അറസ്റ്റിലായ പ്രിനു

കുളിമുറിയിൽ ഒളികാമറ സ്ഥാപിച്ച് ദൃശ്യങ്ങൾ പകർത്തിയ അയൽവാസിയായ യുവാവ് അറസ്റ്റിൽ

തിരുവല്ല: കുളിമുറിയിൽ ഒളികാമറ സ്ഥാപിച്ച് ദൃശ്യങ്ങൾ പകർത്തിയെന്ന അയൽവാസിയുടെ പരാതിയിൽ യുവാവ് അറസ്റ്റിൽ. തിരുവല്ല മുത്തൂർ ലക്ഷ്മി സദനത്തിൽ പ്രിനു (30) ആണ് തിരുവല്ല പൊലീസ് അറസ്റ്റ് ചെയ്തത്. രണ്ട് പെൺകുട്ടികളും മാതാവും അടക്കം മൂന്നുപേർ താമസിക്കുന്ന വീടുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന പ്രതി സ്ത്രീകൾ കുളിമുറിയിൽ കയറുന്ന തക്കം നോക്കിയാണ് കാമറ സ്ഥാപിച്ചിരുന്നത്. ഏതാനും മാസങ്ങളായി ഒളികാമറ ഉപയോഗിച്ച് പ്രതി ദൃശ്യങ്ങൾ പകർത്തി വരികയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

കുളിമുറിയിൽ കയറിയ ആൾ പുറത്തിറങ്ങുന്ന തക്കം നോക്കി കാമറ തിരികെ എടുത്തു കൊണ്ടുപോയി ദൃശ്യങ്ങൾ കമ്പ്യൂട്ടറിലേക്ക് മാറ്റും. ഇക്കഴിഞ്ഞ ഡിസംബർ 16ന് വീട്ടിലെ ഇളയ പെൺകുട്ടി കുളിമുറിയിൽ കയറിയ സമയത്ത് ഒളികാമറ അടങ്ങുന്ന പേന വെന്റിലേറ്ററിൽ വെക്കാൻ ശ്രമിച്ചു. ഇതിനിടെ പെൻ കാമറ കുളിമുറിക്കുള്ളിലേക്ക് വീണു. തുടർന്ന് നടത്തിയ പരിശോധനയിൽ പേനക്കുള്ളിൽ നിന്നും ഒളികാമറയും മെമ്മറി കാർഡും ലഭിച്ചു. തുടർന്ന് മെമ്മറി കാർഡ് പരിശോധിച്ചപ്പോഴാണ് പ്രിനുവിന്റെ ചിത്രവും ഏതാനും ദിവസങ്ങളായി പകർത്തിയ ദൃശ്യങ്ങളും ലഭിച്ചത്. ഇതേതുടർന്ന് ഗൃഹനാഥൻ പൊലീസിൽ പരാതി നൽകുകയായിരുന്നു.

പരാതി നൽകിയതറിഞ്ഞ് പ്രതി ഒളിവിൽ പോയി. സിം കാർഡുകൾ മാറിമാറി ഉപയോഗിച്ച് തമിഴ്നാട്ടിൽ അടക്കം ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ എറണാകുളം വിജിലൻസ് ഉദ്യോഗസ്ഥനായ സഹോദരി ഭർത്താവിന്‍റെ ചങ്ങനാശ്ശേരിയിലെ ക്വാർട്ടേഴ്സിൽ നിന്നും വ്യാഴാഴ്ച രാത്രിയോടെ അറസ്റ്റ് ചെയ്യുകയായിരുന്നു. ദൃശ്യങ്ങൾ സൂക്ഷിക്കാൻ ഉപയോഗിച്ചിരുന്ന കമ്പ്യൂട്ടർ കണ്ടെത്തുന്നതിനായുള്ള അന്വേഷണം പൊലീസ് ആരംഭിച്ചിട്ടുണ്ട്.

പ്രതിയെ ഒളിവിൽ കഴിയാൻ സഹായിച്ച കുറ്റത്തിന് സഹോദരിക്കും സഹോദരി ഭർത്താവിനും എതിരെ കേസെടുക്കുമെന്ന് എസ്.എച്ച്.ഒ ബി.കെ സുനിൽ കൃഷ്ണൻ പറഞ്ഞു. ഡിവൈ.എസ്.പി എസ്. ആഷാദിന്റെ നിർദേശപ്രകാരം എസ്.എച്ച്.ഒ ബി.കെ സുനിൽ കൃഷ്ണൻ, എസ്.ഐ സി. അലക്സ്, സീനിയർ സി.പി.ഒ കെ.ആർ. ജയകുമാർ, പ്രത്യേക അന്വേഷണ സംഘാംഗങ്ങളായ മനോജ്, അഖിലേഷ്, അവിനാശ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ പിന്നീട് കോടതിയിൽ ഹാജരാക്കും.

Tags:    
News Summary - A young neighbor who installed a hidden camera in the bathroom and recorded the footage was arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.