സന്നദ്ധപ്രവർത്തകർ ഭക്ഷണം വിതരണം ചെയ്യുന്നതിന് ആരും തടസ്സം ഉന്നയിച്ചിട്ടില്ലെന്ന് മന്ത്രി കെ. രാജൻ

മേപ്പാടി: വയനാട് മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടലിന്‍റെ ഭാഗമായി സന്നദ്ധപ്രവർത്തകർ ഭക്ഷണം വിതരണം ചെയ്യുന്നതിന് ആരും തടസ്സം ഉന്നയിച്ചിട്ടില്ലെന്ന് മന്ത്രി കെ. രാജൻ. ബെയ്‍ലി പാലത്തിന് അപ്പുറത്തേക്ക് ഭക്ഷണം കൊടുക്കുന്ന കാര്യത്തിൽ സർക്കാറിന് ഭക്ഷ്യസുരക്ഷ കൂടി നോക്കണം എന്ന് പറഞ്ഞത് മാത്രമേയുള്ളൂവെന്നും മന്ത്രി വ്യക്തമാക്കി.

ഭക്ഷണവിതരണം തടയാൻ സർക്കാർ ഒരു നിർദേശവും നൽകിയിട്ടില്ല. ബെയ്‍ലി പാലത്തിനകത്തേക്ക് ഭക്ഷണം കൊടുക്കേണ്ട കാര്യത്തിൽ സർക്കാറിന് ഉറപ്പുവരുത്തണം. പുറത്ത് സന്നദ്ധപ്രവർത്തകർ എത്ര ഭക്ഷണം വേണമെങ്കിലും കൊടുത്തോട്ടേ. വാഹനങ്ങൾ അകത്തേക്ക് കൊണ്ടുവന്ന് ഷൂട്ടിങ്ങും ഭക്ഷണം കൊടുക്കലും കുറച്ച് അവസാനിപ്പിക്കുന്നത് നല്ലതാണ് -മന്ത്രി പറഞ്ഞു.

ഡേറ്റ് കഴിഞ്ഞ ബ്രഡ്, റസ്ക് എന്നിവ വിതരണം ചെയ്തെന്ന് ഒരു ചാനൽ ഇന്നലെ വാർത്ത കൊടുത്തു. ഇന്നലെ രാവിലെ ഉപ്പുമാവായിരുന്നു ഭക്ഷണം. ആരാണ് ബ്രഡും റസ്കും വിതരണം ചെയ്തത്? അങ്ങനെ ആരെങ്കിലും വിതരണം ചെയ്യുന്നുണ്ടെങ്കിൽ അതിന് പിന്നിൽ ഒരു ശ്രമമില്ലേ? അവരെ നമ്മൾ പൊതുസമൂഹത്തിന് മുന്നിൽ കൊണ്ടുവരേണ്ടേ? ഈയൊരു സാഹചര്യത്തിൽ എല്ലാവരും ഒറ്റക്കെട്ടായി നിൽക്കുകയാണ് വേണ്ടത് -മന്ത്രി പറഞ്ഞു. 

വയനാട് ദുരന്തത്തിൽ രേഖകൾ നഷ്ടപ്പെട്ടവർക്ക് ഒരു ആശങ്കയും വേണ്ടതില്ല. എല്ലാ വകുപ്പുകളേയും കൂട്ടിയോജിപ്പിച്ച് എല്ലാ രേഖകളും ഒരു കേന്ദ്രത്തിൽ ലഭ്യമാക്കുന്നതിന് പ്രത്യേക ഡ്രൈവ് തന്നെ സംഘടിപ്പിക്കും. മൊബൈലും സിം കാർഡും നഷ്ടപ്പെട്ടവർക്ക് അവ നൽകുന്നതിനുള്ള നടപടികൾ ഇന്നു മുതൽ സ്വീകരിക്കും -മന്ത്രി പറഞ്ഞു. 

യൂത്ത് ലീഗ് വൈറ്റ് ഗാർഡ് മേപ്പാടി കള്ളാടിയിൽ ഒരുക്കിയ ഊട്ടുപുര കഴിഞ്ഞദിവസം പൊലീസ് നിർത്തിവെപ്പിച്ചത് വിവാദമായിരുന്നു. സർക്കാർ തീരുമാനത്തിനെതിരെ രക്ഷാപ്രവർത്തകരും യൂത്ത് ലീ​ഗ്, കോൺ​ഗ്രസ് നേതാക്കളും രൂക്ഷവിമർശനവുമായി രം​ഗത്തെത്തുകയും സോഷ്യൽമീഡിയയിലടക്കം വ്യാപക പ്രതിഷേധമുയരുകയും ചെയ്തിരുന്നു.

Tags:    
News Summary - no one has obstructed the distribution of food by the volunteers K Rajan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.