കൊച്ചി: കായല്‍ കൈയേറിയെന്ന ആരോപണം വീണ്ടും നിഷേധിച്ച് മന്ത്രി തോമസ് ചാണ്ടി. ലേക് പാലസ് റിസോർട്ട് നിർമാണത്തിന് മാർത്താണ്ഡം കായൽ കൈയേറിയിട്ടില്ല. മണ്ണിട്ട് നികത്തിയത് കരഭൂമി മാത്രമാണ്. ആലപ്പുഴ കലക്ടർ നൽകിയ റിപ്പോർട്ട് ഏകപക്ഷീയമാണ്. തെൻറയോ സ്ഥാപനത്തിെൻറയോ വാദങ്ങള്‍ കേള്‍ക്കാതെയാണ് കലക്ടര്‍ റിപ്പോര്‍ട്ട് നല്‍കിയതെന്നും കൊച്ചിയിലെ വീട്ടിൽ നടത്തിയ വാർത്തസമ്മേളനത്തിൽ മന്ത്രി വ്യക്തമാക്കി.
മൂന്ന് ഏക്കര്‍ 10 സെൻറ് സ്ഥലമാണ് തനിക്കുള്ളത്. ഒരേക്കറില്‍ മാത്രമേ നിര്‍മാണം നടത്തിയിട്ടുള്ളൂ. പാടശേഖര കമ്മിറ്റിയിൽനിന്നാണ് കരഭൂമിയുടെ തീറാധാരമുള്ള വസ്തു വാങ്ങിയത്. ഒരു സെൻറ് ഭൂമി പോലും കൈയേറിയെന്ന് തെളിയിക്കാൻ ആർക്കും കഴിയില്ല. നിലനിൽക്കാത്ത ആരോപണങ്ങളുടെ പേരിൽ രാജിവെക്കാനില്ല. തനിക്കെതിരെ ഗൂഢാലോചന നടന്നിട്ടുണ്ട്. എന്നാൽ, ഇത് പാര്‍ട്ടിയിലോ മുന്നണിയിലോ അല്ല. ഗൂഢാലോചനക്കാരെ കോടതിയില്‍ വെളിപ്പെടുത്തും.
ആരോപിക്കപ്പെടുന്ന സ്ഥലത്ത് നടപ്പാത കാണിച്ചു തന്നാല്‍ മണ്ണ് മാറ്റിനല്‍കാന്‍ ഒരുക്കമാണ്. അവിടെ മണ്ണിട്ടില്ലായിരുന്നെങ്കില്‍ ചാല്‍ രൂപപ്പെടുമായിരുന്നു. ഇത്തരം നിസ്സാര ആരോപണങ്ങളുടെ പേരില്‍ രാജിവെക്കേണ്ട കാര്യമില്ല. 110 മീറ്റര്‍ സ്ഥലത്ത് മണ്ണിട്ടതാണ് പ്രശ്‌നമായിരിക്കുന്നത്. കുഴിയായിരുന്ന സ്ഥലത്ത് മണ്ണിട്ടതാണോ കുഴപ്പം. മണ്ണിട്ടശേഷം അവിടെ പോയിട്ടില്ല. മണ്ണിട്ട് നികത്തിയെന്ന കാര്യം സമ്മതിക്കുന്നു. വിനോദസഞ്ചാരികൾക്കും പ്രദേശവാസികൾക്കും നടക്കാൻ സഹായകമാകുമെന്ന് കരുതിയാണ് അത് ചെയ്തത്.
ആരോപണവിധേയമായ ഭൂമിയുമായി ബന്ധപ്പെട്ട ഫയലുകള്‍ കാണാതായതിനെക്കുറിച്ചുള്ള ചോദ്യത്തിന് കോണ്‍ഗ്രസ് ഭരിക്കുന്ന നഗരസഭയിലെ ഫയലുകള്‍ സൂക്ഷിക്കേണ്ട ചുമതല തനിക്കില്ലെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. കെ.പി.സി.സി പ്രസിഡൻറിന് മറ്റൊരു പണിയും ഇല്ലാത്തതിനാലാണ് തെൻറ രാജി ആവശ്യപ്പെടുന്നത്. ഇക്കാര്യത്തിൽ മുഖ്യമന്ത്രി വിളിക്കുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ല. ഇതില്‍ കഴമ്പില്ലെന്ന് അദ്ദേഹത്തിന് വ്യക്തമായറിയാം. അതേസമയം, അനധികൃത കെട്ടിട നിർമാണവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ പ്രതികരിക്കാനില്ലെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.