മൂവാറ്റുപുഴ: പുത്തൻകുരിശ് നാലു സെൻറ് കോളനിയിൽ സുഹൃത്തിനെ കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം തടവും ഒന്നര ലക്ഷം രൂപ പിഴയും.
പുത്തൻകുരിശ് പീച്ചിങ്ങചിറ നാലു സെൻറ് കോളനിയിൽ വെള്ളുമനക്കുഴി കരോട്ട് വീട്ടിൽ തങ്കപ്പന്റെ മകൻ ബഡാഭായി എന്ന സുരേഷിനെ (28) കൊലപ്പെടുത്തിയ കേസിൽ നാലു സെൻറ് കോളനി വടക്കനേട് ഷൺമുഖനെയാണ് മൂവാറ്റുപുഴ അഡി. ഡിസ്ട്രിക്ട് സെഷൻസ് കോടതി ജഡ്ജി ടോമി വർഗീസ് ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ ഒരു വർഷം കൂടി തടവും വിധിച്ചു. പിഴത്തുക അടച്ചാൽ സുരേഷിന്റെ മാതാപിതാക്കൾക്ക് നൽകണമെന്നും വിധിച്ചു.
2019 മാർച്ച് 24ന് രാത്രി 7.30നായിരുന്നു കൊലപാതകം. പീച്ചിങ്ങച്ചിറ നാലു സെൻറ് കോളനിയിലേക്കിറങ്ങുന്ന പടിക്കെട്ടിൽ വെച്ച് സുരേഷിനെ കുത്തിക്കൊലപ്പെടുത്തിയെന്നാണ് കേസ്. സുരേഷിന്റെ മാതൃസഹോദരി പുത്രിയുടെ ഭർത്താവും അയൽവാസിയുമാണ് ഷൺമുഖൻ.
മദ്യപിക്കുന്ന സ്വഭാവമുള്ള ഇരുവരും സ്ഥിരം വഴക്കിടുമായിരുന്നു. അമ്പലമേട് സബ് ഇൻസ്പെക്ടറായിരുന്ന കെ.കെ. ഷെബാബാണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി അഡി. പബ്ലിക് പ്രോസിക്യൂട്ടർ കെ.എസ്. ജ്യോതികുമാർ ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.