തിരുവനന്തപുരം: കടമെടുപ്പ് പരിധിയിലെ കേന്ദ്രത്തിന്റെ കടുംവെട്ടിൽ വട്ടംചുറ്റുന്നതിനിടെ, ഓണച്ചെലവുകൾക്ക് പണം കണ്ടെത്താനാകാതെ സംസ്ഥാനം കടുത്ത ധനപ്രതിസന്ധിയിലേക്ക്. 7850 കോടി രൂപയാണ് ഓണക്കാല ചെലവുകൾക്കുവേണ്ടത്. 2013ൽ എടുത്ത 1500 കോടിയുടെ വായ്പ തിരിച്ചടവിനുള്ള സമയവുമായി. ബോണസും ഉത്സവബത്തയും ശമ്പള അഡ്വാൻസും ക്ഷേമ പെൻഷനുകളുമാണ് പ്രധാനചെലവുകൾ. ശമ്പളത്തിനും പെൻഷനും കെ.എസ്.ആർ.ടി.സിക്കുള്ള പ്രതിമാസ വിഹിതത്തിനു പുറമെയാണിത്. ബോണസിലും ഉത്സവബത്തയിലും ക്ഷേമപെൻഷനിലുമൊന്നും കൈവെക്കാനാകില്ല.
ജീവനക്കാർ അഞ്ചു മാസം കൊണ്ട് തിരിച്ചടക്കുന്ന ശമ്പള അഡ്വാൻസിലാണ് ധനവകുപ്പിന്റെ കണ്ണ്. അഡ്വാൻസായി കഴിഞ്ഞ വർഷം നൽകിയത് 20,000 രൂപയാണ്. ഈ തുക വെട്ടിക്കുറച്ചോ ഒഴിവാക്കിയോ പ്രതിസന്ധിക്ക് നേരിയ അയവുവരുത്താനാണ് ധനവകുപ്പിന്റെ ആലോചന. നയപരമായ തീരുമാനമായതിനാൽ മന്ത്രിസഭ അനുമതി വേണ്ടിവരും. ബുധനാഴ്ച മന്ത്രിസഭ യോഗത്തിൽ വിഷയം പരിഗണിച്ചേക്കുമെന്നാണ് വിവരം.
ശമ്പളത്തിനും പെൻഷനുമായി വേണ്ടത് 5500 കോടിയാണ്. രണ്ടു മാസത്തെ ക്ഷേമ പെൻഷന് 1700 കോടി വേണം. ബോണസും ഉത്സവബത്തയും അഡ്വാൻസിനുമായി 600 കോടിയും കെ.എസ്.ആർ.ടി.സിക്കുള്ള മാസവിഹിതം 50 കോടിയും.ഈ സാമ്പത്തിക വർഷം പൊതുവിപണിയിൽനിന്ന് കേരളത്തിന് കടമെടുക്കാമെന്ന് കേന്ദ്രം തന്നെ സമ്മതിച്ചിരുന്ന 32,442 കോടിയിൽ ഒറ്റയടിക്ക് 17,052 കോടി രൂപയാണ് വെട്ടിക്കുറച്ചത്. ഇതോടെ, ഈ വർഷം കടമെടുക്കാൻ കഴിയുന്ന തുക 15,390 കോടിയായി കുത്തനെ കുറഞ്ഞു. ഇതിൽ 11,500 കോടിയുമെടുത്തു.
ശേഷിക്കുന്നത് 3890 കോടിയാണ്. 1000 കോടി ഈ ആഴ്ച കടമെടുക്കും. ശേഷിക്കുന്ന 2890 കോടി കൊണ്ട് എങ്ങനെ ഓണക്കാലച്ചെലവുകൾ മറികടക്കുമെന്നതാണ് പ്രതിസന്ധി. ജി.എസ്.ടി നഷ്ടപരിഹാരം നിർത്തിയതിനു പിന്നാലെയാണ് അർഹതപ്പെട്ട വരുമാന സ്രോതസ്സിന് കേന്ദ്രം തടയിട്ടത്. എ.ജിയുടെ താൽക്കാലിക കണക്ക് പ്രകാരം ഏപ്രിൽ-മേയ് മാസങ്ങളിലെ വരവും ചെലവും തമ്മിലുള്ള അന്തരം 9000 കോടിയാണ്. അഞ്ചു വർഷത്തിനിടയിലെ ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയാണ് സംസ്ഥാനം നേരിടുന്നത്. ട്രഷറി നിയന്ത്രണമാണ് സർക്കാറിനു മുന്നിലെ മറ്റൊരു പോംവഴി. നിലവിൽ അഞ്ചു ലക്ഷം രൂപയിൽ കൂടുതലുള്ള ബിൽ മാറുന്നതിന് ധനവകുപ്പിന്റെ പ്രത്യേകാനുമതി വേണമെന്നാണ് വ്യവസ്ഥ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.