'ലഹരിമുക്ത കാട്ടാക്കട' ക്യാമ്പയിനില്‍ അണിചേര്‍ന്ന് 1,500 വിദ്യാർഥി വളണ്ടിയര്‍മാര്‍

തിരുവവന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ലഹരിവിരുദ്ധ പോരാട്ടത്തില്‍ അണിചേര്‍ന്ന് കാട്ടാക്കട മണ്ഡലത്തിലെ 1,500 വിദ്യാർഥി വളണ്ടിയര്‍മാര്‍. മണ്ഡലത്തിലെ ലഹരി വിരുദ്ധ ക്യാമ്പയിന് വിദ്യാഥികളുടെ മാസ് ഡ്രില്ലോടെ തുടക്കമായി. നരുവാമൂട് ട്രിനിറ്റി കോളജ് ഓഫ് എന്‍ജിനീയറിങ് ഗ്രൗണ്ടില്‍ നടന്ന മാസ് ഡ്രില്ലില്‍ മണ്ഡലത്തിലെ 35 സ്‌കൂളുകളില്‍ നിന്നും തെരഞ്ഞെടുത്ത വളണ്ടിയര്‍മാരാണ് പങ്കെടുത്തത്.

ചിട്ടയായ വ്യായാമത്തിലൂടെ മാനസിക-ശാരീരിക സന്തോഷവും ഭയരാഹിത്യവും കൈവരിക്കുക, വിദ്യാർഥികളിലെ ലഹരി ഉപയോഗം ചെറുക്കുക തുടങ്ങിയ സന്ദേശങ്ങളോടെയാണ് മാസ് ഡ്രില്‍ സംഘടിപ്പിച്ചത്. ഇതിന്റെ ഭാഗമായി അഗസ്ത്യ കളരിസംഘം, ട്രിനിറ്റി കോളജിലെ ഇന്ത്യന്‍ നോളഡ്ജ് സിസ്റ്റം ഫോര്‍ കളരിപ്പയറ്റ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ വിദ്യാർഥികള്‍ക്ക് കളരി പരിശീലനവും നല്‍കി.

ലഹരി എന്ന സാമൂഹ്യ വിപത്തിനെതിരായ പോരാട്ടത്തില്‍ ഓരോ വിദ്യാർഥി വളണ്ടിയര്‍മാരും യോദ്ധാക്കളാണെന്ന് ഐ.ബി സതീഷ് എം.എല്‍.എ പറഞ്ഞു. ലഹരി വിമുക്ത കാട്ടാക്കട മണ്ഡലത്തിനായി വിദ്യാർഥികളുടെ പ്രാതിനിധ്യം ഉറപ്പാക്കുമെന്നും, ലഹരി ഉപയോഗം അധികാരികളെ അറിയിക്കാന്‍ കാട്ടാല്‍ എഡ്യുകെയര്‍ ആപ്പില്‍ ഒരുക്കിയിട്ടുള്ള സൗകര്യം വിദ്യാർഥികള്‍ പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.

വളണ്ടിയര്‍മാരുടെ നേതൃത്വത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ലഹരിവിരുദ്ധ ബോധവത്ക്കരണവും ക്യാമ്പയിനുകളും നടത്തും. കാട്ടാക്കട മണ്ഡലത്തില്‍ നടപ്പിലാക്കി വരുന്ന ലഹരി വിരുദ്ധ ക്യാമ്പയിനായ 'കൂട്ട്' പദ്ധതിയുടെ ഭാഗമായാണിത്. വിവിധ വകുപ്പുകള്‍, തദ്ദേശസ്ഥാപനങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സന്നദ്ധ സംഘടനകള്‍ എന്നിവയുടെ സഹകരണത്തോടെയാണ് ക്യാമ്പയിന്‍ നടത്തുന്നത്.

മാസ് ഡ്രില്ലിന് മുന്നോടിയായി മണ്ഡലത്തിലെ വിവിധ സ്‌കൂളുകളില്‍ ചിത്രരചന, ഉപന്യാസരചന, പ്രശ്നോത്തരി മത്സരങ്ങള്‍ എന്നിവ സംഘടിപ്പിച്ചു. വിവിധ മത്സരത്തില്‍ യു.പി വിഭാഗത്തില്‍ നിന്നും 5,773 കുട്ടികളും, ഹൈ സ്‌കൂള്‍ വിഭാഗത്തില്‍ നിന്നും 6,568 കുട്ടികളും ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ നിന്നും 3,138 കുട്ടികളും പങ്കെടുത്തു. മത്സര വിജയികളായ സ്‌കൂള്‍ - കോളജ് വിദ്യാർഥികള്‍ ഉള്‍പ്പെടെ 1,500 പേരെയാണ് ലഹരി വിരുധ വാളണ്ടിയര്‍മാരായി തെരഞ്ഞെടുത്തത്.

Tags:    
News Summary - 500 student volunteers joined the 'Laharimukta Kattakada' campaign

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.