സംസ്ഥാനത്ത് മഞ്ഞപ്പിത്ത പ്രതിരോധ വാക്‌സിന്​ ക്ഷാമം

കൊല്ലം: മഞ്ഞപ്പിത്ത (ഹെപ്പറ്റൈറ്റിസ് -ബി)​ പ്രതിരോധ വാക്‌സിന് സംസ്ഥാനത്തെ ആശുപത്രികളിൽ കടുത്ത ക്ഷാമം. സർക്കാർ-സ്വകാര്യ ആശുപത്രികളിലൊന്നും വാക്സിൻ കിട്ടാനില്ല. മരുന്ന്​ കടക്കാരും വിതരണ ഏജൻസികളും വാക്സിൻ ലഭ്യമല്ലെന്നാണ്​ പറയുന്നത്​. മൂന്നുമാസമായി നിർമാതാക്കൾ ഉൽപാദനം നിർത്തിവെച്ചതാണ് ക്ഷാമത്തിന്​ കാരണമെന്ന്​​ വിതരണക്കാർ പറയുന്നു​. അസംസ്കൃത വസ്തുക്കളുടെ ക്ഷാമമാണ് ഉൽപാദനം നിർത്താൻ കാരണമെന്നും ചൂണ്ടിക്കാട്ടുന്നു.

ക്ഷാമം മുതലെടുത്ത് പഴയ സ്റ്റോക്കുള്ള ഫാർമസികൾ വലിയ വില ഈടാക്കുന്നതായി ആക്ഷേപമുണ്ട്. പി.എച്ച്​.സികളിൽ നവജാത ശിശുക്കൾക്ക് കഴിഞ്ഞ മാസങ്ങളിൽ വാക്സിൻ ലഭ്യമാക്കിയിരുന്നു. അത്​ ഇപ്പോൾ നിലച്ചനിലയിലാണ്​. നവജാത ശിശുക്കൾ, ആരോഗ്യപ്രവർത്തകർ, മെഡിക്കൽ-നഴ്സിങ്​ വിദ്യാർഥികൾ, വിദേശത്തേക്ക് പോകുന്നവർ എന്നിവർക്ക് വാക്സിൻ നിർബന്ധമാണ്. കുട്ടികൾക്ക് അഞ്ചുവയസ്സിനിടെ മൂന്ന്​ ഡോസ് എടുക്കേണ്ടതുണ്ട്​.

സംസ്ഥാനത്ത് പ്രതിരോധ വാക്‌സിനേഷനിലൂടെ മഞ്ഞപ്പിത്ത രോഗം നിയന്ത്രണ വിധേയമായതായാണ്​ ചൂണ്ടിക്കാട്ടപ്പെടുന്നത്​. അതോടെ ഇതിനുള്ള ചികിത്സ മരുന്നുകൾക്ക്​ ആവശ്യക്കാർ കുറഞ്ഞു. അഞ്ചുവർഷം മുമ്പുവരെ പ്രതിമാസം 10,000ത്തിലധികം ഡോസുകൾ കേരളത്തിൽ മാത്രം കമ്പനികൾ വിറ്റിരുന്നതായാണ്​ കണക്ക്​. ഇപ്പോൾ കുറഞ്ഞ ആളുകൾ മാത്രമാണ്​ ചികിത്സതേടുന്നത്. കൂടുതലും ഇതരസംസ്ഥാനക്കാർ​. ഇതോടെ കമ്പനികൾ മരുന്നിന്റെ വില വർധിപ്പിച്ചിരുന്നു. വാക്സിൻ ക്ഷാമം സൃഷ്ടിച്ച്​ രോഗം വീണ്ടും വ്യാപകമാക്കാനുള്ള നീക്കമായും വ്യാഖ്യാനിക്കപ്പെടുന്നുണ്ട്​. കരളിനെ ബാധിക്കുന്ന, മരണത്തിനുവരെ കാരണമാകുന്ന രോഗമാണ് ഹെപ്പറ്റൈറ്റിസ് -ബി അഥവാ മഞ്ഞപ്പിത്തം.

Tags:    
News Summary - shortage of hepatitis b vaccine in the state

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.