നിരത്തിലെ നിയമലംഘകർ ജാഗ്രതൈ...സംസ്ഥാനത്തെ 726 എ.​ഐ കാമറകള്‍ സെപ്റ്റംബറോടെ പ്രവര്‍ത്തന സജ്ജമാകും

കൽപറ്റ: മോട്ടോര്‍വാഹന വകുപ്പിന്റെ നേതൃത്വത്തില്‍ സംസ്ഥാനത്ത് സ്ഥാപിച്ച 726 നിര്‍മിത ബുദ്ധി (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്-എ.ഐ) കാമറകൾ ആഗസ്റ്റ്- സെപ്റ്റംബര്‍ മാസത്തോടെ നിരീക്ഷണ സജ്ജമാകുമെന്ന് ഗതാഗത വകുപ്പു മന്ത്രി ആന്റണി രാജു. നിരത്തുകളില്‍ അനാവശ്യമായി വാഹനങ്ങള്‍ തടഞ്ഞുനിര്‍ത്തി പരിശോധിക്കുന്നത് തടയാനും നിയമലംഘകരോടുള്ള പക്ഷപാതപരമായ സമീപനം ഒഴിവാക്കാനുമായി സ്ഥാപിച്ച കാമറകൾ പരീക്ഷണ ഘട്ടത്തിലാണിപ്പോൾ. പക്ഷപാതമില്ലാതെ, വിവേചനരഹിതമായി മോട്ടോര്‍വാഹന നിയമലംഘനങ്ങള്‍ കണ്ടെത്തുന്നതിന് നൂതന പദ്ധതികള്‍ ആവിഷ്‌ക്കരിച്ച് നടപ്പാക്കി വരുന്നതായും മന്ത്രി പറഞ്ഞു.

മോട്ടോര്‍വാഹന വകുപ്പിന്റെ നേതൃത്വത്തില്‍ കൽപറ്റ സിവില്‍ സ്റ്റേഷനിലെ എ.പി.ജെ ഹാളില്‍ സംഘടിപ്പിച്ച 'വാഹനീയം- 2022' വയനാട് ജില്ലതല പരാതി പരിഹാര അദാലത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അമിതഭാരം കയറ്റിയ വാഹനങ്ങളുടെ ചെക്‌പോസ്റ്റുകളിലെ പരിശോധനാ ബുദ്ധിമുട്ടുകള്‍ പരിഹരിക്കുന്നതിനായി നൂതന സംവിധാനം ഏതാനും നാളുകള്‍ക്കുള്ളികള്‍ യാഥാര്‍ഥ്യമാകും. ഓടുന്ന എല്ലാ വാഹനങ്ങളുടെയും ഭാരം എടുക്കാന്‍ കഴിയുന്ന കോണ്‍ടാക്റ്റ്‌ലെസ് വെയിങ് ട്രാക്കുകളാണ് ചെക്‌പോസ്റ്റുകളില്‍ സ്ഥാപിച്ചു വരുന്നത്. ഡ്രൈവിങ് ലൈസന്‍സ്, ആര്‍.സി ബുക്ക് തുടങ്ങിയവ നിലവില്‍ ലാമിനേറ്റഡ് കാര്‍ഡുകളായി നല്‍കുന്നത്.

സ്മാര്‍ട്ട് കാര്‍ഡുകളാക്കി മാറ്റുന്നതിന് 2004 മുതല്‍ നടക്കുന്ന ശ്രമങ്ങള്‍ നിയമതടസ്സം കാരണം യാഥാര്‍ഥ്യമാക്കാന്‍ കഴിഞ്ഞിട്ടില്ല. ഇവ നിയമതടസ്സങ്ങള്‍ ഇല്ലാത്തവിധം അന്താരാഷ്ട്ര നിലവാരത്തിലുള്ള എലഗന്റ് കാര്‍ഡുകളാക്കാന്‍ നടപടി പൂര്‍ത്തിയായി വരുന്നുണ്ട്. പഴയ ഡ്രൈവിങ് ലൈസന്‍സുകളും ആര്‍.സികളും ഇന്റര്‍നാഷനല്‍ പെര്‍മിറ്റുകളും വൈകാതെ എലഗന്റ് കാര്‍ഡുകളിലേക്ക് മാറാനാകുമെന്ന് മന്ത്രി അറിയിച്ചു.

മോട്ടോര്‍വാഹന വകുപ്പിന്റെ 85 ശതമാനം സേവനങ്ങളും ഇപ്പോള്‍ ഓണ്‍ലൈനാണെന്നും ഓഫിസുകള്‍ സന്ദര്‍ശിക്കാതെയും അനാവശ്യമായ പണച്ചെലില്ലാതെയും സുതാര്യതയോടെ ഈ സേവനങ്ങള്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാകും. ഭിന്നശേഷിക്കാര്‍ക്ക് നാലുചക്ര വാഹനങ്ങളുണ്ടെങ്കില്‍ അവര്‍ ദാരിദ്ര്യരേഖയ്ക്കു മുകളിലാകുന്ന കേന്ദ്ര നിയമം ഭേദഗതി ചെയ്യണമെന്ന് ആവശ്യപ്പെടാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

Tags:    
News Summary - 726 AI cameras will start functioning by September

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.