എ.ഡി.എമ്മിന്റെ ആത്മഹത്യ; പി.പി ദിവ്യയുടെ മുന്‍കൂര്‍ ജാമ്യഹരജി കോടതി ഇന്ന് പരിഗണിക്കും

കണ്ണൂര്‍: എ.ഡി.എം നവീന്‍ ബാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസില്‍ സി.പി.എം നേതാവും മുന്‍ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ പി.പി ദിവ്യ നല്‍കിയ മുന്‍കൂര്‍ ജാമ്യഹരജി കോടതി ഇന്ന് പരിഗണിക്കും. തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ഹരജി പരിഗണിക്കുക. കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചില്ലെങ്കില്‍ അറസ്റ്റ് അടക്കമുള്ള തുടര്‍നടപടികളിലേക്ക് പൊലീസ് കടന്നേക്കും.

എ.ഡി.എമ്മിനെ ആത്മഹത്യയിലേക്ക് തള്ളിവിടാന്‍ താൻ ഉദ്ദേശിച്ചിരുന്നില്ല. അഴിമതിക്കെതിരെ മാത്രമാണ് സംസാരിച്ചത്. ജില്ലാ കലക്ടര്‍ ക്ഷണിച്ചതിനെ തുടർന്നാണ് പരിപാടിയില്‍ പങ്കെടുത്തത്. അന്വേഷണത്തില്‍ നിന്നും ഒളിച്ചോടിയിട്ടില്ല. ഗുരുതരമായ രോഗമുള്ള പിതാവ് വീട്ടിലുണ്ട്. അതിനാൽ അറസ്റ്റ് തടയണമെന്നും പി.പി ദിവ്യ മുന്‍ജൂര്‍ ജാമ്യാപേക്ഷയില്‍ പറയുന്നു.

'ഇതുവഴിയെ പോയപ്പോള്‍ ഇങ്ങനെ ഒരു പരിപാടി നടക്കുന്നു എന്ന് അറിഞ്ഞാണ് വന്നത്' എന്നായിരുന്നു ദിവ്യ പ്രസംഗത്തിൽ പറഞ്ഞത്. എന്നാൽ കലക്ടർ ക്ഷണിച്ചിട്ടാണ് യോ​ഗത്തിന് വന്നതെന്നാണ് ഹരജിയിൽ പറയുന്നത്.

പ്രസംഗത്തിന്റെ വിഡിയോ അടക്കം സമര്‍പ്പിച്ചുകൊണ്ടാണ് മുന്‍കൂര്‍ ജാമ്യഹരജി നൽകിയിരിക്കുന്നത്. കണ്ണൂര്‍ അഡീഷണല്‍ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ് നവീന്‍ ബാബുവിനെ കഴിഞ്ഞ ചൊവ്വാഴ്ചയാണ് കണ്ണൂര്‍ പള്ളിക്കുന്നിലെ ക്വാര്‍ട്ടേഴ്സില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി. പി ദിവ്യയുടെ അഴിമതി ആരോപണത്തിനു പിന്നാലെയായിരുന്നു മരണം. സംഭവത്തിൽ ദിവ്യക്കെതിരെ പൊലീസ് ആത്മഹത്യാപ്രേരണാക്കുറ്റം ചുമത്തി കേസെടുത്തിരുന്നു. എന്നാൽ ഇതുവരെ പൊലീസിന് ദിവ്യയെ ചോദ്യം ചെയ്തിട്ടില്ല. 

Tags:    
News Summary - ADM's suicide; The court will consider PP Divya's anticipatory bail plea today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.