദര്‍ശിപ്പിക്കും. 100ല്‍പ്പരം ചലച്ചിത്രപ്രവര്‍ത്തകര്‍ മേളയില്‍ അതിഥികളായി എത്തും. വിഖ്യാത പോളിഷ് സംവിധായകനായ ക്രിസ്റ്റോഫ് സനൂസിക്കുള്ള ലൈഫ്‌ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് മേളയുടെ സമാപനച്ചടങ്ങില്‍ സമ്മാനിക്കും. സമകാലിക ലോക സിനിമയിലെ ചലച്ചിത്രാചാര്യന്മാരില്‍ ഒരാളായ അദ്ദേഹത്തിന്റെ സാന്നിധ്യം ഈ മേളയുടെ മുഖ്യ ആകര്‍ഷണങ്ങളിലൊന്നായിരിക്കും.
അന്താരാഷ്ട്ര മത്സരവിഭാഗത്തില്‍ 14 സിനിമകളും മലയാള സിനിമ ഇന്ന് വിഭാഗത്തില്‍ 12 ചിത്രങ്ങളും ഇന്ത്യന്‍ സിനിമ നൗ വിഭാഗത്തില്‍ ഏഴ് സിനിമകളും പ്രദര്‍ശിപ്പിക്കും. ലോകസിനിമാ വിഭാഗത്തില്‍ 62 സിനിമകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇവയില്‍ 26 സിനിമകള്‍ മികച്ച വിദേശഭാഷാ ചിത്രത്തിനുള്ള ഓസ്‌കറിന് വിവിധ രാജ്യങ്ങള്‍ തെരഞ്ഞെടുത്ത ഔദ്യോഗിക എന്‍ട്രികളാണ്.
ഹൊറര്‍ വിഭാഗത്തില്‍പ്പെട്ട രണ്ട് ചിത്രങ്ങള്‍ നിശാഗന്ധിയില്‍ അര്‍ധരാത്രിയില്‍ പ്രദര്‍ശിപ്പിക്കും. ചലച്ചിത്ര പൈതൃക സംരക്ഷണ പദ്ധതിയുടെ ഭാഗമായി ചലച്ചിത്ര അക്കാദമി ഡിജിറ്റല്‍ റെസ്റ്ററേഷന്‍ നടത്തിയ നാലു ചിത്രങ്ങള്‍ മേളയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കണ്‍ട്രി ഫോക്കസ് വിഭാഗത്തില്‍ ആറ് ക്യൂബന്‍ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. ക്യൂബന്‍ സംവിധായകരായ ഹോര്‍ഹെ ലൂയി സാഞ്ചസ്, അലെഹാന്ദ്രോ ഗില്‍, നിര്‍മ്മാതാവ് റോസ മരിയ വാല്‍ഡസ് എന്നിവര്‍ മേളയില്‍ അതിഥികളായി പങ്കെടുക്കും. പൊരുതുന്ന ഫലസ്തീനിനോടുള്ള ഐക്യദാര്‍ഢ്യമായി ഏഴ് അധിനിവേശ വിരുദ്ധ സിനിമകളുടെ പാക്കേജ് മേളയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
സമകാലിക ലോകചലച്ചിത്രാചാര്യന്മാരുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയ മാസ്റ്റര്‍ മൈന്‍ഡ്‌സ്, നവലാറ്റിനമേരിക്കന്‍ സിനിമകള്‍ ഉള്‍പ്പെടുത്തിയ പ്രത്യേക പാക്കേജ്, മേളയില്‍ ലൈഫ്‌ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് ലഭിച്ച ക്രിസ്റ്റോഫ് സനൂസിയുടെ റെട്രോസ്‌പെക്റ്റീവ്, മൃണാള്‍സെന്നിന്റെ ജന്മശതാബ്ദിയോടനുബന്ധിച്ചുള്ള സെന്‍ റെട്രോസ്‌പെക്റ്റീവ്, ‘ദ ഫിമേല്‍ ഗേയ്‌സ്’ എന്ന പേരിലുള്ള വനിതാ സംവിധായകരുടെ ചിത്രങ്ങളുടെ പാക്കേജ്, കലൈഡോസ്‌കോപ്പ് എന്നിവയാണ് മേളയുടെ മറ്റ് പ്രധാന പാക്കേജുകള്‍.
രജിസ്ട്രേഷൻ
മേളയുടെ ഓൺലൈൻ റിസർവേഷൻ വെള്ളിയാഴ്ച ആരംഭിക്കും. ഫെസ്റ്റിവലിന്‍റെ ഔദ്യോഗിക വെബ്സൈറ്റായ www.iffk.inൽ ലോഗിൻ ചെയ്‌തോ, പ്ലേ സ്റ്റോറിൽനിന്നു ഡൗൺ ലോഡ് ചെയ്യുന്ന IFFK ആപ്പ് വഴിയോ പ്രതിനിധികൾക്ക് ചിത്രങ്ങൾ റിസർവ് ചെയ്യാവുന്നതാണ്.
എല്ലാ തിയറ്ററുകളിലും 70 ശതമാനം സീറ്റുകളിലാണ് റിസർവേഷൻ അനുവദിക്കുക. 30 ശതമാനം സീറ്റുകൾ അൺ റിസർവ്ഡ് കാറ്റഗറിയിൽ ഉൾപ്പെട്ടവർക്കായി മാറ്റിവെച്ചിട്ടുണ്ട്. തിയറ്ററുകളുടെ സീറ്റിങ് കപ്പാസിറ്റി അനുസരിച്ച് മാത്രമേ പ്രവേശനം അനുവദിക്കുകയുള്ളൂ.
24 മണിക്കൂറിന് മുമ്പ് ചിത്രങ്ങൾ ബുക്ക് ചെയ്യണം. രാവിലെ എട്ടു മുതൽ 70 ശതമാനം സീറ്റുകൾ പൂർണമാകുന്നതുവരെയാണ് റിസർവേഷൻ അനുവദിക്കുക. രജിസ്ട്രേഷൻ നമ്പറും പാസ് വേർഡും സിനിമയുടെ കോഡും ഉപയോഗിച്ചാണ് സീറ്റുകൾ ബുക്ക് ചെയ്യേണ്ടത്. നിശാഗന്ധി ഓപ്പൺ തിയറ്ററിൽ ഒഴികെ എല്ലാ തിയറ്ററുകളിലും റിസർവേഷൻ അനുവദിച്ചിട്ടുണ്ട്. ഒരു ദിവസം പരമാവധി മൂന്ന് ചിത്രങ്ങൾ വരെ ബുക്ക് ചെയ്യാവുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.