തിരുവനന്തപുരം: ചാണ്ടി ഉമ്മന്‍റെ ചരിത്ര വിജയത്തിനിടെ പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിനെ അച്ചു ഉമ്മന്‍റെ താരോദയമായി വിലയിരുത്തുന്നവർ നിരവധി. ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപനം മുതൽ ആദ്യാവസാനം കേന്ദ്രബിന്ദുവായി അച്ചു ഉമ്മൻ. കൃത്യമായ നിലപാടും ദൃഢനിശ്ചയത്തോടെയുള്ള സംസാരവും ഈ 41കാരിയിലേക്ക് കണ്ണുകൂർപ്പിക്കാൻ രാഷ്ട്രീയ കേരളത്തെ നിർബന്ധിതമാക്കി.
വെള്ളിയാഴ്ച വോട്ടെണ്ണൽ പുരോഗമിക്കുന്നതിനിടെ ഉമ്മൻ ചാണ്ടിയുടെ കുടുംബാംഗങ്ങളിൽ നിന്നുള്ള ആദ്യ പ്രതികരണം അച്ചുവിന്‍റേതായിരുന്നു. ‘53 കൊല്ലം ഉമ്മൻ ചാണ്ടി ചെയ്തത് എന്തെന്ന ചോദ്യത്തിനുള്ള മറുപടിയാണ് ഈ വിജയമെന്നും വേട്ടയാടിയവരുടെ മുഖത്തേറ്റ കനത്ത പ്രഹരമെന്നും’ സഹോദരന്‍റെ വിജയത്തെ ആറ്റിക്കുറുക്കിയപ്പോൾ എതിരാളികളുടെ കോട്ടയിൽ കയറിയുള്ള ആക്രമണമായത്. പ്രചാരണകാലത്ത് നിർണായക സന്ദർഭത്തിലെല്ലാം ഈ എം.ബി.എക്കാരി എതിരാളികളെ ശക്തമായി പ്രതിരോധിച്ചു.
ഉമ്മൻ ചാണ്ടിയുടെ കുടുംബത്തിൽനിന്ന് തന്നെയാകും സ്ഥാനാർഥിയെന്ന കെ.പി.സി.സി പ്രസിഡന്‍റ് കെ. സുധാകരന്‍റെ വാക്കിന് പിന്നാലെ ആദ്യമുയർന്നത് അച്ചുവിന്‍റെ പേര്. സജീവ രാഷ്ട്രീയത്തിലേക്കില്ലെന്നും ചാണ്ടി ഉമ്മനാകും മത്സരിക്കുകയെന്നും സംശയലേശമന്യേയുള്ള നിലപാടായിരുന്നു എം.ജി. സർവ്വകലാശാലയിലെ ഈ പഴയ സെനറ്റംഗത്തിന്‍റേത്. അതോടെ സൈബർ പോരാളികളുടെ കണ്ണിലെ കരടായി. ഉമ്മന്‍ ചാണ്ടിയുടെ മക്കള്‍ക്കിടയില്‍ തര്‍ക്കമുണ്ടെന്നായി പ്രചാരണം. അപ്പ കഴിഞ്ഞാല്‍ ചാണ്ടി ആണ് കുടുംബത്തിലെ രാഷ്ട്രീയക്കാരനെന്നും മക്കള്‍ സ്വന്തം കഴിവുകൊണ്ട് രാഷ്ട്രീയത്തില്‍ വരണമെന്നായിരുന്നു അപ്പയുടെ നിലപാടെന്നും വിശദീകരിച്ചാണ് അച്ചു അവരുടെ വായടപ്പിച്ചത്.
ധരിച്ച വസ്ത്രത്തിന്റെയും ചെരുപ്പിന്റെയും വില ഉള്‍പ്പെടെ സൈബര്‍ പോരാളികള്‍ പിന്നെയും ആയുധമാക്കിയപ്പോൾ ധീരതയോടെ നിയമവഴി തേടി. തെരഞ്ഞെടുപ്പിൽ മത്സരിക്കുകയോ പാർട്ടി ഭാരവാഹി പോലുമോ അല്ലാത്ത ഒരാൾ തന്‍റെ സാമ്പത്തിക സ്രോതസ്സ് വെളിപ്പെടുത്തുന്നത് അതുവരെ രാഷ്ട്രീയ കേരളത്തിന് അപരിചിതമായിരുന്നു. പിതാവിനെപോലെ അദ്ദേഹത്തിന്‍റെ കുടുംബത്തിന്‍റെയും ഇടപാടുകളെല്ലാം സുതാര്യമാണെന്ന സന്ദേശം കൂടിയായി അത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.