'അക്ഷയ' സംരംഭകരാകാൻ കാത്ത് മൂവായിരത്തോളം അപേക്ഷകർ

കൊച്ചി: ഓൺലൈൻ സർക്കാർ സേവനങ്ങൾ പൊതുജനങ്ങൾക്ക് ലഭ്യമാക്കുന്നതിനുള്ള അക്ഷയ പദ്ധതിയുടെ സംരംഭകരാകാൻ കാത്തിരിക്കുന്നത് മൂവായിരത്തോളം അപേക്ഷകർ. നടപടിക്രമങ്ങളിലെ നൂലാമാലയും കാലതാമസവും തിരിച്ചടിയാകുമ്പോൾ സ്വയംതൊഴിൽ കണ്ടെത്താൻ ശ്രമിക്കുന്ന യുവാക്കൾ ബുദ്ധിമുട്ടുകയാണ്. കോവിഡാനന്തരം അപേക്ഷകരുടെ എണ്ണത്തിൽ വർധനയുണ്ടായിട്ടുണ്ട്.

ഒമ്പത് ജില്ലകളിലായി 2944 അപേക്ഷകളാണ് പരിഗണനയിലുള്ളത്. ഇനിയും അപേക്ഷ ക്ഷണിക്കാത്ത തിരുവനന്തപരും, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ ജില്ലകളിലും നിരവധിപേർ കാത്തിരിക്കുകയാണ്. ഇവിടെ ഓൺലൈൻ അപേക്ഷ ക്ഷണിക്കാനിരിക്കുകയാണെന്നും എറണാകുളത്ത് 56, തൃശൂർ 24 എന്നിങ്ങനെ കേന്ദ്രങ്ങളിലേക്ക് പുതിയ അപേക്ഷ ക്ഷണിക്കാൻ വിജ്ഞാപന നടപടി പുരോഗമിക്കുകയാണെന്നും അധികൃതർ പറഞ്ഞു.

സംരംഭകരാകാൻ ലൊക്കേഷൻ അനുമതി, ഓൺലൈൻ പരീക്ഷ, അഭിമുഖം എന്നിങ്ങനെ വിവിധ കടമ്പകൾ കടക്കേണ്ടതുണ്ട്. ഒരുപ്രദേശത്ത് അക്ഷയയുടെ ആവശ്യകത ബോധ്യപ്പെടുന്നതിന്‍റെ അടിസ്ഥാനത്തിൽ നിശ്ചിത ദൂരപരിധിയിൽ മാത്രമേ പുതിയ കേന്ദ്രം അനുവദിക്കൂ. രണ്ട് അക്ഷ‍യകേന്ദ്രങ്ങൾ തമ്മിലെ കുറഞ്ഞ ദൂരപരിധി ഗ്രാമപഞ്ചായത്തുകളിൽ രണ്ട് കിലോമീറ്ററും മുനിസിപ്പാലിറ്റികളിൽ ഒന്നരക്കിലോമീറ്ററുമാണ്. ജില്ല ഇ-ഗവേണൻസ് സൊസൈറ്റിയുടെ അംഗീകാരം ലഭിക്കുന്ന ലൊക്കേഷനുകളാണ് പരിഗണിക്കുക. അ‍ക്ഷയ ഡയറക്ടർ സമർപ്പിക്കുന്ന ശിപാർശ പരിശോധിച്ച് സർക്കാറാണ് പുതിയ കേന്ദ്രങ്ങൾ അനുവദിക്കുക. ലൊക്കേഷൻ അനുവദിച്ചാൽ സംരംഭക തെരഞ്ഞെടുപ്പിന് അപേക്ഷ ക്ഷണിക്കും. അപേക്ഷകർക്ക് ഓൺലൈൻ പരീക്ഷയും അഭിമുഖവും ഉൾപ്പെടെ നടപടിക്രമങ്ങൾ നടത്തി റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുകയുമാണ് ചെയ്യുക.

എന്നാൽ, സമീപകാലത്ത് അനുവദിച്ച അക്ഷയകേന്ദ്രങ്ങൾ 2015ലെ അപേക്ഷ‍യുടെ അടിസ്ഥാനത്തിലുള്ളതായിരുന്നുവെന്നും വലിയ കാലതാമസമാണ് ഇതിന് നേരിടുന്നതെന്നും ഇന്‍റർനെറ്റ് ഡി.ടി.പി ഫോട്ടോസ്റ്റാറ്റ് വർക്കേഴ്സ് അസോ. സംസ്ഥാന ജന. സെക്രട്ടറി രാജൻ പൈക്കാട്ട് 'മാധ്യമ'ത്തോട് പറഞ്ഞു.

ജില്ല, പരിഗണനയിലുള്ള അപേക്ഷകരുടെ എണ്ണം

പത്തനംതിട്ട 166

കോട്ടയം 177

ഇടുക്കി 96

പാലക്കാട് 529

മലപ്പുറം 1007

കോഴിക്കോട് 240

വയനാട് 181

കണ്ണൂർ 236

കാസർകോട് 312

Tags:    
News Summary - 3000 applicants are waiting to become 'Akshaya' entrepreneurs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.