സി.പി.എം സംസ്ഥാന സെക്രട്ടറിയായി എം.വി. ഗോവിന്ദൻ ചുമതലയേറ്റതോടെ കൂടുതലായി ഉയർന്നുകേട്ട പ്രയോഗമാണ് `തെറ്റുതിരുത്തൽ'. പാർട്ടി മെമ്പർഷിപ്പ് നൽകുന്നതിലുൾപ്പെടെ സൂക്ഷ്മത പുലർത്തണമെന്നാണ് പുതിയ നിർദേശം. ഇതിന്റെ ഭാഗമായാണ് പാർട്ടി പരിപാടികൾക്കും മറ്റുമായി പോകുന്ന നേതാക്കൾ ഇനി വിമാനയാത്ര നടത്തേണ്ടെന്ന തീരുമാനം. ട്രെയിനിലോ ബസിലോ പോയാൽ മതിയെന്നാണ് നിർദേശമെന്നറിയുന്നു. സ്പോൺസർമാരെ കണ്ടെത്തിയും നാട്ടുകാരിൽനിന്നു സംഭാവന സ്വീകരിച്ചും വിമാനയാത്ര നടത്തുന്നത് നിർത്തണമെന്നാണ് സിപിഎം സംസ്ഥാന നേതൃത്വത്തിെൻറ പുതിയ തീരുമാനം.
പാർട്ടിയുടെ ബ്രാഞ്ച്കമ്മിറ്റിയിലുൾപ്പെടെയുള്ള നേതാക്കളുടെ സുഖ ജീവിതം, അനാവശ്യ പണപ്പിരിവുകൾ തുടങ്ങിയവ അവസാനിപ്പിക്കണം. ജനുവരി 18 മുതൽ 22 വരെ ബംഗളൂരുവിൽ നടക്കുന്ന സിഐടിയു ദേശീയ സമ്മേളനത്തിൽ പങ്കെടുക്കുന്നതിനുള്ള പ്രതിനിധികൾ വിമാന യാത്ര ഉപേക്ഷിക്കണെമന്നാണ് പുതിയ നിർദേശം. ഈ സമ്മേളനത്തിൽ കേരളത്തിൽ നിന്നും 500ലേറെ പ്രതിനിധികൾ പങ്കെടുക്കുന്നുണ്ട്.
അതത്, നേതാക്കൾ പ്രതിനിധീകരിക്കുന്ന യൂണിയനിലെ അംഗങ്ങളിൽ നിന്നു പണപ്പിരിവു നടത്തി ട്രെയിനിൽ യാത്രചെയ്താൻ മതിയെന്നാണു നിർദേശം. സമ്മേളനത്തിൽ ഏകദേശം 650 പ്രതിനിധികൾ കേരളത്തിൽ നിന്നാണ്. എംഎൽഎമാർക്ക് ഉൾപ്പെടെ വിലക്ക് ബാധകമാകുമ്പോൾ യാത്രച്ചെലവ് പാർട്ടി വഹിക്കുന്ന നേതാക്കൾ, സൗജന്യ ടിക്കറ്റ് ലഭിക്കുന്ന എംപിമാർ തുടങ്ങിയവരെ ഒഴിവാക്കും. ഈ തീരുമാനം സി.പി.എമ്മിൽ മാത്രം ഒതുങ്ങില്ല, പോഷക സംഘടനകളായ
എസ്എഫ്ഐ, ഡിവൈഎഫ്ഐ തുടങ്ങിയ സംഘടനകളുടെ നേതാക്കൾക്ക് ബാധകമാണ്. തെറ്റുതിരുത്തൽ രേഖയിലെ നിർദേശങ്ങൾ ഓരോ ഘടകങ്ങളും എത്രമാത്രം പാലിക്കുന്നുണ്ടെന്ന വിലയിരുത്തലും സംസ്ഥാന നേതൃത്വത്തിന്റെ ഭാഗത്തുനിന്നുണ്ടാകും. തെറ്റുതിരുത്തൽ രേഖയിൽ വെള്ളം ചേർക്കാൻ അനുവദിക്കില്ലെന്ന ഉറച്ച നിലപാടിലാണ് സംസ്ഥാന സെക്രട്ടറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.