പട്ടയകടലാസ് കിട്ടിയിട്ട് കാൽനൂറ്റാണ്ടോളം: ഭൂമി എവിടെയെന്ന് അട്ടപ്പാടിയിലെ ആദിവാസികൾ

കോഴിക്കോട്: പട്ടയകടലാസ് കിട്ടിയിട്ട് ഏതാണ്ട് കാൽനൂറ്റാണ്ടോളമായിട്ടും ഭൂമി ലഭിക്കാതെ അട്ടപ്പാടിയിലെ ആദിവാസികൾ. ഇടതു സർക്കാർ പാസാക്കിയ 1999 ലെ പട്ടികവർഗ ഭൂമി കൈമാറ്റ നിയന്ത്രണവും പുനരവകാശ സ്ഥാപനവും നിയമപ്രകാരം വിതരണം ചെയ്ത പട്ടയത്തിലാണ് ഭൂമി ലഭിക്കാതെ പോയത്. 1999 ൽ ഇ.കെ നായനാരുടെ മന്ത്രിസഭയിൽ റവന്യൂ മന്ത്രിയായിരുന്ന കെ.ഇ ഇസ്മയിലാണ് അട്ടപ്പാടിയിൽ വമ്പിച്ച പട്ടയമേള നടത്തിയത്.

ആദിവാസികളുടെ അന്യാധീനപ്പെട്ട ആദിവാസി ഭൂമിക്ക് പകരം ഭൂമി നൽകാനായിരുന്നു പട്ടയമേള. 1999ൽ നടന്ന പട്ടയമേളയിൽ അന്യാധിനപ്പെട്ട ഭൂമിക്ക് പകരമായി കോട്ടത്തറ പട്ടിമാളം ഊരിലെ വി.സുരേഷിനെ സി 6-3945/99 നമ്പരിലാണ് പട്ടയം അനുവദിച്ചത്. സുരേഷ് കഴിഞ്ഞ 23 വർഷം വിവിധ സർക്കാർ ഓഫീസുകളിലും വിവിധ അദാലത്തുകളിലും പരാതികൾ നൽകി. ഭൂമി അളന്ന് കൊടുക്കുന്നതിന് റവന്യൂവകുപ്പ് ഇതുവരെ നടപടി സ്വീകരിച്ചില്ല.

പാലക്കാട് കലക്ടർ മൃൺ മയി ജോഷി ഡിസംബർ 17 ന് അട്ടപ്പാടിയിൽ നടത്തിയ അദാലത്തിലും സുരേഷ് പരാതി നൽകി. അന്യാധീനപ്പെട്ട ഭൂമിയോ പകരം ഭൂമിയോ അളന്നുതിരിച്ച് ലഭിക്കുന്നതിന് വേണ്ട നടപടി സ്വീകരിക്കണമെന്നാണ് അദ്ദേഹം പരാതിയിൽ ആവശ്യപ്പെട്ടത്. തുടർനടപടിക്കായി  കലക്ടർ പരാതി അട്ടപ്പാടി താലൂക്ക് തഹസിൽദാർക്ക് കൈമാറി. തഹസിൽദാർ എന്നെങ്കിലും ഭൂമി കണ്ടെത്തി നൽകുമെന്ന് ആർക്കും വിശ്വാമില്ല.



