*കേസ് ഇതര സംസ്ഥാനത്തേക്ക് മാറ്റാൻ ഹൈകോടതിയുടെ ഉപദേശം തേടാൻ മറുപടി
തിരുവനന്തപുരം: 27 വർഷത്തിനുശേഷം വിച ാരണ നടപടികൾ ആരംഭിച്ച സിസ്റ്റർ അഭയ കൊലക്കേസിൽ സാക്ഷികൾ കൂറുമാറുന്നത് തുടർക്കഥയാകുന്നു. കഴിഞ്ഞദിവസം സി.ബി. െഎ കോടതിയിൽ സാക്ഷിവിസ്താരം ആരംഭിച്ച ഘട്ടത്തിൽ ആദ്യസാക്ഷിയായി വിസ്തരിച്ച സിസ്റ്റർ അനുപമ കൂറുമാറി. അതിന് പിന്നാലെയാണ് നാലാംസാക്ഷിയും ചോളമണ്ഡലം ഫിനാൻസ് കമ്പനിയിലെ ജീവനക്കാരനുമായ സഞ്ജു പി. മാത്യു ചൊവ്വാഴ്ച കൂറു മാറിയത്.
അഭയ കൊല്ലപ്പെടുന്ന ദിവസം പയസ് ടെൺത് കോൺവെൻറിന് പുറത്ത് ഒന്നാംപ്രതി ഫാ. തോമസ് എം. കോട്ടൂരിെൻറ സ്‌കൂട്ടർ കണ്ടെന്നായിരുന്നു സഞ്ജു മുമ്പ് നൽകിയ രഹസ്യമൊഴി. എന്നാൽ, സാക്ഷിവിസ്താരത്തിൽ ഇൗ മൊഴി മാറ്റി. പ്രോസിക്യൂഷൻ ഭാഗം നിരവധിതവണ രഹസ്യമൊഴിയിൽ പറഞ്ഞ കാര്യങ്ങൾ ചൂണ്ടിക്കാട്ടിയെങ്കിലും അനുകൂല മൊഴിയുണ്ടായില്ല. ഇൗ സാഹചര്യത്തിൽ സാക്ഷിയെ കൂറുമാറിയതായി പ്രഖ്യാപിക്കണമെന്ന സി.ബി.െഎയുടെ ആവശ്യം കോടതി അംഗീകരിച്ചു.
കേസിലെ ഭൂരിഭാഗം സാക്ഷികളും സഭാവിശ്വാസികളായതിനാൽ അവർ സ്ഥിരമായി കൂറുമാറുകയാണെന്നും ഇത് നിസ്സഹായതയോടെ നോക്കിനിൽക്കാനേ സാധിക്കുന്നുള്ളൂയെന്നും കോടതിയെ സി.ബി.െഎ അറിയിച്ചു. ഇത്തരം സഹചര്യമാണുള്ളതെങ്കിൽ കേസ് നടപടികൾ ഇതര സംസ്ഥാനങ്ങളിലേക്ക് മാറ്റുന്ന കാര്യത്തിൽ ഹൈകോടതിയുടെ ഉപദേശം തേടാനും കൂറുമാറുന്ന സാക്ഷികൾക്കെതിരെ നിയമനടപടി സ്വീകരിക്കാനും കോടതി സി.ബി.ഐക്ക് നിർദേശംനൽകി. കേസിലെ പ്രധാന ദൃക്‌സാക്ഷിയായ അടയ്ക്കാ രാജുവിനെ ഇന്ന് വിസ്തരിക്കും.
1992 മാർച്ച് 27നാണ് കോട്ടയം പയസ് ടെൺത് കോൺവെൻറിലെ കിണറ്റിൽ സിസ്റ്റർ അഭയയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ആദ്യം ലോക്കൽ പൊലീസും പിന്നീട് ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസിൽ 2009ലാണ് സി.ബി.െഎ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. എന്നാൽ, സി.ബി.െഎ പ്രതിപ്പട്ടികയിൽ ചൂണ്ടിക്കാട്ടിയിരുന്ന രണ്ടുപേരെ കോടതി ഒഴിവാക്കുകയും രണ്ടുപേർ മരിക്കുകയും ചെയ്തു. ഇപ്പോൾ ഫാ. തോമസ് എം. കോട്ടൂർ, സിസ്റ്റർ സെഫി എന്നിവരാണ് വിചാരണ നേരിടുന്നത്. കേസിൽ 177 സാക്ഷികളെയാണ് കോടതി മുമ്പാകെ വിസ്തരിക്കുന്നത്.
സ്വന്തം ലേഖകൻ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.