തിരുവനന്തപുരം: എ.ഐ കാമറകളുടെ നടത്തിപ്പ് പ്രതിസന്ധിയിലേക്ക് നീങ്ങിയ പശ്ചാത്തലത്തിൽ സർക്കാർ ഇടപെടൽ. ഗതാഗത നിയമലംഘനങ്ങള്‍ കണ്ടെത്താനായി സ്ഥാപിച്ച എ.ഐ കാമറകളുടെ നടത്തിപ്പിന് കെല്‍ട്രോണിന് നൽകാനുള്ള കുടിശ്ശികയില്‍ ആദ്യഗഡു കൈമാറും. മൂന്നുമാസത്തേക്ക് 11.79 കോടി രൂപയാണ് നല്‍കേണ്ടത്. രണ്ടു ഗഡു കുടിശ്ശികയായി. ധനവകുപ്പുമായി കൂടിയാലോചിച്ച് പ്രശ്നം പരിഹരിക്കുമെന്ന് മന്ത്രി കെ.ബി. ഗണേഷ്കുമാര് അറിയിച്ചിരുന്നു. തുടർ ചര്‍ച്ചയിൽ കുടിശ്ശിക നല്കാന് തീരുമാനമായി.
കുടിശ്ശിക വര്‍ധിച്ചതോടെ എ.ഐ കാമറ കണ്ട്രോള് റൂമുകളിലെ താൽക്കാലിക ജീവനക്കാരെ കെല്‍ട്രോണ്‍ കുറച്ചതോടെ പദ്ധതി താളംതെറ്റുന്ന അവസ്ഥയിലെത്തി. പിഴ നോട്ടീസ് അയക്കാൻ നിയോഗിച്ച 140 പേരില്‍ 50 പേരെ കഴിഞ്ഞയാഴ്ച കെല്‍ട്രോണ്‍ പിന്‍വലിച്ചു. കുടുംബശ്രീയില്‍ നിന്ന് ദിവസ വേതനത്തിനാണ് ഇവരെ നിയോഗിച്ചത്. എ.ഐ കാമറകള്‍വഴി പിഴയായി 35 കോടി ലഭിച്ചിരുന്നു. സെപ്റ്റംബര്‍ മുതല്‍ നവംബര്‍ വരെ 120 കോടിയുടെ ചെലാന്‍ കണ്ട്രോള് റൂമില്‍ സജ്ജവുമാണ്. എന്നാല്‍, തപാല്‍ ചെലവ് മുന്‍കൂര്‍ അടക്കണമെന്നതിനാല്‍ വാഹന ഉടമകൾക്ക് അയച്ചിട്ടില്ല. കാമറകള്‍ സ്ഥാപിച്ചത് കെല്‍ട്രോണ്‍ ഉപകരാറുകള്‍ നല്കിയ കമ്പനികളാണ്. പ്രവര്‍ത്തനം വിലയിരുത്തി മോട്ടോര്‍ വാഹനവകുപ്പ് തുക കൈമാറണമെന്നാണ് വ്യവസ്ഥ. പിഴതുക നേരിട്ട് ട്രഷറിയിലേക്കെത്തും. മോട്ടോര്‍ വാഹനവകുപ്പ് നല്കുന്ന റിപ്പോര്‍ട്ട് പ്രകാരമാണ് ധനവകുപ്പ് തുക അനുവദിക്കേണ്ടത്. ട്രഷറിയിലെ സാമ്പത്തിക ഞെരുക്കം കാരണമാണ് തുക അനുവദിക്കാന്‍ വൈകിയതെന്നാണ് അധികൃതരുടെ വിശദീകരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.