തൊടുപുഴ: കസ്തൂരിരംഗൻ റിപ്പോർട്ടിന്റെ അഞ്ചാം കരട് പ്രസിദ്ധീകരിച്ചപ്പോൾ ഇടുക്കിയിലെ 23 വില്ലേജുകളെ ഇ.എസ്.എയിൽ (പശ്ചിമ ഘട്ട പരിസ്ഥിതി ലോലമേഖല) നിന്ന് ഒഴിവാക്കണമെന്ന കേരളത്തിന്റെ ആവശ്യം പരിഗണിക്കപ്പെടാത്തതിൽ വ്യാപക പ്രതിഷേധം.
പുതിയ വിജ്ഞാപനത്തിൽ ഇടുക്കിയിൽ ആകെ 51 വില്ലേജുകൾ പരിസ്ഥിതി ലോലമാണ്. മുൻ കരട് വിജ്ഞാപനങ്ങളിൽ 47 വില്ലേജുകളായിരുന്നു ഇ.എ.എസ്.എയായി ഉണ്ടായിരുന്നത്.
പിന്നീട് വില്ലേജുകളുടെ വിഭജനമുണ്ടായി. അതിനാലാണ് പുതിയ കരട് ഇ.എസ്.എയിൽ വില്ലേജുകളുടെ എണ്ണം 51ആയി ഉയർന്നത്. കേരളത്തിൽ ആകെ ഇ.എസ്.എ പട്ടികയിലുള്ളത് 131 വില്ലേജുകളാണ്.
ഇ.എസ്.ഐയുടെ ഭൂപരിധി കുറക്കണമെന്ന ആവശ്യം അംഗീകരിക്കപ്പെട്ടില്ലെന്നും കരട് വിജ്ഞാപനം അതേപടി പുതുക്കുക മാത്രമാണ് ഉണ്ടായതെന്നും ആക്ഷേപമുണ്ട്. മുൻ വിജ്ഞാപനങ്ങളിൽ നിന്ന് മാറ്റങ്ങളൊന്നും പുതിയ വിജ്ഞാപനത്തിലില്ല.
ദേവികുളം താലൂക്കിലെ ആനവിരട്ടി, കുഞ്ചിത്തണ്ണി, വെള്ളത്തൂവൽ, പീരുമേട്ടിലെ കൊക്കയാർ, പീരുമേട്, തൊടുപുഴയിലെ അറക്കുളം, ഉടുമ്പൻചോല താലൂക്കിലെ അണക്കര, ആനവിലാസം, ചതുരംഗപ്പാറ, ചക്കുപള്ളം, കൽക്കൂന്തൽ, കാന്തിപ്പാറ, കരുണാപുരം, പാമ്പാടുംപാറ, രാജാക്കാട്, രാജകുമാരി, ശാന്തൻപാറ, ഉടുമ്പൻചോല, വണ്ടൻമേട്, ഇടുക്കിയിലെ കട്ടപ്പന, കൊന്നത്തടി, തങ്കമണി, ഉപ്പുതോടി, വാത്തിക്കുടി വില്ലേജുകൾ ഒഴിവാക്കണം എന്നായിരുന്നു
ആവശ്യം. ജില്ലയിലെ വനപ്രദേശം മാത്രമുള്ള 1824.43 ചതുരശ്ര കിലോമീറ്റർ മാത്രമായി ഇ.എസ്.എ പരിമിതപ്പെടുത്തണമെന്ന് ശക്തമായി ആവശ്യപ്പെട്ടിരുന്നു.
അടിമാലി: ജില്ലയിലെ 51 വില്ലേജുകൾ പരിസ്ഥിതി ലോലമെന്ന് പ്രഖ്യാപിച്ച കേന്ദ്ര സർക്കാർ നടപടി അത്യന്തം പ്രതിഷേധാർഹമാണന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കമ്മിറ്റി കുറ്റപ്പെടുത്തി.
ഇത് ഇടുക്കി ജില്ലയിലെ കാർഷികവൃത്തിയിൽ ഏർപ്പെട്ടിരിക്കുന്ന ജനങ്ങളെയാകെ കുടിയിറക്കി, ഇവിടമാകെ വനം ആക്കി മാറ്റി അന്താരാഷ്ട്ര കാർബൺ ഫണ്ട് നേടിയെടുക്കാനുള്ള ഗൂഢാലോചനയായി മാത്രമേ കാണാൻ കഴിയൂവെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല കമ്മിറ്റി പ്രസിഡന്റ് സണ്ണി പൈമ്പിള്ളിൽ പറഞ്ഞു.
ശാസ്ത്രീയ പഠനം നടത്താതെ ധൃതി പിടിച്ചുള്ള നടപടി പ്രതിഷേധാർഹമാണ്. ജില്ലയിൽ കൃഷി ചെയ്യാനും വ്യാപാര വ്യവസായങ്ങളിൽ ഏർപ്പെടാനുമുള്ള അവകാശത്തിന് വേണ്ടി ഇത്തരം ജനവിരുദ്ധമായ കേന്ദ്രസർക്കാർ നയങ്ങൾക്കെതിരെ ശക്തമായ സമരം ആരംഭിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
തൊടുപുഴ: അന്തിമ വിജ്ഞാപനമാണ് വിഷയത്തിൽ പുറപ്പെടുവിക്കേണ്ടത്. 2014ലെ കരടാണ് നിലവിലുള്ളത്. ജനവാസ മേഖലയെയും കൃഷിയിടങ്ങളെയും ഒഴിവാക്കിയുള്ളതാണിത്. ജനവാസ മേഖലയും കൃഷിയിടങ്ങളും തോട്ടങ്ങളും ഇനിയും ഒഴിവാക്കി കൊണ്ടുതന്നെ അന്തിമ വിജ്ഞാപനം പുറപ്പെടുവിപ്പിക്കണം.സർക്കാർ വിഷയത്തിൽ ഫല പ്രദമായി ഇടപെടണമെന്നും കൃത്യമായ റിപോർട്ട് നൽകണമെന്നും ഡീൻ കുര്യാക്കോസ് എം.പി പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.