ഒറ്റപ്പാലം (പാലക്കാട്): ബിസിനസ് ഇടപാടുമായി ബന്ധപ്പെട്ട് നൽകാനുള്ള പണം ചോദിക്കാനെത്തിയ വ്യാപാരിയെ യുവാവ് കാറിടിപ്പിച്ച ശേഷം ബോണറ്റിൽ കിടത്തി രണ്ടര കിലോമീറ്ററിലേറെ ദൂരം വാഹനമോടിച്ചു. പെരിന്തൽമണ്ണ താഴേക്കോട് കരിങ്കല്ലത്താണി ചോലമുഖത്ത് മുഹമ്മദ് ഫാസിലാണ് (27) മരണത്തെ മുഖാമുഖം കണ്ട ശേഷം ജീവിതത്തിലേക്ക് തിരിച്ചെത്തിയത്. കാർ ഓടിച്ച പാലപ്പുറം പത്തൊമ്പതാം മൈലിലിൽ പണിക്കവീട്ടിൽ ഉസ്മാനെ (32) ഒറ്റപ്പാലം പൊലീസ് അറസ്റ്റ് ചെയ്തു. പാലപ്പുറം പത്തൊമ്പതാം മൈലിൽ, ഷൊർണൂർ ഭാഗത്തേക്കുള്ള റോഡിൽ ബുധനാഴ്ച രാവിലെ ആറരയോടെയായിരുന്നു സംഭവം.
തുകൽ നിർമിത ഫാൻസി ഉൽപന്നങ്ങളുടെ മൊത്തവ്യാപാരിയാണ് മുഹമ്മദ് ഫാസിൽ. ഇദ്ദേഹത്തിൽനിന്ന് ഉസ്മാൻ വാങ്ങിയ സാധനങ്ങളുടെ പണം നൽകാനുണ്ടായിരുന്നു. പല തവണ ചോദിച്ചിട്ടും ലഭിക്കാതെ വന്നതോടെ നേരിൽ കണ്ട് ചോദിക്കാനെത്തിയതായിരുന്നു. 78,000 രൂപയാണ് ലഭിക്കാനുള്ളത്. ഉസ്മാെൻറ വീട്ടിലേക്കുള്ള വഴിയിൽ കാത്തുനിന്നിരുന്ന ഫാസിലും സുഹൃത്തുക്കളും അയാളുടെ സ്വിഫ്റ്റ് കാർ വരുന്നതുകണ്ട് കൈകാണിച്ചെങ്കിലും നിർത്താതെ അതിവേഗത്തിൽ ഓടിച്ചുവന്നു. കാർ ദേഹത്ത് ഇടിച്ചതോടെ ഫാസിൽ ബോണറ്റിലേക്ക് വീണു. അടുത്തുനിന്ന സുഹൃത്തുക്കൾ ബഹളം വെച്ചെങ്കിലും ഉസ്മാൻ കാർ നിർത്താതെ ഓടിച്ചു. ഓട്ടത്തിനിടെ കാർ വെട്ടിച്ച് ബോണറ്റിൽനിന്ന് തന്നെ കുടഞ്ഞുവീഴ്ത്താനും ശ്രമിച്ചതായി ഫാസിൽ പറഞ്ഞു.
ഗ്ലാസിന് മുകളിൽ അള്ളിപ്പിടിച്ച് കിടന്ന ഫാസിലിന് വൈപ്പറാണ് പിടിവള്ളിയായത്. കാറിനെ മറ്റൊരു വാഹനത്തിൽ പിന്തുടർന്ന ഫാസിലിെൻറ സുഹൃത്തുകൾ ബഹളം വെച്ചതോടെ മറ്റാളുകളും പിന്തുടർന്നു. തിരക്കേറിയ പാതയിലൂെട രണ്ടര കിലോമീറ്റർ ഒാടിച്ച ഉസ്മാൻ ഒടുവിൽ ഒറ്റപ്പാലം പൊലീസ് സ്റ്റേഷന് മുന്നിൽ കാർ നിർത്തി. പരിക്കേറ്റ ഫാസിലിനെ ഉടൻ നാട്ടുകാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാർ കസ്റ്റഡിയിലെടുത്ത പൊലീസ്, പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. കാർ വരുന്ന സി.സി.ടി.വി ദൃശ്യം പൊലീസിന് ലഭിച്ചിട്ടുണ്ട്. അപകടകരമായ രീതിയിൽ കാർ ഓടിച്ചതിനാണ് ഇയാൾക്കെതിരെ ഇപ്പോൾ കേസെടുത്തത്. ഫാസിലിെൻറ മൊഴി രേഖപ്പെടുത്തിയശേഷം വധശ്രമമുൾപ്പെെട വകുപ്പുകൾ ചേർക്കുമെന്നാണ് സൂചന. ലൈസൻസ് റദ്ദാക്കാൻ മോട്ടോർ വാഹന വകുപ്പിനോട് നിർദേശിക്കും. അതേസമയം, കേസൊതുക്കാൻ പൊലീസിന് മേൽ സമ്മർദമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.