വയനാടിന്‍റെ വണ്ടർ വുമൺ! മേജർ സീതാ ഷെൽക്കെയെ പ്രശംസിച്ച് ആനന്ദ് മഹീന്ദ്ര

കൽപറ്റ: നിനച്ചിരിക്കാതെ പ്രകൃതി കലിതുള്ളി മലവെള്ളപ്പാച്ചിലായി ആർത്തലച്ചെത്തിയപ്പോൾ മുണ്ടക്കൈ, ചൂരൽമല ഗ്രാമങ്ങൾ നിമിഷനേരംകൊണ്ടാണ് നാമാവശേഷമായത്.

അതൊരു മരണഭൂമിയാകാൻ അധികനേരം വേണ്ടിവന്നില്ല. ഒരുപാട് ജീവിതങ്ങളും സ്വപ്നങ്ങളുമാണ് മണ്ണുമൂടിയത്. പിന്നാലെ ഉറ്റവരെ, പ്രിയപ്പെട്ടവരെ തേടിയുള്ള വിലാപങ്ങളായിരുന്നു. ചൂരൽമലയിലേക്ക് രക്ഷാപ്രവർത്തകർ ഓടിയെത്തിയെങ്കിലും ദുരന്തഭൂമിയായ മുണ്ടക്കൈയിലേക്ക് രക്ഷാകരങ്ങൾ എത്താൻ പിന്നെയും വൈകി.

ചൂരൽമലയെയും മുണ്ടക്കൈയെയും ബന്ധിപ്പിക്കുന്ന പാലം ഒലിച്ചുപോയതാണ് തിരിച്ചടിയായത്. മുണ്ടക്കൈയിലേക്ക് വാഹനങ്ങളും ഉപകരണങ്ങളുമെത്തിക്കുന്നത് അസാധ്യമായി.

ഇരു കരകളെയും ബന്ധിപ്പിക്കാൻ സൈന്യം ബെയ്‍ലി പാലം നിർമിച്ചതോടെയാണ് രക്ഷാപ്രവർത്തനം വേഗത്തിലായത്. മണ്ണിനടിയിൽ ഇനിയും ശേഷിച്ചിട്ടുണ്ടാകാവുന്ന ജീവനുകളെയും ശേഷിപ്പുകളെയും വീണ്ടെടുക്കുന്നതിനുള്ള പ്രഥമ ചുവടുവെപ്പായിരുന്നു സൈന്യത്തിന്‍റെ ബെയ്ലി പാലം. ഈ പാലം നിർമാണത്തിന്‍റെ മുൻനിരയിലുണ്ടായിരുന്ന ഉദ്യോഗസ്ഥരിൽ ഒരാളായിരുന്നു മേജർ സീതാ ഷെൽക്കെ. പാലം നിർമാണ സംഘത്തെ മുന്നിൽനിന്ന് നയിച്ചത് ബംഗളൂരുവിൽനിന്നുള്ള സൈന്യത്തിന്‍റെ മദ്രാസ് എൻജിനീയറിങ് ഗ്രൂപ്പിലെ (എം.ഇ.ജി) ഏക വനിതാ എൻജിനീയറായിരുന്ന മേജർ ഷെൽക്കെ അടക്കമുള്ള ഉദ്യോഗസ്ഥരായിരുന്നു.

വിശ്രമമില്ലാതെ 31 മണിക്കൂർ പണിയെടുത്താണ് 190 അടി പാലം പൂർത്തിയാക്കിയത്. ‘വയനാടിന്‍റെ വണ്ടർ വുമൺ’ എന്നാണ് ഷെൽക്കെയെ പ്രമുഖ വ്യവസായി ആനന്ദ് മഹീന്ദ്ര വിശേഷിപ്പിച്ചത്. ’ഡി.സി സൂപ്പർ ഹീറോകളുടെ ആവശ്യമില്ല. ‍യഥാർഥ ജീവിതത്തിൽ നമുക്കിടയിൽ അവരുണ്ടെന്ന’ കുറിപ്പിനൊപ്പം ബെയ്ലി പാലം നിർമാണത്തിൽ ഏർപ്പെട്ടിരിക്കുന്ന ഷെൽക്കെയുടെ ചിത്രവും അദ്ദേഹം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്. 2012ൽ സൈന്യത്തിൽ ചേർന്ന മേജർ ഷെൽക്കെ മഹാരാഷ്ട്രയിലെ അഹമ്മദ് നഗർ സ്വദേശിനിയാണ്. ചെന്നൈ ഒ.ടി.എയിൽ നിന്നാണ് പരിശീലനം പൂർത്തിയാക്കിയത്.

അഹമ്മദ് നഗറിലെ പ്രവാര റൂറൽ എൻജിനീയറിങ് കോളജിൽനിന്ന് മെക്കാനിക്കൽ എഞ്ചിനിയറിങ്ങിൽ ബിരുദം നേടി. അവർ ഇന്ന് ഇന്ത്യൻ സൈന്യത്തിലെ പെൺകരുത്തിന്‍റെ പ്രതീകമാണ്.

Tags:    
News Summary - Anand Mahindra hails Indian 'Wonder Woman' for rebuilding key bridge in record time

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.