അഫ്ഗാനിൽ 41 മലയാളികൾ കുടുങ്ങി കിടക്കുന്നു; എല്ലാവരും സുരക്ഷിതരെന്ന് നോർക്ക

തിരുവനന്തപുരം: അഫ്ഗാനിസ്താനിലെ കാബൂളിൽ 41 മലയാളികൾ കുടുങ്ങി കിടക്കുന്നതായി നോർക്ക. നിലവിൽ എല്ലാവരും സുരക്ഷിതരാണ്. കുടുങ്ങി കിടക്കുന്നവരെ തിരികെ എത്തിക്കാൻ സാധ്യമായതെല്ലാം ചെയ്യും. ഇവരെ ചേർത്ത് വാട്സ് ആപ്പ് ഗ്രൂപ്പ് ആരംഭിച്ചതായും നോർക്ക സി.ഇ.ഒ കെ. ഹരികൃഷ്ണൻ അറിയിച്ചു. മലയാളികളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ നോർക്ക പുറത്തുവിട്ടില്ല.

മലയാളികളെ നാട്ടിലെത്തിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ചൂണ്ടിക്കാട്ടി നോർക്ക കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന് കത്ത് നൽകി. മലയാളികളെ തിരിച്ചെത്തിക്കാൻ നടപടി സ്വീകരിക്കാൻ മുഖ്യമന്ത്രി നിർദേശം നൽകിയതിന് പിന്നാലെയാണ് കേന്ദ്ര സർക്കാറിന് നോർക്ക കത്ത് നൽകിയത്.

താലിബാൻ അധികാരം പിടിച്ചതിന് പിന്നാലെ അഫ്ഗാനിസ്താനിലെ ഇന്ത്യൻ എംബസി കേന്ദ്ര സർക്കാർ നിർദേശത്തെ തുടർന്ന് ഒഴിപ്പിച്ചിരുന്നു. കാബൂളിൽ നിന്ന് അംബാസഡറും നയതന്ത്ര പ്രതിനിധികളും അടക്കം 120 പേരുമായി വ്യോമസേനയുടെ സി-17 വിമാനം ഡൽഹിയിലേക്ക് പുറപ്പെട്ടു.

അതേസമയം, അഫ്ഗാനിലുള്ള ഇന്ത്യക്കാരെ മടക്കി കൊണ്ടു വരുന്നതിന്‍റെ ഭാഗമായുള്ള പ്രവർത്തനങ്ങളുടെ ഏകോപനത്തിന് വിദേശകാര്യ മന്ത്രാലയം പ്രത്യേക അഫ്ഗാനിസ്താൻ സെൽ രൂപീകരിച്ചു. ആളുകൾക്ക് ബന്ധപ്പെടാൻ പ്രത്യേക ഫോൺ നമ്പറും (ഫോൺ നമ്പർ: +919717785379) ഇമെയ്ൽ ഐ.ഡിയും (MEAHelpdeskIndia@gmail.com) പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Tags:    
News Summary - 36 Keralites stranded in Afghanistan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.