പാലക്കാട്: രാഹുൽ ഗാന്ധിക്കെതിരായ പി.വി. അൻവറിന്‍റെ അധിക്ഷേപ പരാമർശത്തിൽ പ്രതികരണവുമായി പാലക്കാട്ടെ എൽ.ഡി.എഫ് സ്ഥാനാർഥി എ. വിജയരാഘവൻ. പ്രസംഗിക്കുമ്പോൾ നല്ല ഭാഷ ഉപയോഗിക്കുന്നതാണ് നല്ലതെന്ന് വിജയരാഘവൻ പറഞ്ഞു.
എല്ലായ്പോഴും പ്രസംഗങ്ങൾ വളരെ പക്വമായ രീതിയിലാണ് നമ്മൾ കൈകാര്യം ചെയ്തിട്ടുള്ളത്. അൻവറിന്‍റെ പ്രസംഗത്തിന്‍റെ ഏതെങ്കിലും ഭാഗമെടുത്ത് വിവാദമാക്കേണ്ട. അൻവറിന്‍റെ പ്രസംഗം കേട്ടില്ലെന്നും അതിനാൽ മറുപടി പറയുന്നത് ശരിയല്ലെന്നും വിജയരാഘവൻ ചൂണ്ടിക്കാട്ടി.
തെരഞ്ഞെടുപ്പ് കാലത്തെ പ്രസംഗങ്ങളിൽ നിന്ന് ഒരു ഭാഗമെടുത്ത് വിവാദമുണ്ടാക്കാൻ സാധിക്കുമോ എന്ന് പരിശോധിക്കുന്നത് നല്ല മാധ്യമപ്രവർത്തന ശൈലിയാണ്. താനതിൽ കുടുങ്ങാൻ പാടില്ല. പ്രസംഗിക്കുമ്പോൾ ഒരു വാദമുഖം മുന്നോട്ട് വെക്കുകയാണ് ചെയ്യുന്നത്. ആ വാദം നല്ലരീതിയിൽ സമർഥിക്കാൻ നല്ല ഭാഷ ഉപയോഗിക്കുകയാണ് വേണ്ടതെന്നും എ. വിജയരാഘവൻ പ്രതികരിച്ചു.
പാലക്കാട് എടത്തനാട്ടുകരയിൽ എൽ.ഡി.എഫ് ലോക്കൽ കമ്മിറ്റിയുടെ തെരഞ്ഞെടുപ്പ് യോഗത്തിലാണ് രാഹുൽ ഗാന്ധിക്കെതിരെ പി.വി. അൻവർ അധിക്ഷേപ പരാമർശം നടത്തിയത്. രാഹുൽ ഗാന്ധിയുടെ ഡി.എൻ.എ പരിശോധിക്കണമെന്നായിരുന്നു പി.വി. അൻവറിന്‍റെ പരാമർശം.
‘ഗാന്ധി’ എന്ന പേര് ചേർത്ത് ഉച്ചരിക്കാൻ അർഹതയില്ലാത്ത നാലാംകിട പൗരനാണ്. പേരിനൊപ്പമുള്ള ഗാന്ധി ഒഴിവാക്കി രാഹുൽ എന്ന് മാത്രമേ വിളിക്കൂവെന്നും പി.വി. അൻവർ വ്യക്തമാക്കി.
‘രണ്ട് ദിവസമായി ‘‘ഗാന്ധി’ എന്ന പേര് കൂട്ടിച്ചേർത്ത് പറയാൻ അർഹതയില്ലാത്ത നാലാംകിട പൗരനായി രാഹുൽ മാറി. ഞാനല്ല പറഞ്ഞത്, ഇന്ത്യയിലെ ഭക്ഷണം കഴിക്കുന്നന സകല മനുഷ്യരും കഴിഞ്ഞ രണ്ട് ദിവസമായി പറഞ്ഞു കൊണ്ടിരിക്കുകയാണ്.
എന്താ സ്ഥിതി, നെഹ്റു കുടുംബത്തിൽ ഇങ്ങനെയൊരു മനുഷ്യൻ ഉണ്ടാകുമോ? നെഹ്റു കുടുംബത്തിന്‍റെ ജെനിറ്റിക്സിൽ ജനിച്ച ഒരു വ്യക്തിക്ക് അങ്ങനെ പറയാൻ കഴിയുമോ. അക്കാര്യത്തിൽ എനിക്ക് നല്ല സംശയമുണ്ട്.
രാഹുൽ ഗാന്ധിയുടെ ഡി.എൻ.എ പരിശോധിക്കണമെന്ന അഭിപ്രായക്കാരനാണ് ഞാൻ. യാതൊരു തർക്കവുമില്ല. ആ ജവഹർലാൽ നെഹ്റുവിന്‍റെ പേരക്കുട്ടിയായി വളരാനുള്ള ഒരു അർഹതയും രാഹുലിനില്ല. രാഹുൽ മോദിയുടെ ഏജന്‍റാണോ എന്ന് ആലോചിക്കേണ്ടിടത്തേക്ക് കാര്യങ്ങൾ എത്തിയിരിക്കുകയാണ്’’- പി.വി. അൻവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.