പശ്ചാത്തല വികസനത്തിനൊപ്പം മനുഷ്യ വിഭവശേഷിയും സജ്ജമാകണം- മുഖ്യമന്ത്രി

കോഴിക്കോട്: അച്ചടി മേഖലയിലെ അടിസ്ഥാന വികസനത്തോടൊപ്പം മാനുഷിക വിഭവ ശേഷിയും സാങ്കേതികമായി സജ്ജമാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കാക്കനാട് പ്രവര്‍ത്തിക്കുന്ന എറണാകുളം ഗവണ്‍മെന്റ് പ്രസില്‍ അത്യാധുനിക സാങ്കേതികവിദ്യകളോടുകൂടിയ കമ്പ്യൂട്ടര്‍ ടു മെഷീന്റെ(സി.ടി.പി മെഷീന്‍) പ്രവര്‍ത്തന ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

പുതിയ സാങ്കേതിക വിദ്യകളില്‍ തൊഴിലാളികള്‍ക്കു പരിശീലനം നല്‍കണം. ഗസറ്റുകളും അസാധാരണ ഗസറ്റുകളും ഓണ്‍ലൈന്‍ ആയതോടെ ഗവ. പ്രസുകളിലെ ജോലികള്‍ കുറയുന്ന സ്ഥിതിയാണ്. ഈ കുറവ് പരിഹരിക്കാന്‍ ജീവനക്കാര്‍ കൂടുതല്‍ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കണം.

കേരളത്തിലെ അച്ചടി പ്രസുകള്‍ കാലാനുസൃതവും കാര്യക്ഷമവുമാകണമെന്ന സര്‍ക്കാരിന്റെ ആഗ്രഹമാണ് പുതിയ നേട്ടങ്ങളിലേക്ക് പ്രസിനെ എത്തിക്കുന്നതിന് കാരണമായത്. 72.86 ലക്ഷം രൂപ മുതല്‍മുടക്കിയാണു പുതിയ സി.ടി.പി യന്ത്രം സ്ഥാപിച്ചിരിക്കുന്നത്. അച്ചടി മേഖലയിലെ സാങ്കേതിക വിദ്യ അനുദിനം മാറിവരികയാണ്. വിവര സാങ്കേതിക വിദ്യയുടെ വികാസം ഏറ്റവുമധികം കണ്ടുവരുന്ന മേഖലകളിലൊന്നാണ് അച്ചടി മേഖല. ഇതിനനുസൃതമായി സംസ്ഥാനത്തെ ഗവ.പ്രസുകള്‍ക്കു മാറാന്‍ കഴിയുന്നുണ്ടോയെന്ന് പരിശോധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മന്ത്രി പി.രാജീവ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ ഉമ തോമസ് എം.എല്‍.എ, തൃക്കാക്കര നഗരസഭ ചെയര്‍പേഴ്സണ്‍ അജിത തങ്കപ്പന്‍, കൗണ്‍സിലര്‍ ഉണ്ണി കാക്കനാട്, അച്ചടി വകുപ്പ് ഡയറക്ടര്‍ എ.ടി. ഷിബു, ഗവ പ്രസുകളുടെ സൂപ്രണ്ട് ഇന്‍ ചാര്‍ജ്ജ് ടി. വീരാന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Tags:    
News Summary - Along with background development, human resources should also be prepared - Chief Minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.