പാലക്കാട്: കാലവർഷം ആരംഭിച്ച് ഒരാഴ്ച പിന്നിടുമ്പോൾ സംസ്ഥാനത്ത് ലഭിച്ചത് 48 ശതമാനം കുറവ് മഴ. മേയ് 29നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് കേരളത്തിൽ കാലവർഷം എത്തിയതായി സ്ഥിരീകരിച്ചതെങ്കിലും ഈ മാസം ഒന്നുമുതൽ ലഭിച്ച മഴയാണ് ഔദ്യോഗികമായി കാലവർഷക്കണക്കിൽ ഉൾപ്പെടുത്തുക. ഇതനുസരിച്ച് കേരളത്തിൽ ഇതുവരെ ലഭിച്ചത് ശരാശരി 62.8 മില്ലിമീറ്റർ മഴയാണ്. സാധാരണ ഈ കാലയളവിൽ ലഭിക്കേണ്ടത് 120.6 മി.മീറ്ററാണ്.
എല്ലാ ജില്ലയിലും സാധാരണയിൽ കുറവ് മഴയാണ് ലഭിച്ചതെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പിന്‍റെ കണക്കുകൾ വ്യക്തമാക്കുന്നു. 110 മി.മീ. ലഭിച്ച കോഴിക്കോട് ജില്ലയിലാണ് കൂടുതൽ മഴ ലഭിച്ചത്. ഇതാകട്ടെ ശരാശരി ലഭിക്കേണ്ട മഴയിൽനിന്ന് 36 ശതമാനം കുറവാണെന്ന് കാലാവസ്ഥ നിരീക്ഷകൻ രാജീവൻ എരിക്കുളം പറഞ്ഞു.
സാധാരണയായി കൂടുതൽ കാലവർഷ മഴ ലഭിക്കാറുള്ള കാസർകോട്, കണ്ണൂർ, വയനാട്, ഇടുക്കി ജില്ലകളിൽ 60 ശതമാനത്തിലധികം മഴക്കുറവാണ് ഇത്തവണ. പാലക്കാട് ജില്ലയിൽ 80 ശതമാനമാണ് കുറവ്. തുടക്കം മുതൽ വളരെ ദുർബലമായിരുന്ന കാലവർഷം വരുംദിവസങ്ങളിൽ നേരിയ തോതിൽ ശക്തിപ്രാപിക്കാൻ സാധ്യതയുണ്ടെന്നും രാജീവൻ എരിക്കുളം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.