കൊച്ചി: അടുത്ത 25 വര്‍ഷത്തേക്കുള്ള കൊച്ചിയിലെ ഖര മാലിന്യ പരിപാലനം ലക്ഷ്യമിട്ട് സമഗ്ര ഖര മാലിന്യ രൂപരേഖ തയാറാക്കാനൊരുങ്ങി കൊച്ചി കോര്‍പ്പറേഷന്‍. കോര്‍പറേഷന്റെ നിലവിലുള്ള ഖരമാലിന്യ പരിപാലന പ്രവര്‍ത്തനങ്ങളിലുള്ള പോരായ്മകള്‍ കണ്ടെത്തി പരിഹരിക്കുന്നതിനും മാലിന്യ പ്രശ്‌നങ്ങള്‍ക്കു ശ്വാശത പരിഹാരം കണ്ടെത്തുന്നതിനുമായാണ് ദീര്‍ഘകാല സമഗ്ര രൂപ രേഖ തയാറാക്കുന്നത്.
വേള്‍ഡ് ബാങ്ക് സഹായത്തോടെ പ്രവര്‍ത്തിക്കുന്ന കേരള ഖര മാലിന്യ പരിപാലന പദ്ധതി നിയമിക്കുന്ന വിദഗ്ധര്‍ ആയിരിക്കും രൂപരേഖ തയാറാക്കുക. പദ്ധതിയുടെ ആദ്യപടിയായി പൊതുസമൂഹത്തിന്റെ അഭിപ്രായങ്ങള്‍ ശേഖരിക്കുവാനായി പൊതുകൂടിയാലോചന യോഗം ടൗണ്‍ ഹാളില്‍ ചേര്‍ന്നു. മേയര്‍ അഡ്വ. എം.അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു.
ബ്രഹ്മപുരം പ്രശ്‌നത്തിന് ശേഷം എല്ലാ സര്‍ക്കാര്‍ ഏജന്‍സികളും ഒരുമിച്ചു കൊച്ചിക്ക് വേണ്ടി പ്രവര്‍ത്തിച്ചതിലൂടെ വലിയ മാറ്റങ്ങള്‍ സൃഷ്ടിച്ചുവെന്ന് മേയര്‍ പറഞ്ഞു. എണ്ണൂറോളം പേരെ പുതിയതായി ഹരിതകര്‍മസേനയില്‍ ചേര്‍ത്തു. പങ്കെടുത്തവര്‍ നാല് ഗ്രൂപ്പുകളായി തിരിഞ്ഞുള്ള ചര്‍ച്ചക്ക് ശേഷം നിര്‍ദേശങ്ങള്‍ നല്‍കി. കേരള ഖര മാലിന്യ പരിപാലന പദ്ധതി നിയമിച്ചിട്ടുള്ള വിദഗ്ധര്‍ ഈ നിര്‍ദേശങ്ങള്‍ ക്രോഡീകരിച്ച് സമഗ്രമായ പ്ലാന്‍ തയാറാക്കും. വിവിധ സര്‍ക്കാര്‍ പദ്ധതികളിലെ ഫണ്ടുകള്‍ സംയോജിപ്പിച്ചായിരിക്കും രൂപരേഖ പ്രാവര്‍ത്തികമാക്കുന്നത്.
ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ടി.കെ അഷ്റഫ് യോഗത്തില്‍ അധ്യക്ഷത വഹിച്ചു. കേരള ഖരമാലിന്യ പരിപാലന പദ്ധതി ഡെപ്യൂട്ടി ഡിസ്ട്രിക്ട് കോ ഓഡിനേറ്റര്‍ എം.എസ് ധന്യ, സോഷ്യല്‍ എക്‌സ്‌പേര്‍ട്ട് എസ്.വിനു, സോളിഡ് വേസ്റ്റ് മാനേജ്‌മെന്റ് എഞ്ചിനീയര്‍ ക്വിനി സബിന്‍, ശുചിത്വ മിഷന്‍ കപ്പാസിറ്റി ബില്‍ഡിംഗ് കോ ഓഡിനേറ്റര്‍ അമീര്‍ഷ എന്നിവര്‍ ചര്‍ച്ചക്ക് നേതൃത്വം നല്‍കി.
കൗണ്‍സിലര്‍മാര്‍, സ്‌കൂളുകള്‍, വ്യാപാരി വ്യവസായി, റെസിഡന്‍സ് അസോസിയേഷനുകള്‍, വാട്ടര്‍ അതോറിറ്റി, കുടുംബശ്രീ, ഹരിതകര്‍മസേന, ശുചിത്വ മിഷന്‍, ക്ലീന്‍ കേരള കമ്പനി, കില, നഗരസഭ ആരോഗ്യ വിഭാഗം, ടെക്‌നിക്കല്‍ കണ്‍സള്‍റ്റന്റ്‌സ് എന്നിവരുടെ പ്രതിനിധികള്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.