ആ​ന​മ​ല ഗ്ലൈ​ഡി​ംഗ്​ ത​വ​ള, റ്റോ​ഡ്​ സ്കി​ൻ​ഡ്​ ഫ്രോ​ഗ്​, റെ​ഡ്​ പ്ല​ന്‍റ​ന്‍റ്​ ത​വ​ള

മൂന്നാർ വന്യജീവി സ​ങ്കേതത്തിൽ​ 60 ഉഭയജീവികൾ, 74 ഉരഗങ്ങൾ

തൊടുപുഴ: മൂന്നാർ വന്യജീവി വിഭാഗത്തിലെ ഉഭയ-ഉരഗ ജീവികളുടെ ആദ്യഘട്ട കണക്കെടുപ്പ് പൂർത്തിയായി. കേരള വനം വകുപ്പിന്റെയും ആരണ്യകം നേച്ചർ ഫൗണ്ടേഷന്റെയും ആഭിമുഖ്യത്തിലായിരുന്നു സർവേ.കേരള വനഗവേഷണ സ്ഥാപനം, കാലിക്കറ്റ് യൂനിവേഴ്സിറ്റി, കേരള വെറ്ററിനറി സര്‍വകലാശാല, ഫോറസ്ട്രി കോളജ് എന്നിവിടങ്ങളിലെയും മലബാർ നേച്ചർ ഹിസ്റ്ററി സൊസൈറ്റി, സൂചിമുഖി, എം.ടി.ഐ, എൻ.ജി.ഐ തുടങ്ങിയ സന്നദ്ധസംഘടനകളിലെയും നൂറോളം വളന്‍റിയർമാരും നൂറോളം വനപാലകരും പങ്കെടുത്തു.

230 ചതുരശ്ര കിലോമീറ്ററോളം വ്യാപിച്ചു കിടക്കുന്ന സംരക്ഷിത മേഖലയുടെ എല്ലാ ആവാസവ്യവസ്ഥകളും ഉൾപ്പെടുത്തി 28 ക്യാമ്പുകളായി തിരിച്ച് രാവും പകലുമായി നടത്തിയ സർവേയിൽ 60 ഉഭയജീവികളെയും 74 ഉരഗങ്ങളെയും രേഖപ്പെടുത്താനായി.

ഇരവികുളം ദേശീയോദ്യാനത്തിൽനിന്നും കണ്ടെത്തിയ ഒരിനം കുരുടിയും രണ്ടിനം കവചവാലൻ പാമ്പുകളും ഒരിനം തറ പല്ലിയും ശാസ്ത്രലോകത്തിന് തന്നെ പുതിയതാണെന്ന് കരുതുന്നു എന്നും കൂടുതൽ പഠനങ്ങൾ വഴി മാത്രമേ ഇതിനൊരു വ്യക്തത വരുത്താനാകൂ എന്ന് സർവേ സംഘം പറഞ്ഞു. മുമ്പുള്ള പഠനങ്ങളിൽ രേഖപ്പെടുത്താത്ത നാലിനം ഉഭയ ജീവികളെയും ആറ് ഉരഗ ജീവികളെയും സംരക്ഷിത പ്രദേശത്തുനിന്നു കൂടുതലായി കണ്ടെത്താൻ സാധിച്ചു .

ആനമല ചതുപ്പൻ ചൊറിയൻ പാറത്തവള, മൂന്നാർ പിലിഗിരിയൻ, ആനമല പിലിഗിരിയൻ തുടങ്ങി 45 ഓളം പശ്ചിമഘട്ട ദേശ്യ ജാതികളായ തവളകളെയും വംശനാശ ഭീഷണി നേരിടുന്ന ആനമുടി ഇലത്തവള, സുഷിലി ഇലത്തവള , പുള്ളിപ്പച്ചിലപ്പാറാൻ, ഗ്രീറ്റ് ഇലത്തവള എന്നിങ്ങനെ 20 ഓളം തവളകളെയും സർവേക്കിടയിൽ രേഖപ്പെടുത്തി.മൂന്നുതവണ മാത്രം കേരളത്തിൽ കണ്ട ഗുൻദേഴ്സ് ചൊറിത്തവളയെ ചിന്നാർ വന്യജീവി സങ്കേതത്തിൽനിന്നും വീണ്ടും കണ്ടെത്താനായതും ഈ സർവേയുടെ വിജയമായി.

മൂന്നാർ വന്യജീവി വിഭാഗം വൈൽഡ് ലൈഫ് വാർഡൻ വിനോദ് എസ്. വി, ആരണ്യകം നേച്ചർ ഫൗണ്ടേഷൻ ചെയർമാനും കേരള വനഗവേഷണ സ്ഥാപനം മുൻ മേധാവിയും ആയിരുന്ന ഡോ പി.എസ്. ഈസ, ഗവേഷകരായ സന്ദീപ് ദാസ്, രാജ്‌കുമാർ കെ.പി, ഇരവികുളം അസിസ്റ്റൻറ് വൈൽഡ് ലൈഫ് വാർഡൻ ജോബ് നേരിയപ്പറമ്പിൽ, ഷോല അസിസ്റ്റൻറ് വൈൽഡ് ലൈഫ് വാർഡൻ അരുൺ കെ. നായർ, ചിന്നാർ അസിസ്റ്റൻറ് വൈൽഡ് ലൈഫ് വാർഡൻ നിതിൻലാൽ, വൈൽഡ് ലൈഫ് അസിസ്റ്റൻറ് അജീഷ് എ.എസ്, ശ്രീനിതിൻ ദിവാകർ, അബ്ദുൽ റിയാസ്,ധ്രുവരാജ്‌ എസ് എന്നിവർ നേതൃത്വം നൽകി. 

Tags:    
News Summary - 60 amphibians, 74 reptiles at Munnar Wildlife Sanctuary

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.