കൊച്ചി: കേരളത്തിലെ ഓരോ പത്തുപേരിലും മൂന്ന് പേർ വീതം തങ്ങളെ പിന്തുണക്കുന്നവരാണെന്ന് ആം ആദ്മി പാർട്ടി. എല്ലാ സർവേയിലും പത്തിൽ കുറഞ്ഞത് മൂന്നു പേർ ആം ആദ്മി പാർട്ടി കേരളത്തിൽ ശക്തമാകുന്നതിനെ പിന്തുണച്ചു. ഒരു സർവേയിൽ പത്തിൽ നാലു പേരുടെ വരെ പിന്തുണ പാർട്ടിക്ക് ഉണ്ടെന്ന് വ്യക്തമായതായും ആം ആദ്മി പാർട്ടി അവകാശപ്പെട്ടു. കേരളത്തിൽ പാർട്ടിക്ക് സാധ്യതയുണ്ടോ എന്നറിയാൻ മൂന്നു സർവേകൾ പൂർത്തിയാക്കിയതായും കഴിഞ്ഞ ദിവസങ്ങളിൽ യോഗം ചേർന്ന് ഇവ വിലയിരുത്തിയതായും ഫേസ്ബുക് പോസ്റ്റിൽ ആം ആദ്മി പാർട്ടി വ്യക്തമാക്കി.
പുതിയ ഒരു രാഷ്ട്രീയം കേരളത്തിൽ വേണം എന്ന നിലപാടാണ് പലരും പ്രകടിപ്പിച്ചത്. രണ്ടു മുന്നണികളുടെ മാത്രം രാഷ്ട്രീയത്തോട് മടുപ്പുണ്ട് എന്ന് അഭിപ്രായപ്പെട്ടവരുണ്ട്. കേരളം സാമൂഹ്യ വികസന സൂചികയിൽ മുന്നിലാണെങ്കിലും യുവാക്കൾക്ക് അതൃപ്തിയുണ്ട്. പുതിയൊരു രാഷ്ട്രീയത്തിനായി യുവവോട്ടർമാർ കാത്തിരിക്കുന്നു എന്ന കണ്ടെത്തലും സർവേ നടത്തിയവർ നല്കിയ റിപ്പോർട്ടിലുണ്ടെന്ന് പാർട്ടി വ്യക്തമാക്കി.
ഡൽഹിയിൽ നിന്ന് പഞ്ചാബിലേക്കെത്തിയ പാർട്ടിക്ക് ഇനി ഹിമാചലും ഗുജറാത്തുമാണ് ലക്ഷ്യം. ഒപ്പം കേരളവും ഉപേക്ഷിക്കേണ്ടതില്ല എന്ന നിലപാടോടെ കരുക്കൾ നീക്കുകയാണ് പാർട്ടി. ദേശീയ കൺവീനർ അരവിന്ദ് കെജ്രിവാൾ പതിനഞ്ചിന് കേരളത്തിലേക്ക് എത്തുന്നതോടെ പാർട്ടിക്ക് മുന്നേറാനുള്ള വഴികൾ ഒരുങ്ങും എന്ന പ്രതീക്ഷയിലാണ് പാർട്ടി കേന്ദ്ര നേതാക്കൾ.
തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ ട്വന്‍റി-20യുമായി സഹകരിച്ചാവും ആം ആദ്മി രംഗത്തിറങ്ങുക. പ്രചാരണത്തിനായി മേയ് 15ന് കെജ്രിവാൾ കേരളത്തിലെത്തുന്നുണ്ട്. കിഴക്കമ്പലം കിറ്റെക്സ് ഗാർമെൻറ്സ് ഗ്രൗണ്ടിൽ നടക്കുന്ന ജനസംഗമത്തിൽ സാബു എം. ജേക്കബും കെജ്രിവാളും പങ്കെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.