തിരുവനന്തപുരം: കോവിഡ് രോഗികളിൽ നല്ലൊരു ശതമാനം വീട്ടുചികിത്സ തെരഞ്ഞെടുക്കുന്ന സാഹചര്യത്തിൽ കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻറ് സെൻററുകൾ (സി.എഫ്.എൽ.ടി.സി) ഘട്ടം ഘട്ടമായി അടച്ചുപൂട്ടുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഹോസ്റ്റലുകൾ എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന സി.എഫ്.എൽ.ടി.സികളാണ് ആദ്യഘട്ട അടച്ചുപൂട്ടലിന് പരിഗണിക്കുന്നത്. പ്രദേശത്തെ വ്യാപനസാഹചര്യവും ആവശ്യകതയും വിലയിരുത്തിയ ശേഷം തീരുമാനത്തിലെത്താനാണ് നിർദേശം.
നിലവിൽ ചികിത്സയിലുള്ള 78,694 പേരിൽ 55,000 പേരും വീടുകളിലാണ് കഴിയുന്നത്. സി.എഫ്.എൽ.ടി.സികളിലായി സജ്ജമാക്കിയ 30,000 കിടക്കകളിൽ 15,118 ഉം ഒഴിഞ്ഞുകിടക്കുകയാണ്. ഒക്ടോബറിൽ രോഗികളാരും എത്താത്ത സി.എഫ്.എൽ.ടി.സികളും സംസ്ഥാനത്തുണ്ട്്. ഇൗ സാഹചര്യത്തിലാണ് ആദ്യം 160 ഒാളം കേന്ദ്രങ്ങൾ അവസാനിപ്പിക്കുന്നത്.
കോവിഡ് ബാധിതരിൽ പ്രായമേറിയവരെയും മറ്റ് രോഗങ്ങളുള്ളവരെയും വൈറസ് ബാധ മൂലം ഗുരുതരാവസ്ഥയിലായവരെയും കോവിഡ് ആശുപത്രികളിലാണ് പ്രവേശിപ്പിക്കുന്നത്. ലക്ഷണങ്ങളില്ലാത്തവരെയും നേരിയ ലക്ഷണങ്ങളുള്ളവരെയും വീടുകൾ പാർപ്പിച്ചുള്ള ചികിത്സ സംവിധാനം വിജയകരമാണെന്നാണ് സർക്കാർ വിലയിരുത്തൽ.
രോഗികളില്ലാത്ത സി.എഫ്.എൽ.ടി.സികൾ നിർത്തുന്നതിലൂടെ ഡോക്ടർമാരടക്കമുള്ള മനുഷ്യവിഭവശേഷി മറ്റ് മേഖലകളിൽ പ്രയോജനപ്പെടുത്താനാകും. ശബരിമല തീർഥാടനമാരംഭിക്കുന്ന സാഹചര്യത്തിൽ വിശേഷിച്ചും.
കോവിഡ് വ്യാപനം രൂക്ഷമായ പല ജില്ലകളിലും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഹോസ്റ്റലുകളടക്കം സി.എഫ്.എൽ.ടി.സിക്കായി വിട്ടുനൽകിയിരുന്നു. ഏഴു മാസമായി ഇത്തരത്തിൽ പ്രവർത്തിക്കുന്ന സി.എഫ്.എൽ.ടി.സികളുണ്ട്.
ഇവ ഒഴിഞ്ഞുനൽകണമെന്ന് പലയിടങ്ങളിലും സ്ഥാപനാധികൃതർ ആവശ്യവുമുന്നയിച്ചിരുന്നു. ഇതോടൊപ്പം സ്കൂളുകളും മറ്റും സമീപഭാവിയിൽ തുറക്കാൻ സാധ്യതയുണ്ടെന്നതും കൂടി കണക്കിലെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.