ബെയ്‍ലി പാലത്തിലൂടെ കടത്തി വിടുക 1500 പേരെ മാത്രം; പ്രവേശന നിയന്ത്രണം പ്രാബല്യത്തിൽ

കൽപറ്റ: ബെയ്‍ലി പാലം വഴി ചൂരൽമലയിലേക്കും മുണ്ടക്കൈയിലേക്കുമുള്ള പ്രവേശനം നിയന്ത്രിക്കുമെന്ന് റവന്യൂ മന്ത്രി കെ. രാജൻ. തിങ്കളാഴ്ച മുതൽ രാവിലെ ആറു തൊട്ട് ഒമ്പത് വരെ ബെയ്‍ലി പാലത്തിലൂടെ 1500 പേരെ മാത്രമേ കടത്തിവിടുകയുള്ളൂ. കൂടുതൽ ആളുകൾ എത്തുന്നത് തിരച്ചിലിനും മറ്റ് പ്രവർത്തനങ്ങൾക്കും ബുദ്ധിമുട്ട് സൃഷ്ടിക്കുന്ന സാഹചര്യത്തിലാണ് നിയന്ത്രണം ഏർപെടുത്തിയത്. കാണാതായവരുടെ പട്ടിക തയാറാക്കുന്നതും പ്രധാന ദൗത്യമാണെന്ന് മ​ന്ത്രി വ്യക്തമാക്കി.

ഉരുൾ പൊട്ടൽ തകർത്തെറിഞ്ഞ മുണ്ടക്കെയിലും ചൂരൽമലയിലും രക്ഷാപ്രവർത്തനം ഏഴാംദിനത്തിലേക്ക് കടന്നിരിക്കുകയാണ്. ചാലിയാറിൽ മൃതദേഹങ്ങൾക്കായി തിരച്ചിൽ തുടരും. അത്യാധുനിക സംവിധാനങ്ങൾ ഉൾപ്പെടെ ഉപയോഗിച്ചാണ് തിരച്ചിൽ തുടരുന്നത്. കൂടുതൽ സ്ഥലങ്ങളിൽ ഐബോഡ് പരിശോധന നടത്തും. മണ്ണിനടിയിലുള്ള വസ്തുക്കളുടെ രൂപം അറിയാനാണ് ഐബോഡ് പരിശോധന നടത്തുന്നത്.

തിരിച്ചറിയാത്ത എട്ട് മൃതദേഹങ്ങൾ ഇന്നലെ സർവമത പ്രാർഥനയോടെ പുത്തുമലയിൽ സംസ്കരിച്ചു. ഉരുൾപൊട്ടലിൽ 352 പേർ മരിച്ചതായാണ് കണക്കാക്കുന്നത്. ഔദ്യോഗികമായി സ്ഥിരീകരിച്ചത് 221 മരണമാണ്. 209 പേരെ കാണാതായിട്ടുണ്ട്. ഇന്നലെ രണ്ട് മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ജൂലൈ 30ന് പുലർച്ചെ ഒരു മണിയോടെയാണ് മേപ്പാടിയിൽ നിന്ന് 15 കിലോമീറ്റർ അകലെയുള്ള മുണ്ടക്കൈയിൽ ഉരുൾപൊട്ടിയത്. 2.30ഓടെ വീണ്ടും ഉരുൾപൊട്ടലുണ്ടായി. വെള്ളവും മണ്ണും കുത്തിയൊലിച്ച് മൂന്ന് കിലോമീറ്റർ അകലെയുള്ള ചൂരൽമലയിലും കനത്ത നാശമുണ്ടാവുകയായിരുന്നു.

Tags:    
News Summary - Allow only 1500 people to cross the Bailey Bridge

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.