തിരുവനന്തപുരം: ആധാർ വിവരങ്ങളുടെ ചോർച്ച തടയുന്നതിനും വ്യക്തിഗത വിവരങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനും കേരളം 'ആധാർ വോൾട്ടി'ലേക്ക്. വ്യക്തിയുടെ ആധാർ നമ്പറിന് പകരം ആധാറിന്റെ റഫറൻസ് നമ്പർ (വെർച്വൽ ഐഡി) തയാറാക്കി സൂക്ഷിക്കുകയും സേവനങ്ങൾക്ക് ആധാറിന് പകരം ഈ റഫറൻസ് നമ്പർ ഉപയോഗിക്കുകയും ചെയ്യുന്നതിനുള്ള സംവിധാനമാണ് ആധാർ വോൾട്ട്. പല വകുപ്പുകളും തങ്ങളുടെ സേവനത്തിന് ആധാർ നമ്പർ വാങ്ങി സൂക്ഷിക്കുന്ന രീതി അവസാനിപ്പിക്കലാണ് ലക്ഷ്യം. ഇതിനോടകം കേരളത്തിലെ 3.53 കോടി പേരുടെയും ആധാർ റഫറൻസ് നമ്പർ തയാറാക്കിക്കഴിഞ്ഞു.
ഇതിനായി വകുപ്പുകളുടെ ഡേറ്റ ബേസിൽനിന്ന് ആധാർ നമ്പർ നീക്കം ചെയ്യിക്കുകയും പകരം റഫറൻസ് ഐ.ഡി ഉൾപ്പെടുത്തുകയുമാണ് വേണ്ടത്. സംസ്ഥാനത്ത് ആധാർ അധിഷ്ഠിത സേവനം കൂടുതൽ പ്രയോജനപ്പെടുത്തുന്നത് റേഷൻ വിതരണ സംവിധാനത്തിലാണ്. ഇവ റഫറൻസ് ഐ.ഡിയിലേക്ക് മാറ്റുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ഇതിനുപുറമെ തദ്ദേശവകുപ്പ് വഴിയുള്ള അഞ്ച് ക്ഷേമ പെൻഷനുകൾ എന്നിവയിലെ ഡേറ്റ ബേസ് പരിഷ്കരണം ഡിസംബറിൽ പൂർത്തിയാക്കും. ക്ഷേമനിധി പെൻഷനുകൾ വിതരണം ചെയ്യുന്ന 16 ക്ഷേമനിധി ബോർഡുകളോട് ഡേറ്റബേസിൽ മാറ്റം വരുത്താൻ ആവശ്യപ്പെട്ട് ഐ.ടി മിഷൻ കത്ത് നൽകിയിട്ടുണ്ട്. അടുത്ത ഘട്ടത്തിൽ ഇ-ഹെൽത്ത്, റവന്യൂ, വിദ്യാഭ്യാസമടക്കം വകുപ്പുകളിലെ സേവനങ്ങൾ ആധാർ വോൾട്ടിലേക്ക് മാറും.
ആധാർ നമ്പർ ഒരിടത്തും സേവ് ചെയ്ത് സൂക്ഷിക്കാൻ പാടില്ലെന്നാണ് കേന്ദ്ര നിയമം. ഒന്നിലധികം സ്ഥലങ്ങളിൽ ആധാർ സൂക്ഷിക്കുന്നത് വിവരച്ചോർച്ചക്ക് ഇടയാക്കുമെന്നാണ് യുനീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയുടെ വിലയിരുത്തൽ. അതേസമയം ചില സേവനങ്ങൾക്ക് ആധാർ നമ്പർ ശേഖരിച്ച് സൂക്ഷിക്കേണ്ട സാഹചര്യമുള്ളത് പ്രതിസന്ധിയായിരുന്നു. ഇതിന് പരിഹാരമാണ് പുതിയ സംവിധാനം. 3.53 കോടി റഫറൽ നമ്പർ സജ്ജമായെങ്കിലും എല്ലാ വകുപ്പുകളും ആധാറിന് പകരം റഫറൻസ് നമ്പർ ഉപയോഗിച്ച് തുടങ്ങുമ്പോഴേ ദൗത്യം പൂർത്തിയാകൂ. സെർവർ, ഹാർഡ്വെയർ സെക്യൂരിറ്റി മൊഡ്യൂൾ (എച്ച്.എസ്.എം), ഡേറ്റബേസ് എന്നിവയാണ് ആധാർ വോൾട്ടിനായുള്ള സാങ്കേതിക സംവിധാനങ്ങൾ. സംസ്ഥാന ഡേറ്റ സെന്ററിലാണ് ആധാർ വോൾട്ട് വിവരങ്ങൾ സൂക്ഷിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.