ആഫ്രിക്കൻ പന്നിപ്പനി: നഷ്ടപരിഹാരം ഉടൻ വിതരണം ചെയ്യും - മന്ത്രി ജെ . ചിഞ്ചുറാണി

തിരുവനന്തപുരം: സംസ്ഥാനത്ത് വയനാട്, കണ്ണൂർ ജില്ലകളിൽ ആഫ്രിക്കൻ പന്നിപനി രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് നഷ്ടം സംഭവിച്ച പന്നി കർഷകർക്കുള്ള നഷ്ടപരിഹാരം ഈ മാസം തന്നെ നൽകുമെന്ന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി അറിയിച്ചു.

രോഗപ്രതിരോധം, നഷ്ടപരിഹാരം എന്നീ ഇനങ്ങളിൽ ആവശ്യമായ തുക മൃഗസംരക്ഷണ വകുപ്പിന്റെ ജന്തുരോഗ നിയന്ത്രണ പദ്ധതിയുടെ കോർപ്പസ് ഫണ്ടിൽ നിന്നും ചെലവഴിക്കുന്നതിനാണ് ഉദ്ദേശിക്കുന്നത്. ഇതിനുള്ള സർക്കാർ ഉത്തരവ് ആയിക്കഴിഞ്ഞു. കർഷകർക്ക് സംഭവിച്ച നഷ്ടം തിട്ടപ്പെടുത്തുവാൻ അതാത് ജില്ലാ മൃഗസംരക്ഷണ ഓഫീസർമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ഇന്ത്യയിലെ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലും, ബീഹാറിലും ആഫ്രിക്കൻ പന്നിപ്പനി രോഗം റിപ്പോർട്ട് ചെയ്യപ്പെട്ടതിനെ തുടർന്ന് സംസ്ഥാന സർക്കാർ എല്ലാ മുൻകരുതലുകളും സ്വീകരിച്ചിരുന്നുവെങ്കിലും വയനാട് ജില്ലയിലെ മാനന്തവാടി, തവിഞ്ഞാൽ, നെന്മേനി എന്നിവിടങ്ങളിലും കണ്ണൂർ ജില്ലയിലെ കാണിച്ചാർ പഞ്ചായത്തിലും രോഗബാധ സ്ഥിരീകരിക്കുകയുണ്ടായി.

തുടർന്ന് കേന്ദ്രസർക്കാരിന്റെ ആക്ഷൻ പ്ലാൻ പ്രകാരം രോഗത്തിന്റെ പ്രഭവ കേന്ദ്രത്തിന്റെ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള പന്നിഫാമുകളിലെ പന്നികളെ നശിപ്പിക്കേണ്ടതായി വന്നിരുന്നു. ഇപ്രകാരം വയനാട് ജില്ലയിൽ 702 പന്നികളെയും, കണ്ണൂർ ജില്ലയിൽ 247 പന്നികളെയും ദയാവധത്തിന് വിധേയമാക്കി. നഷ്ടപരിഹാരതുക കേന്ദ്രസർക്കാരും സംസ്ഥാന സർക്കാരും ചേർന്നാണ് വഹിക്കേണ്ടത്. എന്നിരുന്നാലും കേന്ദ്ര വിഹിതത്തിന് കാത്തുനിൽക്കാതെ മുഴുവൻ തുകയും കേരള സർക്കാർ ഉടൻ നൽകുകയും, കേന്ദ്രവിഹിതത്തിനായി ആവശ്യപ്പെടുമെന്നും മന്ത്രി അറിയിച്ചു. ഉടൻതന്നെ രോഗബാധ സ്ഥിരീകരിച്ച ജില്ലകൾ സന്ദർശിച്ച് പന്നികളെ നഷ്ടപ്പെട്ട കർഷകർക്കുള്ള നഷ്ടപരിഹാരം വിതരണം ചെയ്യും. പ്രതിരോധ പ്രവർത്തനങ്ങൾ നിർവഹിച്ച ദ്രുത കർമ്മസേന അംഗങ്ങളെ അനുമോദിക്കുകയും ചെയ്യുമെന്ന് മന്ത്രി കൂട്ടിച്ചേർത്തു

Tags:    
News Summary - African Swine Flu; Compensation to be disbursed soon says Minister J Chinchu Rani

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.