കോഴിക്കോട്: കർണാടക എക്സാമിനേഷൻ അതോറിറ്റിയുടെ (കെ.ഇ.എ) പരീക്ഷയെഴുതി മെറിറ്റിൽ പ്രവേശനം ലഭിച്ച മലയാളി വിദ്യാർഥികളിൽനിന്ന് ലക്ഷക്കണക്കിന് രൂപ തട്ടി ഏജന്റുമാർ. കെ.ഇ.എ വഴി മെറിറ്റിൽ പ്രവേശനം ലഭിക്കുന്നവരുടെ പേരിൽ വ്യാജരേഖ നിർമിച്ചും ഔദ്യോഗിക സംവിധാനങ്ങൾ ദുരുപയോഗപ്പെടുത്തിയും കോളജ് മാനേജ്മെന്റുകൾ അറിയാതെയുമാണ് കൊള്ള.
കെ.ഇ.എ പരീക്ഷയെഴുതിയ പലരും പ്രവേശനം ലഭിച്ചേക്കില്ലെന്ന് കണ്ട് മാനേജ്മെന്റ് സീറ്റിന് ഏജന്റുമാർക്ക് അഡ്വാൻസ് തുക നൽകിയിരുന്നു. ഏജന്റുമാർ വിദ്യാർഥികളുടെ സർട്ടിഫിക്കറ്റ് പകർപ്പിനൊപ്പം കെ.ഇ.എയുടെ സി.ഇ.ടി നമ്പർ, പാസ്വേഡ് അടക്കമുള്ളവ വാങ്ങിവെക്കും.
മാത്രമല്ല, അലോട്ട്മെന്റ് വരുന്നമുറക്ക് പ്രവേശനവിവരങ്ങൾ ലഭിക്കാൻ വെബ്സൈറ്റിൽ കയറി വിദ്യാർഥിയുടെ മൊബൈൽ നമ്പറുപയോഗിച്ച് പിൻകോഡ് ഉണ്ടാക്കി തട്ടിപ്പുകാർ സ്വന്തം ഇ-മെയിൽ വിലാസവും നൽകും. മെറിറ്റിൽ അലോട്ട്മെന്റ് നേടിയാൽ കെ.ഇ.എയുടെ പേരിൽ വ്യാജ രേഖയുണ്ടാക്കി ഏജന്റ് ബന്ധപ്പെട്ടവരെ അറിയിക്കുകയും കോഴ്സ് ഫീസിനൊപ്പം മാനേജ്മെന്റിനുള്ള ഡൊണേഷൻ എന്നപേരിൽ ലക്ഷങ്ങൾ കൈപ്പറ്റുകയുമാണ് ചെയ്യുന്നത്.
പിന്നീട് സർക്കാർ ഫീസ് മാത്രമടച്ച് പ്രവേശനം വാങ്ങിനൽകുകയും ഡൊണേഷൻ തുക കൈക്കലാക്കുകയും ചെയ്യും. മൈസൂരുവിലെ പ്രമുഖ കോളജിൽ പ്രവേശനം നേടിയ പട്ടാമ്പി, കളമശ്ശേരി, കണ്ണൂർ, അങ്കമാലി എന്നിവിടങ്ങളിലെ വിദ്യാർഥികളിൽനിന്ന് ഒരു ഏജന്റുതന്നെ ഈ ഇനത്തിൽ ലക്ഷക്കണക്കിന് രൂപയാണ് തട്ടിയത്.
നരിക്കുനി സ്വദേശിയായ വിദ്യാർഥിനി തലനാരിഴക്ക് രക്ഷപ്പെട്ടതോടെയാണ് ലക്ഷങ്ങളുടെ തട്ടിപ്പ് പുറത്തുവന്നത്. കെ.ഇ.എ എഴുതിയ ഈ വിദ്യാർഥിനി മെറിറ്റിൽ സീറ്റ് ലഭിച്ചേക്കില്ലെന്ന് കരുതി ബി.എസ്.സി നഴ്സിങ്ങിന് മാനേജ്മെന്റ് സീറ്റിന് ഏജന്റിനെ സമീപിക്കുകയും ചെയ്തിരുന്നു.
പിന്നീട് സീറ്റ് ശരിയായതായി അറിയിച്ച് കെ.ഇ.എയുടെ പേരിലുള്ള വ്യാജ സ്ലിപ് ഈ ഏജന്റ് വിദ്യാർഥിക്ക് നൽകി. കോഴ്സ് ഫീസായ 1.80 ലക്ഷവും ഡൊണേഷൻ മൂന്നുലക്ഷവും ഉൾപ്പെടെ 4.80 ലക്ഷം ആവശ്യപ്പെടുകയും ചെയ്തു. ലഭിച്ചത് മെറിറ്റ് സീറ്റാണെന്ന് വെബ്സൈറ്റിൽനിന്നടക്കം സൂചന കിട്ടിയതോടെ കുടുംബം കോളജിൽ പോയി അന്വേഷിച്ചപ്പോഴാണ് കോഴ്സ് ഫീസ് മാത്രം അടച്ച് പ്രവേശനം നേടാമെന്ന് വ്യക്തമായത്.
എന്നാൽ, ഇക്കാര്യം സമ്മതിക്കാതെ സീറ്റ് തങ്ങൾ തരപ്പെടുത്തിയതാണെന്നും മറിച്ച് വിൽക്കുമെന്നും ഭീഷണിപ്പെടുത്തി തട്ടിപ്പുസംഘത്തിലെ പുതുപ്പാടി സ്വദേശി പണം ആവശ്യപ്പെട്ടു. തട്ടിപ്പ് മനസ്സിലായെന്നും പണം നൽകില്ലെന്നും പറഞ്ഞതോടെ പ്രവേശനത്തിന് വിദ്യാർഥിയുടെ പേരിലുണ്ടാക്കിയ സീക്രട്ട് കോഡിന്റെ പാസ്വേഡ് നൽകാൻ അരലക്ഷം വേണമെന്നായി സംഘം.
നീണ്ട വിലപേശലിനൊടുവിലാണ് ഈ നമ്പർ സംഘം നൽകിയതും വിദ്യാർഥി പ്രവേശനം നേടിയതും. നിരവധി പേർ തട്ടിപ്പിനിരയായതോടെ കോളജ് അധികൃതർക്കും പൊലീസിലും പരാതി നൽകാനുള്ള ഒരുക്കത്തിലാണ് ബന്ധപ്പെട്ടവർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.