കൽപറ്റ: വയനാട് ഉരുൾപൊട്ടലിൽ കാണാതായ അച്ഛനെ തിരയുന്ന മകനെ കണ്ട മന്ത്രി എ.കെ. ശശീന്ദ്രൻ പൊട്ടിക്കരഞ്ഞു. ഉരുൾപൊട്ടലിൽ കാണാതായവർക്ക് വേണ്ടിയുള്ള ജനകീയ തിരച്ചിലിൽ മന്ത്രിയും പങ്കാളിയായിരുന്നു. ഈ കുട്ടിയോട് എന്ത് സമാധാനം പറയുമെന്നും ഇത്തരം കാഴ്ചകൾ കാണാനുള്ള യോഗമാണല്ലോ ഉണ്ടായത് എന്നും പറഞ്ഞാണ് മന്ത്രി പൊട്ടിക്കരഞ്ഞത്.
ഇത് കണ്ടിട്ട് എന്താണ് പറയുക. വല്ലാത്തൊരു അനുഭവമായിപ്പോയി. ഇങ്ങനെയൊരു കാഴ്ച ജീവിതത്തിൽ കാണേണ്ടിവരുമെന്ന് ഒരിക്കൽ പോലും ചിന്തിച്ചിട്ടില്ല. എങ്ങനെയാണ് ഇവരെ ആശ്വസിപ്പിക്കുക. ഇവരോട് ഞാൻ എന്ത് ഉത്തരമാണ് പറയുക. അവരുടെ ചോദ്യങ്ങൾക്ക് ഒരു ഉത്തരവും ഇല്ല. അവരെയെങ്കിലും രക്ഷിക്കാൻ ശ്രമിക്കുക. അത്രയേ ഉള്ളൂ...നമുക്ക് ഇത്രയും ബുദ്ധിമുട്ടുണ്ടെങ്കിൽ അവരുടെ പ്രയാസമെന്തെന്ന് ആലോചിച്ച് നോക്കുക. അവർക്ക് വേണ്ടി പ്രാർഥിക്കുക. പ്രവർത്തിക്കുക. അവരെ സാധാരണ ജീവിതത്തിലേക്ക് കൊണ്ടുവരാനായി ചെയ്യാൻ കഴിയുന്നത് ചെയ്യുക. നമ്മുടെ ജീവിതത്തിലും ഇതുപോലുള്ള ദുരന്തങ്ങൾ ഉണ്ടാകില്ലെന്ന് പറയാനാകില്ല. നമുക്ക് ഒത്തൊരുമിച്ച് അവരെ സാധാരണ ജീവിതത്തിലേക്ക് കൊണ്ടുവരാനാകണമെന്നും മന്ത്രി പറഞ്ഞു.
ഉരുൾ പൊട്ടലിൽ കാണാതായ നാസറിനെ തിരഞ്ഞ് മകനുമുണ്ടായിരുന്നു. ഈ കുട്ടിയെ ചേർത്തു പിടിച്ചാണ് മന്ത്രി പൊട്ടിക്കരഞ്ഞത്. പിന്നീട് മാധ്യമങ്ങളോട് സംസാരിക്കുമ്പോഴും മന്ത്രി വിതുമ്പി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.