 പട്ടിമാളം ഊരിലെ സുരേഷിന്റെ മുത്തച്ഛൻ പൊന്നൻ എന്ന് വിളിച്ചിരുന്ന റൂണി സ്ഥലത്തെ ജന്മി ആയിരുന്നു. ഏതാണ്ട് 30 ഏക്കറിലധികം ഭൂമിയിലാണ് സ്വന്തമായി കൃഷി ചെയ്തിരുന്നത്. അദ്ദേഹത്തിന് അഞ്ച് മക്കളുണ്ടായിരുന്നു. അതിൽ സുരേഷിന്റെ അമ്മക്കും ഒമ്പത് ഏക്കർ ഭൂമി അന്യാധീനപ്പെട്ടു. കുടുംബ ഭൂമി  മൂന്നു പേരാണ് കൈവശപ്പെടുത്തിയത്. ഒൻപത് ഏക്കർ നഷ്ടപ്പെട്ടുവെങ്കിലും 1999 ലെ നിയമപ്രകാരം ഒരു സെൻറ് ഭൂമി പോലും പകരം ഭൂമി ലഭിക്കില്ല. പട്ടയും ലഭിച്ച ആദിവാസികളിൽ ആർക്കും തന്നെ ഇതുവരെ ഭൂമി ലഭിച്ചിട്ടില്ലെന്നും സുരേഷ് മാധ്യമം ഓൺലൈനോട് പറഞ്ഞു.

സുരേഷിന് നാലേക്കർ ഭൂമിയാണ് സർക്കാർ നൽകിയത്. ഏതു വില്ലേജിലാണെന്നോ എവിടെയാണെന്നോ സുരേഷിന് ഇതുവരെ അറിയില്ല. പട്ടയകടലാസ് കൈയിൽ കിട്ടിയിട്ട് 23 വർഷം കഴിഞ്ഞിട്ടു റവന്യൂ ഉദ്യോഗസ്ഥർക്ക് കാമലർത്തുകയാണ്. ഭൂമി എവിടെയാണെന്ന് ആർക്കും അറിയില്ല. അതേസമയം ഭൂമി കൈയേറിയവർക്ക് 1999ലെ നിയമപ്രകാരം ഭൂമിയിലുള്ള എല്ലാവിധ അവകാശവും ലഭിച്ചു.


 


ലാൻഡ് റവന്യൂ കമീഷണർ അടക്കം എല്ലാവർക്കും പരാതി നൽകി കാത്തിരിക്കുകയാണ് സുരേഷ്. കോടതിയിൽ കേസ് നൽകണമെങ്കിൽ വക്കീലിന് പണം നൽകണം. അട്ടപ്പാടിയിലെ ആദിവാസികളെ സംബന്ധിച്ചിടത്തോളം കേസ് നടത്തുക വളരെ ഭാരിച്ച ചെലവാണ്. അതിനാലാണ് ഇപ്പോഴും കേസ് കൊടുക്കാൻ കഴിയാത്തതെന്നും സുരേഷ് പറഞ്ഞു. ആദിവാസി ഭൂമി കൈയേറിയവർക്ക് ഭൂമി സ്വന്തമാക്കാനുള്ള അവകാശമാണ് 1999ലെ നിയമത്തിലൂടെ സർക്കാർ നൽകിയത്.

സുരേഷിന്റെ അമ്മയുടെ ഭൂമി കൈവശംവെച്ചിരിക്കുന്നവർ മൂന്ന് പേരാണ്. ഏല്ലവരുടെയും കൈവശമുള്ള ഭൂമി രണ്ട് ഹെക്ടറിൽ താഴെയാണ്. അതിനാൽ 1999ലെ നിയമപ്രകാരം അവർക്കെല്ലാം ഭൂമിക്ക് ഉടമസ്ഥത ലഭിക്കും. നിയമനിർമാണം നടത്തിയപ്പോൾ അന്യാധീനപ്പെട്ട ആദിവാസി ഭൂമിയുടെ ഭൂമിയുടെ 50 ശതമാനം ആദിവാസിക്കും 50 ശതമാനം കർഷകനും എന്ന നിബന്ധന വെച്ചിരുന്നുവെങ്കിൽ ആദിവാസികൾക്ക് പിറന്ന മണ്ണിൽ ജീവിക്കാനുള്ള അവകാശം ലഭിക്കുമായിരുന്നുവെന്ന് സരേഷ് പറയുന്നു.

Tags:    
News Summary - A century after getting title deed: Attapadi tribals say where is the land?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.