മലപ്പുറം: ബാലനീതി നിയമപ്രകാരം രജിസ്റ്റർ ചെയ്യപ്പെടാത്തതിന്റെ പേരിൽ സംസ്ഥാനത്തെ 136 ഓർഫനേജുകളിലെ 6000ത്തോളം കുട്ടികൾക്ക് സംസ്ഥാന സർക്കാർ, ഗ്രാന്റ് നിഷേധിക്കുന്നു. സംസ്ഥാന ഓർഫനേജ് കൺട്രോൾ ബോർഡിൽ രജിസ്റ്റർ ചെയ്തിട്ടും അഞ്ചു വർഷത്തിലേറെയായി ഈ സ്ഥാപനങ്ങളിലെ കുട്ടികൾക്ക് ഗ്രാന്റ് കിട്ടുന്നില്ല.
ബാലനീതി നിയമത്തിൽ പറയുന്ന കുട്ടിയും ഓർഫനേജിലെ കുട്ടിയും നിർവചനത്തിൽ വ്യത്യാസമുണ്ടെന്നും ഈ നിയമത്തിന്റെ പരിധിയിൽനിന്ന് മുസ്ലിം ഓർഫനേജുകളെ ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് 2018ൽ സമസ്ത കേരള ജംഇയതുൽ ഉലമ സുപ്രീംകോടതിയെ സമീപിച്ചിരുന്നു.
പല അനാഥാലയങ്ങളും വഖഫ് സ്ഥാപനങ്ങളായതിനാൽ വഖഫ് ബോർഡ് നിയന്ത്രണത്തിലുള്ളതാണെന്നും ഹരജിയിൽ വ്യക്തമാക്കി. ഈ കേസിന്റെ ഇടക്കാല വിധിയിൽ സമസ്തക്ക് കീഴിലുള്ള ഓർഫനേജുകൾക്കെതിരെ ബാലനീതി നിയമപ്രകാരം നടപടി എടുക്കരുതെന്ന് സുപ്രീംകോടതി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.
നേരത്തേ, സഹായം ലഭിച്ചുവന്ന ഓർഫനേജുകൾക്കാണ് ബാലനീതി നിയമത്തിൽ രജിസ്റ്റർ ചെയ്തില്ലെന്ന കാരണത്താൽ സാമൂഹിക നീതിവകുപ്പ്, ഗ്രാന്റ് നിഷേധിക്കുന്നത്. സുപ്രീംകോടതിയുടെ ഇടക്കാലവിധിയുണ്ടായിട്ടും, ഓർഫനേജുകൾക്ക് വലിയ ആശ്വാസമായിരുന്ന ഗ്രാന്റ് പുനഃസ്ഥാപിക്കാൻ സർക്കാർ തയാറായിട്ടില്ല.
ഓർഫനേജ് കൺട്രോൾ ബോർഡിൽ രജിസ്റ്റർ ചെയ്ത, വൃദ്ധമന്ദിരങ്ങളും അനാഥാലയങ്ങളും ഉൾപ്പെടെ 1800ഓളം സ്ഥാപനങ്ങൾ സംസ്ഥാനത്തുണ്ടെങ്കിലും ഗ്രാന്റ് ലഭിക്കുന്നത് 400 എണ്ണത്തിന് മാത്രം. നിലവിൽ, ഗ്രാന്റ് കിട്ടുന്ന സ്ഥാപനങ്ങൾക്കും ഒരു വർഷം മുതൽ മൂന്നു വർഷം വരെ കുടിശ്ശികയാണ്. ഒരു കുട്ടിക്ക് പ്രതിമാസം 110 രൂപയായിരുന്ന ഗ്രാന്റ് 1200 രൂപയായി വർധിപ്പിച്ച് 2023ൽ ഉത്തരവിറങ്ങിയിട്ടും ഇപ്പോഴും നൽകുന്നത് 1100 രൂപ.
ഫണ്ടിന്റെ അപര്യാപ്തതയാണ് കുടിശ്ശികയാകാൻ കാരണമെന്ന് സാമൂഹിക നീതി വകുപ്പ് അധികൃതർ പറയുന്നു. നേരത്തേ, ഓർഫനേജ് കൺേട്രാൾ ബോർഡ് അനാഥാലയങ്ങളിലെ കുട്ടികൾക്കുവേണ്ടി ജില്ല, സംസ്ഥാനതലങ്ങളിൽ ഓർഫനേജ് ഫെസ്റ്റ് സംഘടിപ്പിച്ചിരുന്നു.
ജില്ല ഫെസ്റ്റിന് 50,000 രൂപയും സംസ്ഥാന ഫെസ്റ്റിന് ഒരു ലക്ഷം രൂപയും സർക്കാർ സഹായം അനുവദിച്ചിരുന്നു. 2017 മുതൽ പ്രത്യേക കാരണം ഒന്നും പറയാതെ, ഫെസ്റ്റിനുള്ള സഹായം നിർത്തി. ഇപ്പോൾ വിവിധ ഓർഫനേജ് അസോസിയേഷനുകൾ സ്വന്തംനിലക്കാണ് ഫെസ്റ്റ് സംഘടിപ്പിക്കുന്നത്.
ഫെസ്റ്റുകൾക്കുള്ള സഹായം പുനഃസ്ഥാപിക്കണമെന്നും ഗ്രാന്റുമായി ബന്ധപ്പെട്ട പരാതികൾ ഉടൻ പരിഹരിക്കണമെന്നും അസോസിയേഷൻ ഓഫ് ഓർഫനേജസ് ആൻഡ് ചാരിറ്റബ്ൾ ഇൻസ്റ്റിറ്റ്യൂഷൻസ് പ്രസിഡന്റ് ലിജോ ചിറ്റിലപ്പള്ളിയും ജന. സെക്രട്ടറി അഡ്വ. പി.വി. സൈനുദ്ദീനും ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.