ധോ​ണി എ​ന്ന പി.​ടി ഏ​ഴാ​മ​നെ നി​രീ​ക്ഷി​ക്കു​ന്ന വ​ന​പാ​ല​ക​ർ

പാപ്പാന്മാർ എത്തി; ഒരാഴ്ച കഴിഞ്ഞാൽ പി.ടി ഏഴിന് പോഷകാഹാരം

അകത്തേത്തറ (പാലക്കാട്): ധോണിയിലെ വനം വകുപ്പിന്റെ കൂട്ടിലായ ധോണി എന്ന പി.ടി ഏഴാമനെ പരിപാലിക്കാൻ പുതുതായി നിയമിച്ച രണ്ടുപേർ ചുമതലയേറ്റു. തമിഴ്നാട് ടോപ് സ്ലിപ്പിലെ ആന പരിശീലനകേന്ദ്രത്തിലെ കാട്ടാന വിദഗ്ധരായ മണികണ്ഠനും മാധവനുമാണ് ധോണിയിലെത്തിയത്.

കുങ്കിയാനകളോടും പാപ്പാന്മാരോടും ഒറ്റയാൻ ഇണങ്ങിയാൽ പിന്നീടുള്ളത് ചട്ടം പഠിപ്പിക്കലിന്റെ കാലമാണ്. മയക്കുവെടിയേറ്റ ശേഷം പ്രത്യക്ഷത്തിൽ ആരോഗ്യപ്രശ്നങ്ങളില്ല. ക്ഷീണം മാറി. 23 വയസ്സ് മാത്രമുള്ള ഈ കൊമ്പൻ കൂടുജീവിതവുമായി പരിപൂർണമായി പൊരുത്തപ്പെടേണ്ടതുണ്ട്. നാട്ടിൽ നെല്ലും വിളകളും മറ്റും തിന്നുനടന്ന ധോണിക്ക് ഭക്ഷണരീതികളും ഇഷ്ടപ്പെടുന്നതോടെ നാട്ടാനകളെ താപ്പാനകളാക്കി മാറ്റുന്ന രീതിയിെല പ്രവൃത്തികൾ ഓരോന്നായി പരിശീലിപ്പിക്കും.

പാപ്പാന്മാരും ആനവിദഗ്ധരുമാണ് പരിശീലനം നൽകുക. ഇതിന് രണ്ട് പാപ്പാന്മാരും നാല് വിദഗ്ധരും അടങ്ങിയ ടീം മുഴുസമയവും ആനയെ പരിപാലിക്കും. ധോണിക്ക് മദപ്പാട് കണ്ടതിനാൽ പൂർണ വിശ്രമമാണ് വെറ്ററിനറി ഡോക്ടർ നിർദേശിച്ചിട്ടുള്ളത്. ആനയെ നിരീക്ഷിക്കാൻ ഡോ. അരുൺ സക്കറിയയുടെ മേൽനോട്ടത്തിൽ വെറ്ററിനറി ഡോക്ടർമാരുടെ ചുമതലയും ക്രമീകരിച്ചു.

ചൂട് കുറക്കാൻ വെള്ളം ഉപയോഗിച്ച് ഇടക്കിടെ നനക്കുന്നുണ്ട്. ഒരാഴ്ച കഴിഞ്ഞാൽ ഡോക്ടറുടെ നിർദേശപ്രകാരം റാഗി, ചെറുപയർ, പോഷകസമൃദ്ധമായ ധാന്യങ്ങൾ, ശർക്കര തുടങ്ങിയ ഭക്ഷണം നൽകാനുള്ള പട്ടികയും തയാറാക്കി. പി.ടി ഏഴ് ദൗത്യം പൂർത്തിയാക്കിയ ദൗത്യസംഘം ചൊവ്വാഴ്ച വയനാട്ടിലേക്ക് മടങ്ങി. വിക്രം എന്ന കുങ്കിയാനയെയും ആദ്യഘട്ടത്തിൽ വയനാട് മുത്തങ്ങയിൽ എത്തിക്കുമെന്ന് ചീഫ് വനം കൺസർവേറ്റർ കെ. വിജയാനന്ദൻ ‘മാധ്യമ’ത്തോട് പറഞ്ഞു.

Tags:    
News Summary - After a week give nutrition to pt 7 elephant

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.