കോട്ടയം: റോഡും തോടും ഒന്നായിക്കിടക്കുന്ന പാറേച്ചാൽ ജെട്ടിയിലേക്ക് തിരിഞ്ഞ കാർ തോട്ടിലേക്ക് വീഴുന്നത് പാലത്തിനപ്പുറം താമസിക്കുന്ന ചന്ദ്രബോസ് കണ്ടില്ലായിരുന്നെങ്കിൽ വെള്ളിയാഴ്ച പുലരുന്നത് ഹൃദയം തകർക്കുന്ന ദുരന്തവാർത്തയുമായിട്ടായിരുന്നേനെ. തിരുവല്ല കുമ്പനാട് സ്വദേശികളായ ഡോ. സോണിയ, മൂന്നുമാസം പ്രായമുള്ള കുഞ്ഞ്, സഹോദരൻ അനീഷ്, മാതാവ് ശോശാമ്മ എന്നിവർക്കാണ് പാറേച്ചാൽ നിവാസികളുടെ ആത്മധൈര്യം മൂലം ജീവൻ തിരിച്ചുകിട്ടിയത്.
വ്യാഴാഴ്ച രാത്രി 11ഓടെ വെള്ളംകയറിയ വീടിന് മുന്നിൽ നിൽക്കുമ്പോഴാണ് ചന്ദ്രബോസ് ആ കാഴ്ച കണ്ടത്. തിരുവാതുക്കൽ-നാട്ടകം സിമന്റ് കവല ബൈപാസിലൂടെ വന്ന ചുവന്ന കാർ തിരുവാതുക്കൽ റോഡിലേക്ക് കയറാതെ പാറേച്ചാൽ ജെട്ടിയുടെ ഭാഗത്തേക്ക് തിരിയുന്നു. ഇവിടെ നടവഴിയല്ലാതെ റോഡില്ല. വഴിയും തോടും ഒന്നായിക്കിടക്കുകയാണ്. കാർ വെള്ളത്തിൽ പതിക്കുന്നതും ഒഴുകിനീങ്ങുന്നതും ചന്ദ്രബോസ് കണ്ടു. ഉടൻ, അലറിവിളിക്കുകയായിരുന്നു. ബഹളംകേട്ട് പാലത്തിനപ്പുറത്തെ വീട്ടിലെ സത്യനാണ് ആദ്യം പുറത്തിറങ്ങിയത്, പുറകെ മറ്റുള്ളവരും. നല്ല കുത്തൊഴുക്കായതിനാൽ കാറിനൊപ്പം ആദ്യം ഇവരെത്തിയില്ല. തോമസിന്റെ വീടിനുമുന്നിലെത്തിയപ്പോൾ കാർ അൽപനേരം തടഞ്ഞുനിന്നു. ഒഴുക്ക് അവഗണിച്ച് കൂട്ടത്തിലൊരാൾ വെള്ളത്തിലേക്കുചാടി. പുറകെ മറ്റുള്ളവരും. നാല് ഡോറുകളും വെള്ളത്തിനടിയിലായിരുന്നതിനാൽ ആരൊക്കെയാണ് കാറിലെന്ന് അറിയാൻ കഴിഞ്ഞിരുന്നില്ല. വെളിച്ചം ഇല്ലാത്ത ഭാഗമായിരുന്നതിനാൽ രക്ഷാപ്രവർത്തനം ദുഷ്കരമായി. കാറിനകത്തുള്ളവർ പ്രാണഭയം മൂലം ചില്ലിൽ കൈകൊണ്ടടിക്കുന്ന ശബ്ദം കേൾക്കാമായിരുന്നു. എല്ലാവരും ചേർന്ന് കാർ കരഭാഗത്തേക്ക് വലിച്ചു. രണ്ടുപേർ ചേർന്ന് കാറിന്റെ പിൻഭാഗം ഉയർത്തിയപ്പോഴാണ് അകത്തുള്ളവരെ കണ്ടത്. കാർ വെള്ളത്തിൽനിന്ന് ഉയർന്നതോടെ ഡ്രൈവർ സീറ്റിലിരുന്നയാൾക്ക് മുന്നിലെ ഡോർ തുറക്കാനായി. ഉടൻ കാറിൽനിന്ന് കുഞ്ഞിനെ എടുത്ത് കരയിൽനിന്ന സ്ത്രീകളുടെ കൈയിൽകൊടുത്തു. പിന്നെ മറ്റുള്ളവരെയും കരക്കെത്തിച്ചു. ഒഴുകിപ്പോകാതിരിക്കാൻ കാർ കയറുപയോഗിച്ച് മരത്തിൽകെട്ടി. നാലുപേരെയും സമീപത്തെ രജനിയുടെ വീട്ടിലെത്തിച്ചു. ഭയന്ന അവസ്ഥയിലായിരുന്നു എല്ലാവരും. ആർക്കും പരിക്കുണ്ടായിരുന്നില്ല. ഗൂഗിൾമാപ്പ് നോക്കി വന്നതാണെന്നും വെള്ളം കണ്ടതോടെ ഭയന്ന് വേഗത കൂട്ടിയെന്നുമാണ് വാഹനമോടിച്ച അനീഷ് പറഞ്ഞത്. തുടർന്ന് ഫോണിൽ സോണിയയുടെ ഭർത്താവിനെ വിവരം അറിയിച്ചു. അപ്പോഴേക്കും പൊലീസും അഗ്നിരക്ഷ സേനയും സ്ഥലത്തെത്തി. രാത്രിതന്നെ നാലുപേരെയും നാട്ടുകാർ ചേർന്ന് പാറേച്ചാൽ ബൈപാസിലെത്തിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.