കോഴിക്കോട്: എ.ഡി.ജി.പി എം.ആര്‍ അജിത് കുമാറും ആര്‍.എസ്.എസ് നേതാവ് റാം മാധവും തമ്മിലുള്ള കൂടിക്കാഴ്ചയിൽ എ.ഡി.ജി.പിക്കൊപ്പം ഉണ്ടായിരുന്നവരുടെ പേരുകള്‍ പുറത്തായാൽ കേരളം ഞെട്ടുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. കൂടിക്കാഴ്ചയിൽ ബിസിനസുകാര്‍ മാത്രമല്ല ഉണ്ടായിരുന്നതെന്നും വി.ഡി. സതീശൻ വ്യക്തമാക്കി.
എ.ഡി.ജി.പി- റാം മാധവ് കൂടിക്കാഴ്ചയിൽ ആരൊക്കെ പങ്കെടുത്തുവെന്ന് ഇപ്പോള്‍ പറയുന്നില്ല. ഒരു കോക്കസ് തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്. മന്ത്രിസഭയിലെ ഒരു ഉന്നതനും ഈ കോക്കസിന്‍റെ ഭാഗമാണ്. കൂടിക്കാഴ്ചയുടെ അജണ്ട തൃശൂര്‍ പൂരം ആണെന്ന് താൻ പറഞ്ഞിട്ടില്ലെന്നും കാണാൻ പോകുന്ന പൂരമല്ലേയെന്നും സതീശൻ വ്യക്തമാക്കി.
എ.ഡി.ജി.പി-ആര്‍.എസ്.എസ് ചര്‍ച്ച നടന്നുവെന്ന തന്‍റെ ആരോപണം ശരിയാണെണ് ഇപ്പോള്‍ തെളിഞ്ഞു. തൃശൂരിൽ സഹായിക്കാം. പകരം ഞങ്ങളെ ഉപദ്രവിക്കരുതെന്നായിരുന്നു ബി.ജെ.പിയോടുള്ള സി.പി.എമ്മിന്‍റെ സമീപനം. പൂരം കലക്കിയത് നിസാര കാര്യമല്ല, അതിൽ എ.ഡി.ജി.പിക്ക് നേരിട്ട് പങ്കുണ്ട്. ഇക്കാര്യത്തിൽ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
സ്വീകരണച്ചടങ്ങ് മാറ്റിവെച്ച് ഹോക്കി താരം പി.ആര്‍ ശ്രീജേഷിനെ സര്‍ക്കാര്‍ അപമാനിക്കുകയാണ്. വിലക്കയറ്റമാണ് ഈ വര്‍ഷത്തെ സര്‍ക്കാറിന്‍റെ ഓണസമ്മാനമെന്നും കോഴിക്കോട് പ്രസ് ക്ലബ് നടത്തിയ മീറ്റ് ദ പ്രസിൽ വി.ഡി. സതീശൻ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.