കോഴിക്കോട്: കഴിഞ്ഞ ദിവസം കോവിഡ് പോസിറ്റീവായ കുതിരവട്ടം സ്വദേശിയായ കരിപ്പൂർ വിമാനത്താവളത്തിലെ ടെർമിനൽ മാനേജറുടെ പ്രാഥമിക സമ്പർക്കപ്പട്ടികയിലെ ബന്ധുക്കളും സുഹൃത്തുക്കളുമടക്കം കോർപ്പറേഷൻ പരിധിയിൽ 17 ഓളം പേർ ക്വാറൻറീനിൽ. സെക്കൻഡറി സമ്പർക്കപ്പട്ടികയിൽ 200 ലേറെ പേർ ഉൾപ്പെട്ടിട്ടുണ്ടാകാൻ സാധ്യതയുണ്ടെന്ന് അധികൃതർ പറഞ്ഞു. 11 സ്ഥാപനങ്ങളിലും അദ്ദേഹം വിവിധ ആവശ്യങ്ങൾക്കായി സന്ദർശിച്ചിട്ടുണ്ട്. പ്രാഥമിക സമ്പർക്കത്തിൽ ഉൾപ്പെട്ട ബന്ധുക്കൾ ഉൾപ്പെടെയുള്ള ആളുകളോട് ക്വാറൻറീനിൽ പോകാൻ ആരോഗ്യ വകുപ്പ് നിർദേശിച്ചു.
കരിപ്പൂർ വിമാനത്താവളത്തിലെ ടെർമിനൽ മാനേജർക്കാണ് ശനിയാഴ്ച രോഗം സ്ഥിരീകരിച്ചത്. നിലവിൽ മഞ്ചേരി മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. ജൂൺ ഏഴിനാണ് സ്രവം പരിശോധനക്ക് അയച്ചത്. ജൂൺ മൂന്നാം തീയതി മുതലുള്ള റൂട്ട് മാപ്പാണ് തയ്യാറാക്കത്. കുതിരവട്ടത്തെ വീട്ടിൽ നിന്ന് വിമാനത്താവളത്തിലേക്കുള്ള യാത്ര കൂടാതെ എലത്തൂരുള്ള ഭാര്യ വീട്ടിലും ഇദ്ദേഹം സന്ദർശിച്ചിട്ടുണ്ട്.
മൂന്നാം തീയതി ഉച്ചക്ക് രണ്ടിന് പുതിയ ബസ് സ്റ്റാൻറിനടുത്ത ഫോട്ടോ സ്റ്റാറ്റ് കടയിൽ പോയി. എട്ടാം തീയതി 12.30 മുതൽ ഒന്നര വരെയുള്ള സമയത്ത് മാവൂർ റോഡിലെ പുസ്തക കട, 1.45 മുതൽ രണ്ടു വരെ മാനാഞ്ചിറക്ക് സമീപത്തെ പുസ്തക കട, രണ്ടു മുതൽ അഞ്ചുമിനിട്ട് കുതിരവട്ടത്തെ പച്ചക്കറിക്കട, 2.15 ന് കോട്ടൂളിയിലെ ഐ.ഡി.ബി.ഐ എ.ടി.എം, തൊട്ട് പിറകെ പൊറ്റമ്മലിലെ എസ്.ബി.ഐ എ.ടി.എം, 2.20ന് തിരികെ പച്ചക്കറി കട എന്നിവിടങ്ങളിൽ ഇദ്ദേഹം പോയി.
2.30ന് തിരിച്ച് വീട്ടിലേക്ക് യാത്ര ചെയ്തു. യാത്ര മുഴുവൻ ബൈക്കിലായിരുന്നു. 11 ന് രാവിലെ ഒമ്പതിന് രാവിലെ കാറിൽ എലത്തൂരിലെ ഭാര്യവീട് സന്ദർശിച്ചു. വൈകീട്ട് അഞ്ചിന് പെരുവന്തുരുത്തി പാർക്ക് സന്ദർശിച്ച് ആറുമണിയോടെ തിരികെ വീട്ടിലെത്തി. 13ന് ഉച്ചക്ക് 2.30ഓടെ വിമാനത്താവളത്തിൽ നിന്നാണ് കോവിഡ് സ്ഥിരീകരിച്ച് മഞ്ചേരി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്.
വിമാനത്താവളത്തിൽ നേരിട്ട് ബന്ധപ്പെട്ട 60 ഓളം ജീവനക്കാർ, ഇദ്ദേഹം സന്ദർശിച്ച കടകളിലെയും പാർക്കിലെയും ജീവനക്കാരും ആ സമയങ്ങളിൽ അവിടെ ഉണ്ടായിരുന്നവരും നിരീക്ഷണത്തിൽ പോകേണ്ടതുണ്ടെന്ന് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.