തിരുവനന്തപുരം: സംസ്ഥാന സർക്കാറുമായി നടന്ന ചർച്ചക്ക് പിന്നാലെ വിഴിഞ്ഞം വാണിജ്യ തുറമുഖം ഉപരോധിച്ചുള്ള സമരം ശക്തമാക്കി തീരദേശ സമൂഹം.
തിരുവനന്തപുരം ലത്തീൻ കത്തോലിക്ക അതിരൂപതയിലെ വിഴിഞ്ഞം ഇടവകയിൽനിന്നുള്ള സ്ത്രീകൾ അടക്കമുള്ളവരാണ് ശനിയാഴ്ച തുറമുഖ കവാടം ഉപരോധിച്ചത്. അതേസമയം വിഴിഞ്ഞത്ത് മദ്യശാലകൾ അടച്ചിടാൻ ജില്ല ഭരണകൂടം തീരുമാനിച്ചു. വിഴിഞ്ഞം പൊലീസ് സ്റ്റേഷൻ പരിധിയിൽ രണ്ട് ദിവസത്തേക്കാണ് മദ്യശാലകളുടെ പ്രവർത്തനം കലക്ടർ ജെറോമിക് ജോർജ് നിരോധിച്ച് ഉത്തരവിട്ടത്. സമരങ്ങളുടെ പശ്ചാത്തലത്തിൽ സംഘർഷ സാധ്യത കണക്കിലെടുത്താണ് തീരുമാനമെന്നും കലക്ടർ അറിയിച്ചു.
ശനിയാഴ്ച രാവിലെ തുറമുഖ കവാടത്തിലേക്ക് കടക്കാനായി ഉപരോധ സമരക്കാർ ബാരിക്കേഡുകൾ തള്ളി മറിച്ചിടാൻ ശ്രമിച്ചെങ്കിലും പൊലീസ് തടഞ്ഞു. അതേസമയം സർവിസ് റോഡിലൂടെ കടന്ന പ്രതിഷേധക്കാരും വൈദികരും കവാടത്തിലേക്ക് കടന്ന് തുറമുഖ നിർമാണ പ്രദേശത്ത് കൂട്ടിയിട്ടിരിക്കുന്ന പാറക്കൂട്ടത്തിന് മുകളിൽ കൊടി നാട്ടി.
സംസ്ഥാന സർക്കാറിന് തുറമുഖ നിർമാണം നിർത്തിവെപ്പിക്കാൻ തീരുമാനമെടുക്കാൻ കഴിയുന്നില്ലെങ്കിൽ അതിന് കഴിയുന്നവരോട് സംസാരിക്കാൻ തയാറാകണമെന്ന് തിരുവനന്തപുരം അതിരൂപത സഹായ മെത്രാൻ ഫാദർ ക്രിസ്തുദാസ് ആവശ്യപ്പെട്ടു. അടിസ്ഥാന പ്രശ്നം തുറമുഖ നിർമാണമാണ്. അത് നിർത്തിവെക്കണമെന്ന ആവശ്യത്തിൽ സമരസമിതി ഉറച്ചുനിൽക്കുന്നു. മുഖ്യമന്ത്രിയുമായുള്ള ചർച്ച വൈകരുതെന്നാണ് തങ്ങളുടെ ആവശ്യമെന്നും അദ്ദേഹം പറഞ്ഞു.
സമരത്തിന് പിന്നിൽ ബാഹ്യശക്തികളെന്ന ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്റെ പ്രസ്താവനയെയും സഹായ മെത്രാൻ വിമർശിച്ചു. കോട്ടയം, ഇടുക്കി മലയോര ജില്ലകളിൽനിന്നുള്ളവരും സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിക്കാനെത്തി. സമരത്തിന് പിന്തുണയുമായി കോഴിക്കോട് അതിരൂപതയും രംഗത്തെത്തിയിട്ടുണ്ട്. വിഴിഞ്ഞം തുറമുഖത്തിന് എതിരായ സമരത്തിന് പിന്തുണ പ്രഖ്യാപിക്കുന്നതായി ബിഷപ് വർഗീസ് ചക്കാലയ്ക്കൽ പറഞ്ഞു. അതേസമയം സമരക്കാരുമായുള്ള ചർച്ച പോസിറ്റിവായാണ് കാണുന്നതെന്ന് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.