കോഴിക്കോട്: 'അറബിക്കടല്‍ വക്കത്തുള്ള കോഴിക്കോടെന്ന പട്ടണ'ത്തെ 'തുലാവര്‍ഷം' എന്ന കവിതയില്‍ വരച്ചിട്ട അക്കിത്തം അച്യുതന് നമ്പൂതിരി മറ്റൊരു തുലാവര്‍ഷത്തിന് കാത്തുനില്‍ക്കാതെ വിടപറഞ്ഞപ്പോള്‍ ഈ നാടിനും സങ്കടവാര്ത്തയായി.
1956 മുതല്‍ 75 വരെ കോഴിക്കോട് ആകാശവാണിയിലും സാംസ്കാരിക ഇടനാഴികളിലും സജീവമായിരുന്നു അന്തരിച്ച മഹാകവി അക്കിത്തം. ''അക്കിത്തിക്കു കൊടുകക്കു'' എന്നൊരു വായ്ത്താരി കോഴിക്കോട് ആകാശവാണിയിലുണ്ടായിരുന്നു. ആകാശവാണിയുടെ സുവര്‍ണകാലഘട്ടമായിരുന്നു അത്.
അക്കിത്തം അച്യുതന് നമ്പൂതിരി, തിക്കോടിയന്, കെ.എ. കൊടുങ്ങല്ലൂർ, കക്കാട് എന്നിവരടങ്ങിയ ആകാശവാണി ജീവനക്കാരുടെ കൂട്ടത്തിെൻറ ചുരുക്കപ്പേരായിരുന്നു 'അക്കിത്തിക്കു കൊടുകക്കു'. ഉറൂബ് എന്ന പി.സി. കുട്ടികൃഷ്ണനായിരുന്നു ഈ സംഘത്തിെൻറ നേതാവ്. ഈ കൂട്ടത്തില്‍ ഇനിയാരും ബാക്കിയില്ല.
1956ലാണ് അക്കിത്തത്തെ ആകാശവാണി ഡയറക്ടറായിരുന്ന പി.വി. കൃഷ്ണമൂര്‍ത്തി കോഴിക്കോട്ട് ജോലിക്കെടുത്തത്. തിക്കോടിയനും ഉറൂബും കെ.എ. കൊടുങ്ങല്ലൂരും നേരത്തേ അവിടെയുണ്ടായിരുന്നു. യു.എ. ഖാദര്‍ സംസ്ഥാന ആരോഗ്യവകുപ്പില്‍നിന്ന് ഡെപ്യൂട്ടേഷനില്‍ അഞ്ച് വര്‍ഷക്കാലം ഇവര്‍ക്കൊപ്പം ജോലിചെയ്തു.
ഉറൂബിെൻറ നേതൃത്വത്തില്‍ സാഹിത്യചര്‍ച്ചകളും സംവാദങ്ങളും ആകാശവാണിക്കാലത്തെ സൗഹൃദ സദസ്സില്‍ സജീവമായിരുന്നു. വെറ്റില ചെല്ലവും പേറി നടന്നിരുന്ന അക്കിത്തം നാലും കൂട്ടി മുറുക്കി സാഹിത്യ ചര്‍ച്ചയില്‍ ഇരിക്കും. കക്കാടും ഉറൂബും വെറ്റിലയില്‍ ചുണ്ണാമ്പ് തേക്കും.
വായയില്‍ മുറുക്കാനുള്ളതിനാല് അക്കിത്തം ആ സമയത്ത് ചര്‍ച്ചയില്‍ മിണ്ടാതിരിക്കുമെന്ന് തിക്കോടിയന് എഴുതിയിട്ടുണ്ട്. അതേസമയം, ബഹുഭാഷകളില്‍ പാണ്ഡിത്യമുള്ള അക്കിത്തം സാമൂഹിക, സാംസ്കാരിക പരിപാടികളാണ് ആകാശവാണിയില്‍ കൈകാര്യം ചെയ്തത്. നാട്ടിന്‍പുറം എന്ന പരിപാടിയിലും പങ്കാളിയായി.
ആകാശവാണിയുടെ അഭിമാനമായ പ്രോഗ്രാമുകളിലൊന്നായ 'ഗാന്ധിമാര്‍ഗം' നിരവധി വര്‍ഷക്കാലം അക്കിത്തം അവതരിപ്പിച്ചിട്ടുണ്ട്. ''ദുഃഖത്തിനൊരൊറ്റ പ്രത്യൗഷധമേയുള്ളൂ, സ്നേഹം'' എന്ന് പാടിയ അക്കിത്തം സഹപ്രവര്‍ത്തകരോട് അതീവ സ്നേഹത്തോടെയായിരുന്നു പെരുമാറിയതെന്ന് കവി പി.പി. ശ്രീധരനുണ്ണി ഓര്‍ക്കുന്നു. അക്കിത്തത്തിനു ശേഷം നീണ്ട 35 വര്‍ഷം ഗാന്ധിമാര്‍ഗത്തില്‍ ശബ്ദമായത് ശ്രീധരനുണ്ണിയായിരുന്നു.
ബലിദര്‍ശനം എന്ന കവിതാസമാഹാരത്തിന് അക്കിത്തം കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് നേടിയത് കോഴിക്കോട്ടെ ആകാശവാണിക്കാലത്തായിരുന്നു. ഓണവുമായി ബന്ധപ്പെട്ട കവിത ആകാശവാണിക്ക് വേണ്ടി എഴുതിയതാണ് ബലിദര്‍ശനം. അഞ്ച് ഭാഗങ്ങളായി ഇത് അവതരിപ്പിച്ചു.
പിന്നീട് വികസിപ്പിച്ച് പുസ്തകരൂപത്തിലാക്കുകയായിരുന്നു. 'ഈ ഏടത്തി നൊണയേ പറയൂ' തുടങ്ങിയ കുട്ടികളുടെ നാടകങ്ങളും അക്കാലത്ത് ആകാശവാണിയില്‍ അക്കിത്തം അവതരിപ്പിച്ചിരുന്നു. ഗാന്ധിഗൃഹത്തിലായിരുന്നു ഏറെക്കാലം താമസിച്ചത്. സ്ഥാനക്കയറ്റം കിട്ടി തൃശൂരിലേക്ക് പോയ ശേഷം കോഴിക്കോെട്ടത്തുമ്പോഴെല്ലാം ആകാശവാണിയിലെത്തി ഓർമകൾ പങ്കുവെച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.